മേയ് 15ന് ലഭിക്കും , ആട് 3 പാലക്കാട്

Sunday 11 May 2025 6:38 AM IST

ക്രിസ്മസ് റിലീസ്

ജയസൂര്യ നായകനായി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ആട് 3 മേയ് 15ന് പാലക്കാട് ചിത്രീകരണം ആരംഭിക്കും. ചിത്രത്തിന്റെ പൂജ നടന്നു. 90 ദിവസത്തെ ചിത്രീകരണമാണ് പ്ളാൻ ചെയ്യുന്നത്. ജയസൂര്യ വീണ്ടും ഷാജി പാപ്പൻ എന്ന മാസ് കഥാപാത്രമായി എത്തുന്നു. ആട് 2ൽ അഭിനയിച്ച ഒട്ടുമിക്ക താരങ്ങളും മൂന്നാം ഭാഗത്തിലുണ്ട്. ആട് 3 - വൺ ലാസ്റ്റ് റൈഡ് എന്നാണ് ചിത്രത്തിന്റെ പേര്. ക്രിസ്മസിന് റിലീസ് ചെയ്യും.

മിഥുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ 2015 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ കോമഡി സിനിമയായിരുന്നു ആട് : ഒരു ഭീകരജീവിയാണ്. ഒരു റോഡ് മൂവിയായി നിർമ്മിച്ച ചിത്രത്തിൽ ജയസൂര്യ, ഭഗത് മാനുവൽ, സൈജു കുറുപ്പ്, ധർമ്മജൻ ബോൾഗാട്ടി, വിജയ്‌ബാബു തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. തിയേറ്ററിൽ വലിയ വിജയമായില്ലെങ്കിലും ടിവിയിലൂടെയും മറ്റും ഷാജി പാപ്പനും കൂട്ടരും മലയാളികളുടെ ഇടയിൽ തരംഗമായി മാറി. 2017-ൽ പുറത്തിറങ്ങിയ ആട് 2 വൻ വിജയം നേടി. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആണ് നിർമ്മാണം. ആട് 3 ത്രിഡിയിലാകും പ്രദർശനത്തിന് എത്തുക.അതേസമയം ജയസൂര്യ, വിനായകൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിന്റെ ഒരു ഷെഡ്യൂൾ പൂർത്തിയായി. ആട് 2നു ശേഷം ജയസൂര്യയും വിനായകനും ഒരുമിക്കുന്ന ചിത്രം കൂടിയാണ്. ഡ്യൂഡ് എന്ന കഥാപാത്രമായി ആട് 3ൽ വിനായകൻ എത്തുന്നുണ്ട്.