പേവിഷബാധയിൽ കരുതൽ; പ്രതിരോധത്തിനായി സജ്ജീകരണം
കണ്ണൂർ : സംസ്ഥാനത്ത് കഴിഞ്ഞ ദിവസം വീണ്ടും പേവിഷബാധയേറ്റ് മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയെന്ന് അധികൃതർ . കേസുകൾ റിപ്പോർട്ട് ചെയ്യാൻ സാദ്ധ്യതയുണ്ടായാൽ ആശുപത്രികളിൽ അതിനുള്ള സജ്ജീകരണം ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് അധികൃതർ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ പരിശ്രമിത്തിൽ മാത്രം എ.ബി.സി കാര്യക്ഷമമായി നടത്താൻ സാധിക്കുന്നില്ല എന്നത് അധികൃതരെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണ്.നിലവിൽ ജില്ലയിൽ പടിയൂർ ഊരത്തൂരിൽ മാത്രമാണ് ആനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) കേന്ദ്രം പ്രവർത്തിക്കുന്നത്.
ബ്ലോക്ക് അടിസ്ഥാനത്തിലും കോർപ്പറേഷന്റെ നേതൃത്വത്തിലും എ.ബി.സി (ആനിമൽ ബർത്ത് കൺട്രോൾ )സെന്റർ ആരംഭിക്കണമെന്നാണ് സർക്കാർ നിർദ്ദേശിച്ചത്. അതിന്റെ ഭാഗമായി പുതിയ പദ്ധതി പ്രകാരം ബ്ലോക്ക് അടിസ്ഥാനത്തിൽ മൊബൈൽ സെന്ററുകൾ ഒരുക്കി എ.ബി.സി ചെയ്യാനുള്ള ഒരുക്കങ്ങൾ നടത്തി വരുന്നുണ്ട്.
മാലിന്യങ്ങൾ വലിച്ചെറിയുന്നത് തെരുവ് നായ്ക്കളുടെ വർദ്ധനവിന് കാരണം ആവുന്നുണ്ടെന്ന് പലപ്പോഴായി ശ്രദ്ധയിൽപ്പെടുത്തിയിട്ടും പലയിടങ്ങളിലും ആളുകൾ ബോധവാന്മാരാകാത്തതും തെരുവുനായകൾ വർദ്ധിക്കാൻ ഇടയാക്കുന്നു.നിലവിൽ ജില്ലാ പഞ്ചായത്തും തദ്ദേശ സ്ഥാപനങ്ങളും സംയുക്തമായി ക്യാമറ സ്ഥാപിച്ചത് ഒരു പരിധിവരെ ഉപകാരപ്രദമാകുന്നുണ്ട്. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ പിഴ ഈടാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളെടുക്കുന്നുണ്ട്.
വന്ധ്യംകരിച്ചത് 12,000 തെരുവുനായ്ക്കളെ തെരുവുനായ്ക്കളുടെ വന്ധ്യംകരണം ആരംഭിച്ച 2017 മുതൽ ഇതുവരെ ജില്ലയിൽ 12,000 തെരുവുനായ്ക്കളുടെ വന്ധ്യംകരണമാണ് ജില്ലാ മൃഗ സംരക്ഷണ വകുപ്പ് നടപ്പിലാക്കിയത്.പേവിഷബാധ കൂടുതലായി റിപ്പോർട്ട് ചെയ്തതോടെയാണ് 2017ൽ പടിയൂരിൽ എ.ബി.സി സെന്റർ സജ്ജമാക്കിയത്.
നായയുടെ കടിയേറ്റാൽ
പ്രാഥമിക ശുശ്രൂഷക്ക് വലിയ പ്രാധാന്യമുണ്ട്. നായയുടെ കടിയേറ്റ് മുറിവുണ്ടായാൽ ആദ്യം ചെയ്യേണ്ടത്, സോപ്പുപയോഗിച്ച് ആ മുറിവ് കഴുകുക എന്നതാണ്. വലിയ മുറിവാണെങ്കിൽ പോലും കഴുകാതെ നേരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് വിപരീത ഫലം ചെയ്യും. ഇരുപത് മിനുട്ടോളം തുടർച്ചയായി ഒഴുകുന്ന വെള്ളത്തിൽ മുറിവ് കഴുകണം. ഇങ്ങനെ നിർത്താതെ മുറിവ് കഴുകിക്കൊണ്ടിരിക്കണം. കഴുകുന്നയാളുടെ കൈയിൽ മുറിവുണ്ടാകരുത്, കൈയുറയോ മറ്റോ ഉപയോഗിക്കേണ്ടത് നിർബന്ധമാണ്.എളുപ്പം കിട്ടാവുന്ന അണുനാശിനിയായ സോപ്പ് ഉപയോഗിച്ച് ഒഴുകുന്ന വെള്ളത്തിൽ കഴുകുന്നതിലൂടെ കോശങ്ങളിലേക്ക് കടക്കുന്ന വൈറസിന്റെ അളവ് കുറക്കാം.
ജില്ലയിൽ വാക്സിനേഷന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.മറ്റ് പ്രതിരോധ പ്രവർത്തനങ്ങളപം ഊർജ്ജിതമായി തുടരുന്നുണ്ട്.മാലിന്യങ്ങൾ വലിച്ചറിയുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ തെരുവുനായ ശല്യം ഒഴിവാക്കുന്നതിന് പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
അഡ്വ.കെ.കെ.രത്നകുമാരി ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്