വീഴ്ചയിൽ നിന്ന് നിവർന്നുയർന്നു; പതിനെട്ടടവും പയറ്റിത്തെളിഞ്ഞ് പ്രകാശൻ ഗുരിക്കൾ
കണ്ണൂർ:വാർക്കപ്പണി ഉപജീവനമാർഗമാക്കി കഴിയുന്നതിനിടയിൽ പടന്നപ്പാലത്തിനടുത്ത് കോൺക്കീറ്റ് തകർന്ന് വീണ് അരയ്ക്ക് താഴെ തളർന്നുപോയതായിരുന്നു പ്രകാശൻ. വർഷങ്ങൾക്കിപ്പുറം ആറായിരത്തോളം ശിഷ്യൻമാരും നിരവധി കളരികളുമായി സമൂഹം ഏറേ ആദരവോടെ കാണുന്ന കോട്ടൂരിലെ പ്രകാശൻ ഗുരുക്കളായി (54)അറിയപ്പെടുമ്പോൾ ഈ മനുഷ്യൻ എല്ലാം തിരിച്ചുപിടിച്ചത് കളരിയിലൂടെയാണ്.
ഒരിക്കലും ചലന ശേഷി വീണ്ടു കിട്ടില്ലെന്ന് കരുതിയയിടത്ത് നിന്ന് തിരിച്ചു വന്നാണ് കളരിയിലൂടെ തിരിച്ചുവന്നത്. ചെറുപ്പത്തിൽ കളരി പഠിച്ചതാണ്. നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് നെയ്ത്ത് തൊഴിലാളിയായ അച്ഛൻ ചെറിയ കടവിൽ കൃഷ്ണൻ വിട പറഞ്ഞത്. അതോടെ കുടുംബം കടുത്ത ദാരിദ്രത്തിലായി.പഠനത്തോടൊപ്പം ബീഡി തെറുപ്പിന് പോയി. കളരിയോടുള്ള താത്പര്യമറിഞ്ഞ് അമ്മാവനായ ഗംഗാധരൻ ഗുരുക്കൾ സമ്മതം മൂളി. പെരളശേരിയിലെ പ്രധാന കളരി ആശാനായ കൃഷ്ണൻ ഗുരുക്കളിൽ നിന്നായിരുന്നു തുടക്കം. എന്നാൽ അതിദാരിദ്ര്യം പ്രതിസന്ധിയായപ്പോൾ കോൺക്രീറ്റ് പണിയിലേക്ക് മാറേണ്ടിവന്നു.
ജോലിക്കിടെ അപകടം
പടന്നപ്പാലത്ത് ജോലിക്കിടെ പലക വലിക്കുമ്പോൾ ശരീരത്തിലേക്ക് കോൺക്രീറ്റ് തകർന്നുണ്ടായ അപകടം ജീവിതം തന്നെ മാറ്റിമറിച്ചു. തലയൊഴിച്ച് ശരീരം മുഴുവൻ കോൺക്രീറ്റിനടിയിൽ പെട്ടു. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അരക്ക് താഴെ തളർന്ന നിലയിലായിരുന്നു. നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്നായി ഡോക്ടർമാർ. വൻ പണച്ചിലവ് വേണ്ടിവരുമെന്നതിനാൽ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുവന്നു. ഒരു വർഷത്തോളം കളരി മർമ്മ ചികിത്സ നടത്തി.ഒടുവിൽ പതിയെ എഴുന്നേറ്റ് നിൽക്കാനും ചുവട് വയ്ക്കാനും തുടങ്ങി. വീഴ്ചയിൽ നിന്ന് പുതുജീവൻ നൽകിയ കളരിക്ക് ജീവിതം സമർപ്പിക്കാനുള്ള തീരുമാനമെടുത്തത് അങ്ങനെയാണ്. ചിറക്കലെ ഗോവിന്ദൻ ഗുരുക്കളിൽ നിന്നും കളരിയുടെ കൂടുതൽ പാഠങ്ങൾ പഠിച്ചു. ഒപ്പം കളരിയും ചികിത്സയും തുടർന്നു.അങ്ങനെ പ്രകാശൻ പ്രകാശൻ ഗുരുക്കളായി.കോട്ടൂരിൽ ജ്യോതിസ് കളരി സംഘം എന്ന പേരിൽ കളരിയും തുടങ്ങി. അപകടം മൂലവും മറ്റും നിവർന്ന് നിൽക്കാൻ ആകാത്തവരെ ചികിത്സിച്ചു ഭേദമാക്കാൻ തുടങ്ങി. രാവിലേയും വൈകീട്ടും കുട്ടികൾക്ക് കളരി പരിശീലനവും ആരംഭിച്ചു. പ്രതിഫലമായി കളരിത്തറയിൽ വിളക്ക് വയ്ക്കാനുള്ള വെളിച്ചെണ്ണ മാത്രമാണ് ഇദ്ദേഹം സ്വീകരിക്കുന്നത്. സഹായിയായി വി. പ്രസാദും കൂടെയുണ്ട്. പ്രകാശന്റെ ഭാര്യ റീനയും പരിശീലനത്തിലും ചികിത്സയിലും സഹായിക്കുന്നു. മക്കളായ തീർത്ഥ, ആദിൽ എന്നിവർ കളരിയിൽ സംസ്ഥാന ദേശീയ ചാമ്പ്യന്മാരാണ്.
ആറായിരത്തിലെത്തിയ ശിഷ്യസമ്പത്ത്
ഇതിനകം 6000 ലേറെ പേരെ പരിശീലിപ്പിച്ചതായി പ്രകാശൻ ഗുരുക്കൾ പറഞ്ഞു. തിരുവനന്തപുരം കരിങ്കുളം പഞ്ചായത്ത്, പുതിയ തിറ, കടമ്പൂർ, പനേരിച്ചാൽ, ഇരിവേരി, കടാച്ചിറ എന്നിവിടങ്ങളിൽ പരിശീലനം നൽകുന്നുണ്ട്. പ്രയാഗ്രാജിലെ പൂർണ കുംഭമേളയിൽ കളരിപ്പയറ്റ് പ്രദർശനം നടത്തിയിട്ടുണ്ട്.