അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; ജമ്മുവില്‍ സ്‌ഫോടന ശബ്ദം, വെടിനിര്‍ത്തല്‍ എവിടെയെന്ന് ഒമര്‍ അബ്ദുള്ള
ശ്രീനഗര്‍: വെടിനിര്‍ത്തലിന് ധാരണയായി മണിക്കൂറുകള്‍ പിന്നിടുന്നതിന് മുമ്പ് വാക്ക് തെറ്റിച്ച് പാകിസ്ഥാന്‍. ജമ്മു അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചുവെന്നാണ് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ആരോപിക്കുന്നത്. ശ്രീനഗറിലാകെ സ്‌ഫോടന ശബ്ദം കേട്ടുവെന്നാണ് എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ അദ്ദേഹം ആരോപിക്കുന്നത്. ജമ്മു കാശ്മീരില്‍ നിയന്ത്രണ രേഖലയില്‍ നിരവധി സ്ഥലങ്ങളില്‍ പാകിസ്ഥാന്‍ വെടിവയ്പ്പും ഷെല്ലിംഗും നടത്തിയെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വെടിനിര്‍ത്തലിന് എന്താണ് സംഭവിച്ചതെന്നാണ് ഒമര്‍ അബ്ദുള്ള സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പില്‍ ചോദിക്കുന്നത്. ഉദംപുരില്‍ പാകിസ്ഥാനി ഡ്രോണ്‍ ആക്രമണ ശ്രമം വ്യോമസേന പരാജയപ്പെടുത്തിയതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തലിന് ധാരണയായത്. സൈനിക തലത്തില്‍ തിങ്കളാഴ്ച ചര്‍ച്ച നടത്താനും തീരുമാനിച്ചിരുന്നു.
This is no ceasefire. The air defence units in the middle of Srinagar just opened up. pic.twitter.com/HjRh2V3iNW
— Omar Abdullah (@OmarAbdullah) May 10, 2025
വെടിനിര്‍ത്തലിന് ധാരണയായെങ്കിലും പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി തുടരും. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചുവെങ്കിലും ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടം തുടരുമെന്നും വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ അറിയിച്ചിരുന്നു.
അതിര്‍ത്തിയില്‍ വെടിനിര്‍ത്തലിന് ധാരണയായതിന് പിന്നാലെ ഇന്ത്യക്ക് മുന്നില്‍ വ്യോമപാത തുറന്ന് പാകിസ്ഥാന്‍. പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ ശക്തമായ നടപടികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാകിസ്ഥാന്‍ വ്യോമപാത ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് മുന്നില്‍ അടച്ചിട്ടത്. ഇതിന് ബദലായി ഇന്ത്യയും വ്യോമാതിര്‍ത്തി അടച്ചിരുന്നു.