ബിരിക്കുളത്തേക്ക് ദാഹനീരുമായി ഓട്ടോയെത്തും; ജനാർദ്ദനന്റെ പുണ്യം പതിനഞ്ചാംവർഷത്തിലേക്ക്
ബിരിക്കുളം( കാസർകോട്):പതിനഞ്ചു കൊല്ലം മുമ്പ് സ്വന്തം വീട്ടിലെ കിണറിൽ നിന്നുള്ള ശുദ്ധമായ കുടിവെള്ളം ബിരിക്കുളം ടൗണിൽ എത്തിച്ചു നഗരവാസികളുടെ ദാഹം അകറ്റാൻ തുടങ്ങിയ ജനാർദ്ദനൻ തന്റെ അമ്പത്തിരണ്ടാം വയസിലും തന്റെ ദൗത്യം മുടങ്ങാതെ തുടരുകയാണ്.
രണ്ടു കിലോമീറ്റർ അകലെയുള്ള കോളംകുളത്തെ വീട്ടിൽ നിന്നും രണ്ടും മൂന്നും തവണ കിണർ വെള്ളം എത്തിച്ച് ബിരിക്കുളം ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ 25 ലിറ്റർ സ്റ്റീൽ ജാറിൽ നിറയ്ക്കും. ചുട്ടുപൊള്ളുന്ന വേനൽചൂടിൽ ജനാർദ്ദനൻ എത്തിക്കുന്ന തെളിനീർ യാത്രക്കാർക്കും ടൗണിലെ തൊഴിലാളികൾക്കും വ്യാപാര സ്ഥാപനങ്ങളുടെ ഉടമകൾക്കും ജീവനക്കാർക്കും നൽകുന്ന ആശ്വാസം ചെറുതല്ല. ശുദ്ധജല ക്ഷാമം ഏറെയുള്ള പ്രദേശമാണ് ബിരിക്കുളം. മുപ്പത് വർഷമായി ടൗണിലെ ഓട്ടോ ഡ്രൈവറാണ് ജനാർദ്ദനൻ.
മുമ്പൊരു അവധി ദിവസം കടകളെല്ലാം അടഞ്ഞുകിടന്നപ്പോൾ തുറന്ന തട്ടുകടയുടെ മുന്നിൽ ഒരിറ്റ് വെള്ളത്തിനായി കാത്തുനിന്ന കുട്ടിയുടെ ദൈന്യത കണ്ടു വിഷമം തോന്നിയ ജീവകാരുണ്യ പ്രവർത്തകൻ ഇബ്രാഹിം കുട്ടി ഹാജി എന്നയാൾ ടൗണിൽ കുടിവെള്ള വിതരണത്തിന് സൗകര്യം ഒരുക്കാൻ സഹായം തേടിയതാണ് ജനാർദ്ദനന്റെ കുടിവെള്ളവിതരണത്തിന് തുടക്കം. പാമ്പങ്ങാനത്തെ പറമ്പ് നോക്കാൻ വന്നതായിരുന്നു ഹാജി. ഹാജിയുടെ അഭ്യർത്ഥന കേട്ട ജനാർദ്ദനൻ ഈ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. ഇബ്രാഹിം ഹാജിയാണ് 25 ലിറ്ററിന്റെ സ്റ്റീൽ ജാർ വാങ്ങിച്ചു നൽകിയത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ജാർ ഇരുമ്പ് ഗ്രില്ലിൽ ഉറപ്പിച്ച് ഗ്ലാസുകളും വെച്ചു. ടൗണിലെ ബോർവെല്ലിൽ നിന്ന് വെള്ളം എടുത്തപ്പോൾ അരുചി. അതോടെ ജനാർദ്ദനൻ വീട്ടിലെ കിണറിൽ നിന്ന് വെള്ളം കൊണ്ടുവന്നു തുടങ്ങി.
ചൂടുള്ള ദിവസങ്ങളിൽ മൂന്ന് തവണ വെള്ളം എത്തിക്കുന്ന ഇദ്ദേഹം എത്ര ദൂരം ഓട്ടം പോയാലും പതിവ് മുടക്കാറില്ല. ദാഹനീർ നൽകുന്ന ദൗത്യം മുടങ്ങാതെ കൊണ്ടുപോകുന്ന ഓട്ടോ തൊഴിലാളി യൂണിയൻ നേതാവ് കൂടിയായ ഇദ്ദേഹത്തെ ബിരിക്കുളത്തെ പൗരാവലി ആദരിച്ചിട്ടുമുണ്ട്.
അരയാൽ നട്ടും, ബസ് കാത്തിരിപ്പ് കേന്ദ്രം പണിതും
ബസ് യാത്രക്കാർക്ക് കാത്തിരിക്കാൻ ഇടമില്ലാതെ ബുദ്ധിമുട്ടിയപ്പോൾ വീടിനടുത്ത് സ്വന്തം ചിലവിൽ ബസ് കാത്തിരിപ്പ് കേന്ദ്രം പണിത ചരിത്രവും ഈ ഓട്ടോതൊഴിലാളിക്കുണ്ട്. ആരോടും ഒരു രൂപ പോലും വാങ്ങാതെയാണ് ഈ ദൗത്യം പൂർത്തിയാക്കിയത്. ബിരിക്കുളം ടൗണിൽ തണലിനായി അരയാൽ നട്ടുവളർത്തിയതും ഇദ്ദേഹമാണ്. 'അരയാൽ അരയോളം പൊക്കം വച്ചാൽ വെച്ചവർ മരിക്കും' എന്ന ചൊല്ല് ഓർമ്മിപ്പിച്ച് പിന്തിരിപ്പിക്കാൻ പലരും നോക്കിയെങ്കിലും ജനാർദ്ദനൻ വഴങ്ങിയില്ല.സവിതയാണ് ഭാര്യ. വിദ്യാർത്ഥികളായ ജസ്നവ്, ശ്രീനന്ദ് എന്നിവർ മക്കളാണ്.