എന്റെ കേരളം പ്രദർശന വിപണന മേള: സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലാബ് റെഡി, മൂന്നുമണിക്കൂറിൽ ഫലം

Sunday 11 May 2025 1:43 AM IST

ആലപ്പുഴ: ഏതുതരം മണ്ണും മൂന്ന് മണിക്കൂറിനുള്ളിൽ പരിശോധിച്ച് ഫലം പറയും. എന്റെ കേരളം പ്രദർശന വിപണന മേളയിലാണ് സഞ്ചരിക്കുന്ന മണ്ണ് പരിശോധനാ ലാബ് എത്തിയിരിക്കുന്നത്. ഈ ലാബിലൂടെ മണ്ണ് പരിശോധന നടത്തി കൃത്യമായി കൃഷി ചെയ്തു തുടങ്ങാം. ഇതോടെ മണ്ണറിഞ്ഞ് വളം ചെയ്യാനാകും. പി.എച്ച് മീറ്റർ, കണ്ടക്ടിവിറ്റി മീറ്റർ, ഫ്ലെയിം ഫോട്ടോ മീറ്റർ, കളോറി മീറ്റർ എന്നിവ ലാബിൽ സജ്ജീകരിച്ചിട്ടുണ്ട്. പരിശോധനയ്ക്കായി എടുക്കുന്ന സാമ്പിൾ കൃഷിസ്ഥലത്തെ മുഴുവൻ പ്രതിനിധീകരിക്കുന്നതായിരിക്കണം. ഓരോ പ്രദേശത്തെയും മണ്ണിന്റെ ഘടന, ആഴം, സ്ഥലത്തിന്റെ ചരിവ്, നീർവാർച്ച സൗകര്യങ്ങൾ, ചെടികളുടെ വളർച്ച എന്നിവയുടെ അടിസ്ഥാനത്തിൽ ഓരോ കൃഷിയിടത്തിൽ നിന്ന് പ്രത്യേക സാമ്പിളുകൾ എടുക്കണം. മൺവെട്ടി ഉപയോഗിച്ച് വി ആകൃതിയിൽ മണ്ണ് വെട്ടിയെടുക്കേണ്ടതും പ്രധാനമാണ്‌. വോക്ക്ലി - ബ്ലാക്ക് ക്രോമിക് മെത്തേഡ് ആൻഡ് ഡത്ത അറ്റ് ആൾ മെത്തേഡ്, ന്യൂട്രൽ അമോണിയം അസറ്റേറ്റ് മെതേഡ്, ബ്രേയ്സ് മെതേഡ്, ഓൾസെൻസ് മെതേഡ് തുടങ്ങിയ ഉപാധികൾ ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്. അസിസ്റ്റന്റ് സോയിൽ കെമിസ്റ്റ് കെ.ആർ.ചിത്ര, കൃഷി ഓഫീസർ സുചിത്ര.ബി.ഷേണായ്, സൈന്റിഫിക് അസിസ്റ്റന്റ് പി.എസ്.ശശികല തുടങ്ങിയവർക്കാണ് പരിശോധനയുടെ ചുമതല.