108 ആംബുലൻസ് ജീവനക്കാർക്ക് മർദ്ദനമേറ്റു

Sunday 11 May 2025 1:37 AM IST

വിഴിഞ്ഞം: രോഗിയെ ആശുപത്രിയിലെത്തിക്കാൻ എത്തിയ 108 ആംബുലൻസിലെ നഴ്സിനും ഡ്രൈവർക്കും മർദ്ദനമേറ്റു. നഴ്സ് അമ്പൂരി തുടിയൻകോണം കാവുവിള വീട്ടിൽ അനുബാബുവിനാണ് (29) മർദ്ദനത്തിൽ ഗുരുതര പരിക്കേറ്റത്. ഡ്രൈവർ രാജേഷിനും പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി 10.50ഓടെയായിരുന്നു സംഭവം.

കോട്ടുകാൽ പഞ്ചായത്ത് ഓഫീസിന് സമീപം താമസിക്കുന്ന അജി എന്നയാളിന് ശ്വാസതടസം നേരിട്ടതായി വിവരം കിട്ടിയതനുസരിച്ച്, 108 ആംബുലൻസുമായി എത്തുകയായിരുന്നു. എന്നാൽ രോഗിക്കൊപ്പം ആശുപത്രിയിൽ പോകാൻ ആരുമില്ലായിരുന്നു. ഡ്രൈവർ രാജേഷ് എത്തി സമീപത്ത് താമസിക്കുന്ന സഹോദരൻ ബിജുവിനെ വിളിച്ചുവെങ്കിലും വരാൻ കൂട്ടാക്കിയില്ല. തുടർന്ന് രാജേഷും അനുബാബുവും എത്തി വിളിച്ചപ്പോൾ ഇവർക്ക് നേരെ അസഭ്യം വിളിച്ച ശേഷം,രാജേഷിന്റെ കൈപിടിച്ച് തിരിക്കുകയും അനുബാബുവിന്റെ കൈയിൽ ഗേറ്റ് പിടിച്ച് അടിക്കുകയും ചെയ്തതായി പരാതിയിലുണ്ട്. നഴ്സിന്റെ ഇടതുതോളിൽ പൊട്ടലേറ്റു. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും വിഴിഞ്ഞം പൊലീസ് പറഞ്ഞു.