ഗുരുവായൂരിൽ രണ്ട് വീടുകളിൽ മോഷണം: മൂന്ന് പവന്റെ മാലയും രണ്ട് ഗ്രാമിന്റെ കമ്മലും കവർന്നു

Saturday 10 May 2025 11:59 PM IST

ഗുരുവായൂർ: മാവിൻചുവട് ക്ഷേത്രായൂർ ഫാർമസിക്കടുത്ത് രണ്ട് വീടുകളിൽ മോഷണം. ശനിയാഴ്ച പുലർച്ചെ 5.10ഓടെയാണ് സംഭവം നടന്നത്. അമ്പാടി നഗറിൽ ഈശ്വരീയം പരമേശ്വരൻ നായരുടെ ഭാര്യ കനകകുമാരി (62) വീട്ടിലെ പൂജാമുറിയിൽ പ്രാർത്ഥിച്ച് നിൽക്കേയാണ് മതിൽ ചാടിക്കടന്ന് മോഷ്ടാവ് മുറിയിലെത്തി മാല പൊട്ടിച്ചെടുത്തത്. പിടിവലിക്കിടെ മാലയിലെ താലിയും ഗുരുവായൂരപ്പന്റെ സ്വർണലോക്കറ്റും കൊളുത്തഴിഞ്ഞ് താഴെ വീണു. മാല കൈക്കലാക്കിയ മോഷ്ടാവ് മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടു. വിദ്യാഭ്യാസ വകുപ്പിലെ റിട്ടയേഡ് ഉദ്യോഗസ്ഥനായ ആലപ്പുഴ സ്വദേശി പരമേശ്വരൻ നായർ ആറ് മാസം മുമ്പാണ് ഇവിടെ താമസമാക്കിയത്. സഹോദരിയുടെ മകളും ഭർത്താവും ഇവരോടൊപ്പമുണ്ട്. സംഭവ സമയം വീട്ടിലെ മറ്റുള്ളവർ ഉറക്കത്തിലായിരുന്നു. കനകകുമാരി ദിവസവും നേരത്തെ എഴുന്നേറ്റ് പൂജാമുറിയിൽ പ്രാർത്ഥിക്കാറുണ്ട്. ഈ സമയത്ത് വീടിന് മുന്നിലെ വാതിൽ തുറന്നിടാറുണ്ട്. ഗേറ്റ് പൂട്ടിയാണ് കിടക്കാറുള്ളത്. മൂന്ന് പവൻ വരുന്ന മാലയാണ് നഷ്ടപ്പെട്ടതെന്ന് കനകകുമാരി പറഞ്ഞു. ചുവന്ന ടീഷർട്ടും കറുത്ത മുണ്ടും ധരിച്ച അഞ്ചര അടിയിലധികം ഉയരമുള്ളയാളാണ് മോഷ്ടാവെന്ന് അവർ പറഞ്ഞു. മാല പിടിച്ചു വലിച്ച് പൊട്ടിച്ചതല്ലാതെ ദേഹോപദ്രവം ഏൽപ്പിച്ചില്ലെന്നും പറഞ്ഞു. തൊട്ടടുത്തുള്ള ചിറ്റിലിപ്പിള്ളി സെബാസ്റ്റ്യന്റെ വീട്ടിലും മോഷണം നടന്നു. പൂട്ടിക്കിടന്ന വീട് താക്കോൽ ഉപയോഗിച്ച് തുറന്ന് അകത്ത് കടന്നായിരുന്നു മോഷണം. സെബാസ്റ്റിന്റെ ഭാര്യ ജിന്നി ബാഗിൽ സൂക്ഷിച്ചിരുന്ന രണ്ട് ഗ്രാം വരുന്ന കമ്മലും 500 രൂപയുമാണ് നഷ്ടപ്പെട്ടത്. തമിഴ്‌നാട്ടിൽ ജോലി ചെയ്യുന്ന സെബാസ്റ്റ്യൻ രാത്രിയിലെ ട്രെയിനിലാണ് ജോലി സ്ഥലത്തേക്ക് പോയത്. ഭാര്യ ജിന്നിയും മക്കളും തിരുവെങ്കിടം സെന്റ് ആന്റണീസ് പള്ളിക്ക് സമീപമുള്ള സഹോദരന്റെ വീട്ടിലായിരുന്നു. രാവിലെ മകൻ ധാൻ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. മുറിയാകെ വാരിവലിച്ചിട്ട നിലയിലായിരുന്നു. ഗുരുവായൂർ പൊലീസ് അന്വേഷണം തുടങ്ങി.