പരീക്ഷക്കെത്തിയ ഉദ്യോഗാർത്ഥികളുടെ പണം മോഷ്ടിച്ചു
പഴയങ്ങാടി: മാടായി ഗവ. ബോയ്സ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ പി.എസ്.സി പരീക്ഷ എഴുതാൻ എത്തിയ ഉദ്യോഗാർത്ഥികളുടെ പണം മോഷണം പോയതായി പരാതി. ഇന്നലെ ഉച്ചക്ക് ഒന്നരക്ക് ആരംഭിച്ച ഡിവിഷനൽ അക്കൗണ്ടന്റ് ഓഫീസർ പ്രീമിലനറി പരീക്ഷ എഴുതാൻ എത്തിയ പത്തോളം വിദ്യാർത്ഥികളുടെ പണവും കൂളിംഗ് ഗ്ലാസും ആണ് മോഷണം പോയത്. പോക്കറ്റ് മണിക്കായി ബാഗുകളിൽ സൂക്ഷിച്ച പണമാണ് കവർന്നത്.
പരീക്ഷ നടപടിക്രമം എന്ന നിലയിൽ പരീക്ഷയ്ക്ക് മുമ്പായി സ്കൂളിലെ ക്ലോക്ക് റൂമിൽ സൂക്ഷിച്ച ഉദ്യോഗാർത്ഥികളുടെ പത്തോളം ബാഗുകളിൽ നിന്നായി 500 രൂപ വീതമാണ് മോഷണം പോയത്. കൂടെ പത്തായിരം രൂപ വിലമതിക്കുന്ന ഉദ്യോഗാർത്ഥിയുടെ കൂളിംഗ് ഗ്ലാസും മോഷണം പോയി. പഴയങ്ങാടി പൊലീസ് സംഭവം സ്ഥലം സന്ദർശിച്ചു പരിശോധന നടത്തി.
സ്കൂളിലെ പ്രധാന അദ്ധ്യാപിക എം ഹൈമ വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. പണം നഷ്ടപ്പെട്ട പലർക്കും ബസ് യാത്രയ്ക്കുള്ള പണം പോലും ഇല്ലാതെ വിഷമിച്ചു. കൂടെയുള്ള ഉദ്യോഗാർത്ഥികളുടെ സഹായത്തോടെയാണ് ഇവർ വീടുകളിലേക്ക് യാത്രയായത്. 102 ഉദ്യോഗാർത്ഥികളാണ് ഇവിടെ പരീക്ഷയെഴുതിയത്.