അന്യസംസ്ഥാന തൊഴിലാളികളിൽ നിന്ന് 10 കിലോഗ്രാം കഞ്ചാവ് പിടികൂടി

Sunday 11 May 2025 1:00 AM IST

കണ്ണൂർ: വില്പനക്കായി എത്തിച്ച പത്ത് കിലോഗ്രാം കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. ഒറീസ സ്വദേശികളായ ഉപേന്ദ്രനായിക് (27), ബിശ്വജിത് കണ്ടെത്രയാ (19) എന്നിവരെയാണ് എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗം പി.വി.ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂരിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ നടത്തിയ റെയ്ഡിൽ പിടികൂടിയത്.

കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്ക്വാഡിന്റെ അധിക ചുമതലയുള്ള സർക്കിൾ ഇൻസ്‌പെക്ടർ അരുൺ അശോകിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഒറീസയിൽ നിന്നും വൻ തോതിൽ കഞ്ചാവ് കേരളത്തിൽ എത്തിച്ചു വിൽപ്പന നടത്തുന്ന സംഘത്തിൽപ്പെട്ടവരാണ് പിടിയിലായത്. ഇതര സംസ്ഥാനത്തു നിന്നും കഞ്ചാവ് എത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു ഇരുവരും.

പ്രതികളെ പിടിക്കുന്നതിനു കേരള എ.ടി.എസ്സിന്റെ സഹായവുമുണ്ടായിരുന്നു. റെയ്ഡിൽ അസി. ഇസ്പെക്ടർമാരായ സന്തോഷ്‌ തൂണോളി, പി.കെ.അനിൽകുമാർ, ആർ.പി.അബ്ദുൽ നാസർ, സി.പുരുഷോത്തമൻ, പ്രിവന്റീവ് ഓഫീസർമാരായ എം.സി.വിനോദ്, പി.പി.സുഹൈൽ, പി.ജലീഷ്, അസി. എക്സൈസ് ഇൻസ്‌പെക്ടർ ഡ്രൈവർ സി.അജിത്, പ്രദീപൻ, സിവിൽ എക്സൈസ് ഓഫീസർമാരായ അജ്മൽ, ഫസൽ എന്നിവരും ഉണ്ടായിരുന്നു.