വിനോദയാത്രാ സംഘത്തിലെ കുട്ടി മരിച്ച സംഭവം: പൊലീസ് അന്വേഷണം തുടങ്ങി

Sunday 11 May 2025 1:02 AM IST

അടിമാലി: വിനോദയാത്രാ സംഘത്തിലെ ഒമ്പതുവയസുകാരൻ മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. യാത്രയ്ക്കിടെ ഭക്ഷ്യവിഷബാധ ഉണ്ടായതാണെന്നാണ് സംശയം. അടൂർ ചുരക്കുഴ കൊച്ചയത്ത് വൈശാഖാണ് (9) മരിച്ചത്. അടൂരിൽ നിന്ന് മൂന്നാറിനു പോയതായിരുന്നു കുടുംബം. വൈശാഖിന്റെ പിതാവിന്റെ അനുജനും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനുമായ കെ. അജയനും ഭാര്യയ്ക്കും മകൾക്കും ഒപ്പമായിരുന്നു യാത്ര. വൈശാഖിന്റെ അനുജനും കൂടെയുണ്ടായിരുന്നു. വ്യാഴം വൈകിട്ടോടെ മൂന്നാർ ഇക്കാനഗറിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം പാഴ്സലായി വാങ്ങി താമസിച്ചിരുന്ന ഹോം സ്റ്റേയിൽ വച്ച് കഴിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് കുട്ടിക്ക് അസ്വസ്ഥതയുണ്ടായത്. എന്നാൽ കൂടെയുണ്ടായിരുന്ന മറ്റുള്ളവർക്ക് ശാരീരിക ബുദ്ധിമുട്ടുണ്ടായില്ല. പിന്നീട് വട്ടവടയിലേക്ക് പോയ ഇവർ അവിടെ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. കുട്ടിക്ക് ഛർദ്ദിയും മറ്റ് ശാരീരിക ബുദ്ധിമുട്ടും വർദ്ധിച്ചതോടെ വട്ടവടയിലുള്ള സ്വകാര്യ ക്ലിനിക്കിൽ പ്രവേശിപ്പിച്ചു. പിന്നീട് മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വൈകിട്ടോടെ കുട്ടി അവശനിലയിലായതോടെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. ആരോഗ്യവകുപ്പ് അധികൃതർ മൂന്നാറിലെ ഹോട്ടലിൽ പരിശോധന നടത്തിയെങ്കിലും പഴകിയ ഭക്ഷണപദാർത്ഥങ്ങളൊന്നും കണ്ടെത്താനായില്ല. അതേദിവസം 1500 പേർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. എന്നാൽ മറ്റാർക്കും ഭക്ഷ്യ വിഷബാധയേറ്റതായി സൂചനയില്ല. പിന്നീട് ഹോട്ടലിലേക്ക് ഭക്ഷണസാധനങ്ങളെത്തിക്കുന്ന സ്ഥാപനങ്ങളിലും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് മൂന്നാർ പൊലീസ് പറഞ്ഞു.

യാത്രാ സംഘത്തിലെ മറ്റ് രണ്ടു കുട്ടികളും കോതമംഗലത്തെ ആശുപ്രതിയിൽ ചികിത്സയിലാണ്. മൂന്നാർ പൊലീസ് എസ്.എച്ച്.ഒ രാജൻ കെ. അരമനയുടെ നേതൃത്വത്തിലാണ് അന്വേഷണം.