ഇന്ത്യയുടെ വിജയം, വാക്കിനു വിലയില്ലാതെ പാകിസ്ഥാൻ
ഇന്ത്യയും പാകിസ്ഥാനും വെടിനിറുത്താനെടുത്ത തീരുമാനം എല്ലാ അർത്ഥത്തിലും ഇന്ത്യയുടെ സൈനിക- നയതന്ത്ര വിജയമായിരുന്നു.
ഏപ്രിൽ 22ന് പഹൽഗാമിൽ നടന്ന കൂട്ടക്കുരുതിയുടെ ഉത്തരവാദികൾക്ക് കൃത്യമായ മറുപടി കൊടുക്കുകയായിരുന്നു ഇന്ത്യൻ ലക്ഷ്യം. അത് കൃത്യമായി ഒൻപത് സ്ഥലങ്ങളിൽ ഭീകരവാദികളെ വകവരുത്തി നിറവേറ്റി.എന്നാൽ ഇപ്പോൾ ചോദിച്ചു വാങ്ങിയ വെടിനിർത്തൽ സ്വന്തം സൈനികരെക്കൊണ്ടുപോലും അനുസരിപ്പിക്കാൻ കഴിയാത്ത രാഷ്ട്രീയ ഭരണ നേതൃത്വമാണ് പാകിസ്ഥാനെ കുഴയ്ക്കുന്നത്. ഷഹബാസ് ഷെരീഫ് ഭരണകൂടം അംഗീകരിച്ച വെടി നിറുത്തൽ കരാർ പാക് മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ തീർപ്പുകൽപ്പിച്ചിട്ടും രാത്രി ഇന്ത്യൻ അതിർത്തിയിൽ ഉടനീളം ഡ്രോണും ഷെല്ലും ഉപയോഗിച്ചു നടത്തിയ ആക്രമണം ഒരു കാര്യം വ്യക്തമാക്കുന്നു ,പാക് സേനയിൽ ഭീകരരുടെ സ്വാധീനം ശക്തമാണെന്ന്. സേനയിൽ ഭീകരരെ അനുകൂലിക്കുന്നവരും മിതവാദികളും തമ്മിലുള്ള ഭിന്നതയിൽ ഭീകരവാദികളുടെ പക്ഷം മേൽക്കൈ നേടിയതിന്റെ സൂചനകളാണ് ഈ ധാരണാലംഘനത്തിനു പിന്നിൽ.മാത്രമല്ല സിവിലിയൻ ഭരണകൂടം സ്വീകരിക്കുന്ന നിലപാട് പാക് സേന അംഗീകരിക്കുന്നുമില്ല.
എക്കാലത്തും തീവ്രവാദികളെ ഉപയോഗിച്ചുള്ള നിഴൽ യുദ്ധമായിരുന്നു പാകിസ്ഥാൻ നടത്തിവന്നത്. യുദ്ധത്തിന് കാരണമാകാൻ സാദ്ധ്യതയില്ലാത്ത ഈ തന്ത്രം പാകിസ്ഥാന് വലിയ നേട്ടങ്ങൾക്കും ഇന്ത്യയിൽ പ്രതിസന്ധികൾക്കും വഴിവച്ചിരുന്നു. അതേറ്റവും ബാധിച്ചത് കാശ്മീരിലെ ജനജീവിതത്തെയും സാമുദായിക ബന്ധങ്ങളെയുമാണ്. ഇനി ഇത്തരം നിഴൽ യുദ്ധങ്ങൾ വിലപ്പോവില്ലെന്ന സന്ദേശംകൂടിയാണ് ഇന്ത്യയുടെ പ്രത്യാക്രമണം. തീവ്രവാദി അക്രമത്തിന് സൈനിക നടപടിയാണ് ഇന്ത്യയുടെ ഇനിയുള്ള രീതി.
ഇന്ത്യയുടെ പ്രതികരണം കൃത്യവും ശക്തവും ലക്ഷ്യബോധവും ഉള്ളതായിരുന്നു. ഒരു നീണ്ട യുദ്ധം പാക് ജനതയുടെ മേൽ അടിച്ചേൽപ്പിക്കാൻ ഇന്ത്യക്ക് താത്പര്യമില്ലായിരുന്നു. എന്നാൽ തീവ്രവാദ ആക്രമണങ്ങൾ വച്ചു പൊറുപ്പിക്കുകയുമില്ല.
സിന്ദൂര പ്രതികാരം
ഭാരതീയ വീര നാരികളുടെ സിന്ദൂര പ്രതികാരം പാകിസ്ഥാന് സഹിക്കാനാവുന്നതിന് അപ്പുറമാണ്. കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി പഹൽഗാമിലെ പുൽത്തകിടിയിൽ പ്രിയതമന്റെ മൃതദേഹത്തിന് സമീപമിരുന്ന കാഴ്ച ഏതൊരു ഭാരതീയനെയും ഭാരതീയ സ്ത്രീത്വത്തെയും വേദനിപ്പിക്കുന്നതായിരുന്നു. അതിനപ്പുറമായിരുന്നു സിന്ദൂര പ്രതികാരത്തിൽ പാകിസ്ഥാനേറ്റ അപമാനം. ഈ അപമാനം മറച്ചുപിടിക്കാനാണ് പ്രത്യാക്രമണമെന്ന പേരിൽ ലക്ഷ്യബോധമില്ലാതെ ഷെല്ലുകളും ഡ്രോണുകളും തൊടുത്ത് അതിർത്തിപ്രദേശം സംഘർഷഭരിതമാക്കിയത്. ഇന്ത്യയുടെ ഉള്ളിലേക്ക് കടന്ന് ആക്രമിക്കാൻ പാകിസ്ഥാൻ ഭയന്നിരുന്നു. അതിനാലാണ് സിവിലിയൻ വ്യോമപാതയുടെ മറവിൽ ഡ്രോണുകളും ചെറുമിസൈലുകളും അയച്ചത്.
ദുർബലമായ പാകിസ്ഥാന്റെ ചിത്രം ഇവിടെ തെളിഞ്ഞുവരുന്നുണ്ട്. സാമ്പത്തികമായി അടിപതറിയ പാകിസ്ഥാന് യുദ്ധം മുന്നോട്ട് കൊണ്ടുപോകാനുള്ള ശേഷിയില്ല. ഐ.എം.എഫിൽ നിന്ന് കിട്ടിയ ധനസഹായം തന്നെ യുദ്ധം നിറുത്താമെന്ന ധാരണയിൽ ആയിരിക്കുമെന്നതിൽ സംശയമില്ല. അത് ഇന്ത്യയുടെ ദയാദാക്ഷിണ്യം കൂടിയാണ്. രാഷ്ട്രീയ അസ്ഥിരത പാക് സൈന്യത്തെയും രാഷ്ട്രീയ നേതൃത്വത്തെയും പല തട്ടുകളിൽ ആക്കിയിട്ടുണ്ട്. ആഭ്യന്തര പ്രശ്നങ്ങൾ മൂലം പാകിസ്ഥാൻ ചിന്നിച്ചിതറാനുള്ള സാദ്ധ്യതകളും ഏറെയാണ്. ഭീകരവാദം പാകിസ്ഥാന്റെ മുഖമുദ്രയാണെന്ന് ഒരിക്കൽ കൂടി ഈ സംഭവം അടിവരയിട്ടു. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ നിസംഗത പാകിസ്ഥാനെ ധാർമ്മികമായി ഒറ്റപ്പെടുത്തി. അതേസമയം ഇന്ത്യയുടെ ഉത്തരവാദിത്വപരമായ നിലപാട് ലോകരാജ്യങ്ങൾ നയതന്ത്ര ഇടനാഴികളിൽ അംഗീകരിച്ചതിന് തെളിവാണ് ഈ വെടിനിറുത്തൽ.പക്ഷെ വീണ്ടും ഈ ധാരണ ലംഘിക്കുന്നത് വൻ ആപത്തിലേക്ക് പാകിസ്ഥാനെ നയിക്കുമെന്നതിൽ സംശയമില്ല.
ഒരു ഉത്തരവാദിത്വപ്പെട്ട ജനാധിപത്യ രാഷ്ട്രവും സൈന്യത്തിന് അടിയറവു വച്ച മതമൗലിക രാഷ്ട്രവും തമ്മിലുള്ള വ്യത്യാസമാണ് ഇവിടെ വായിച്ചെടുക്കേണ്ടത്.
അന്താരാഷ്ട്രരംഗത്ത് രാജ്യങ്ങൾ പൊതുവേ നിഷ്പക്ഷത പാലിച്ചെങ്കിലും ധാർമ്മിക പിന്തുണ ഇന്ത്യയ്ക്ക് നൽകിയതിന്റെകാരണവും ഈ ജനാധിപത്യ സംസ്കാരവും ഉത്തരവാദിത്വ സമീപനവുമാണ്. ഇന്ത്യയുടെ സൈനിക നയതന്ത്ര വിജയത്തിന്റെ സിന്ദൂര തിലകമായിരുന്നു വെടിനിറുത്തൽ. അതോടൊപ്പം പെൺകരുത്തിന്റെ മറുപടിയും.
ഇനിയും തീക്കൊള്ളികൊണ്ട് തല ചൊറിയാൻ പാകിസ്ഥാൻ മുതിർന്നാൽ അതവരുടെ വിനാശത്തിനു വഴിയൊരുക്കുമെന്നതിൽ സംശയമില്ല.
(കേരള സർവകാശാല പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവിയും പ്രൊഫസറും യു.ജി.സി- എം.എം.ടി.ടി.സി ഡയറക്ടറുമാണ് ലേഖകൻ)