പാകിസ്ഥാന് ഐ.എം.എഫ് വായ്പ: പ്രതിഷേധം ശക്തം
ന്യൂഡൽഹി: ഭീകരരെ പോറ്റിവളർത്തുന്ന പാകിസ്ഥാന് ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐ.എം.എഫ്) 240 കോടി യു.എസ് ഡോളർ വായ്‌പ അനുവദിച്ചതിൽ പ്രതിഷേധം ശക്തം. ഇന്ത്യയ്ക്കുപുറമേ ഭൂട്ടാൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളും എതിർപ്പ് വ്യക്തമാക്കി ഐ.എം.എഫ് യോഗത്തിൽ നിന്ന് വിട്ടുനിന്നു.
പാകിസ്ഥാന്റെ ട്രാക്ക് റെക്കോഡ് കാരണമാണ് എതിർക്കുന്നതെന്ന് ധനകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താനല്ല, അതിർത്തി കടന്നുള്ള ഭീകരത വളർത്താനാണ് പാകിസ്ഥാൻ പണം ഉപയോഗിക്കുന്നത്. ഭരണ- പ്രതിപക്ഷ നേതാക്കൾ ഐ.എം.എഫ് തീരുമാനത്തെ വിമർശിച്ചു.
700 കോടി യു.എസ് ഡോളർ വായ്‌പ തേടിയാണ് പാകിസ്ഥാൻ ഐ.എം.എഫിനെ സമീപിച്ചത്. കഴിഞ്ഞദിവസം 100 കോടി ഡോളർ അടിയന്തര ഫണ്ടായിട്ടും 140 കോടി ഡോളർ പുതിയ വായ്‌പയായിട്ടുമാണ് അംഗീകരിച്ചത്. 24-ാമത്തെ തവണയാണ് വായ്‌പ അനുവദിക്കുന്നത്.
ലോകത്തിനു തന്നെ ഭീഷണിയായ ലഷ്കർ, ബിസ്ബുൾ, ജെഷ്ഷെ ഭീകര ഗ്രൂപ്പുകളെ വളർത്താനാണ് പാകിസ്ഥാൻ ഐ.എം.എഫ് വായ്പ ഉപയോഗിക്കുന്നത്. പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐയ്ക്ക് വിധ്വംസക പ്രവർത്തനങ്ങൾ നടത്താനും ഫണ്ട് ഉപയോഗിക്കുന്നു.