ദുഷ്‌പ്രചാരണം: ആയുർവേദ മരുന്ന് വില്പന 20 ശതമാനം കുറഞ്ഞു
തൃശൂർ: ദുഷ്‌പ്രചാരണം കാരണം ആയുർവേദ മരുന്നു വില്പനയിൽ 20 ശതമാനത്തിന്റെ ഇടിവുണ്ടായെന്ന് ആയുർവേദിക് മെഡിസിൻ മാനുഫാക്ചറേഴ്‌സ് ഓർഗനൈസേഷൻ ഒഫ് ഇന്ത്യ. ആയുർവേദവും അലോപ്പതിയും ഹോമിയോ വിഭാഗവും ഒരുമിച്ചുകൊണ്ടുപോകണമെന്നാണ് സർക്കാർ നിലപാട്. എന്നാൽ, ആയുർവേദത്തിലേക്ക് ജനങ്ങൾ കൂടുതൽ അടുക്കുന്നതു മനസിലാക്കി ചില കേന്ദ്രങ്ങൾ എതിരായി പ്രവർത്തിക്കുന്നു. അത് ഭാരതത്തിന്റെ തനതായ മഹനീയ ശാസ്ത്രത്തിന്റെ അന്തഃസത്ത കെടുത്തുമെന്ന് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ഡോ. ഡി.രാമനാഥൻ പറഞ്ഞു. ആയുർവേദ മരുന്ന് കഴിച്ചതുകൊണ്ടു മാത്രം ഇതുവരെയും ഒരു പ്രത്യാഘാതവും ഉണ്ടായിട്ടില്ല. ദുഷ്‌പ്രചാരണത്തിന് പിന്നിൽ ചില അലോപ്പതി ഡോക്ടർമാരുമുണ്ട്. പ്രസിഡന്റ് ഡോ. പി.രാംകുമാർ, ജനറൽ സെക്രട്ടറി ഡോ. ഡി.രാമനാഥൻ, ട്രഷറർ ഡോ. ഇ.ടി.നീലകണ്ഠൻ മൂസ്, സംസ്ഥാന വൈസ് പ്രസിഡന്റ് ജോയിച്ചൻ കെ.എരിഞ്ഞേരി, ഡോ. പി.ടി.എൻ.വാസുദേവൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ആയുർവേദിക് മെഡിസിൻ മാനുഫാക്ചറേഴ്‌സ് ഓർഗനൈസേഷൻ മുഖപത്രം ഔഷധത്തിന്റെ 25ാം വാർഷികത്തോടനുബന്ധിച്ച് ആയുർവേദത്തിന്റെ ആരോഗ്യം എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. ആയുഷ് അഡ്വൈസർ ഡോ. കൗസ്തുഭ ഉപാധ്യായ മുഖ്യാതിഥിയായി. എഴുത്തുകാരായ അഷ്ടമൂർത്തി, ഡോ. എൻ.പി.വിജയകൃഷ്ണൻ, ഡോ. രാജാ ഹരിപ്രസാദ്, എൻ.രാജൻ എന്നിവർ പ്രസംഗിച്ചു.