നായ്ക്കളിലും പൂച്ചകളിലും മെയ്ഞ്ച് പടരുന്നു...

Sunday 11 May 2025 12:36 AM IST

രോഗം വന്നാൽ കൈകാലുകൾ കൊണ്ട് ചൊറിയുകയും മരത്തിലോ ചുമരുകളിലോ ഉരസുകയും ചെയ്യുന്നതോടെ രോമങ്ങൾ കട്ടയായി കൊഴിഞ്ഞു പോകുകയാണ് ചെയ്യുന്നത്

തൃശൂർ: വളർത്തു നായ്ക്കളിലും പൂച്ചകകളിലും തൊലിപ്പുറമേയുണ്ടാകുന്ന മെയ്ഞ്ച് രോഗം പടരുന്നു. എതാനും മാസങ്ങൾക്കുള്ളിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിരവധി നായ്ക്കൾക്കാണ് ഇത് കണ്ടു വരുന്നത്. തെരുവുനായ്ക്കളിലും രോഗം കണ്ടുവരുന്നുണ്ട്. വീടുകളിൽ വളർത്തുന്നവയ്ക്ക് കൃത്യമായ പരിചരണം ലഭിക്കുന്നതിനാൽ പെട്ടന്ന് മാറുന്നുണ്ടെങ്കിലും തെരുവുനായ്ക്കളിലും മറ്റും മാസങ്ങളോളം നിണ്ടു നിൽക്കുന്നുണ്ട്. കൂടാതെ മറ്റ് ത്വക്ക് രോഗങ്ങളും ഏറെയാണ് കണ്ടു വരുന്നത്.

തൊലിപ്പുറമേയുണ്ടാകുന്ന അപൂർവ രോഗം

വേനൽക്കാലത്താണ് കൂടുതലായി രോഗം കണ്ടു വരുന്നത്. രൂക്ഷമായി ചൊറിച്ചിലും വേദനയുമാണ് ഇവയ്ക്ക് ഉണ്ടാകുന്നത്. ഇതോടെ ഇവ കൈക്കാലുകൾ കൊണ്ട് ചൊറിയുകയും മരത്തിലോ ചുമരുകളിലോ ഉരസുകയും ചെയ്യുന്നതോടെ രോമങ്ങൾ കട്ടയായി കൊഴിഞ്ഞു പോകുകയാണ് ചെയ്യുന്നത്. തുടർന്ന് ഇവയുടെ ശരീരത്തിൽ നിന്ന് അസഹനീയ ദുർഗന്ധം പരക്കും. തലയുടെ ഭാഗത്ത് നിന്ന് പിന്നിലേക്കാണ് രോമങ്ങൾ കൊഴിഞ്ഞു പോകുന്നത്. ഇത് ശരീരം മൊത്തം ബാധിക്കുന്നതോടെ പലതും ചാകുന്നതായും പറയുന്നു. പ്രതിരോധ ശക്തി കുറഞ്ഞവയിലാണ് കൂടുതലായും രോഗം കണ്ടു വരുന്നുന്നത്.

ചികിത്സാച്ചെലവ് കൂടുതൽ

ആദ്യം തന്നെ ചികിത്സ ആരംഭിച്ചാൽ രൂക്ഷമാകുന്നത് തടയാനാകും. എന്നാൽ, ഒരു കുത്തിവയ്പ്പിന് രണ്ടായിരം രൂപ വരെ വില വരുന്നുണ്ട്. വീടുകളിലെ നായ്ക്കൾക്ക് പലരും ചികിത്സ നടത്തുന്നുണ്ടെങ്കിലും ഭൂരിഭാഗം ഇത് ചെയ്യുന്നില്ല. തെരുവുനായ്ക്കൾക്കായും മറ്റും ചിലയിടങ്ങളിൽ സന്നദ്ധ സംഘടനകൾ രംഗത്ത് വരാറുണ്ട്. മൃഗാശുപത്രികളിൽ ഇതിനാവശ്യമായ കുത്തിവയ്പ്പ് മരുന്ന് സൗജന്യമായി ലഭിക്കില്ല.