എസ്.ബി.ഐ സ്റ്റാഫ്‌സ് യൂണിയൻ ഫുട്‌ബാൾ ടൂർണമെന്റ് 

Sunday 11 May 2025 12:38 AM IST

തൃശൂർ: സ്റ്റേറ്റ് ബാങ്ക്‌സ് സ്റ്റാഫ് യൂണിയൻ കേരള സർക്കിളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കുട്ടനെല്ലൂർ സ്‌പോർട്ടക്കർ ടർഫിൽ ജോസ് കെ.മംഗലം മെമ്മോറിയൽ അഖില കേരള ഫുട്‌ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. മുൻ ഇന്ത്യൻ ഫുട്‌ബാൾ താരം ജോ പോൾ അഞ്ചേരി ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ബാങ്ക്‌സ് സ്റ്റാഫ് യൂണിയൻ കേരളാ സർക്കിൾ പ്രസിഡന്റ് എച്ച്.സി.രജത് അദ്ധ്യക്ഷനായി. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ ഡെപ്യുട്ടി ജനറൽ മാനേജർ എം.ദിലീപ് റെഡ്ഢി മുഖ്യാതിഥിയായി. സൗത്ത് ഇന്ത്യൻ ബാങ്ക് എംപ്ലോയീസ് അസോ. പ്രസിഡന്റ് സജോ ജോസ് തേറാട്ടിൽ, സ്റ്റേറ്റ് ബാങ്ക്‌സ് സ്റ്റാഫ് യൂണിയൻ കേരളാ സർക്കിൾ തൃശൂർ മോഡ്യൂൾ ഡെപ്യുട്ടി ജനറൽ സെക്രട്ടറി എൻ.രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ കേരളത്തിലെ ആറ് മോഡ്യൂൾ ടീമുകൾ തമ്മിലുള്ള ഫുട്‌ബാൾ മത്സരത്തിൽ എറണാകുളം മോഡ്യൂളും കൊല്ലം മോഡ്യൂളും ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടി. സമനിലയിൽ കലാശിച്ച മത്സരത്തിൽ പെനാൽറ്റി ഷൂട്ട്ഔട്ടിൽ ഒന്നിനെതിരെ 2 ഗോളുകൾക്ക് കൊല്ലം മോഡ്യൂൾ ടീം വിജയികളായി.

എസ്.ബി.ഐ സ്റ്റാഫ്‌സ് യൂണിയൻ ഫുട്‌ബോൾ ടൂർണമെന്റ് മുൻ ഇന്ത്യൻ ഫുട്‌ബോളർ ജോ പോൾ അഞ്ചേരി ഉദ്ഘാടനം ചെയ്യുന്നു