സേനയ്ക്ക് ഐക്യദാർഢ്യം; തമിഴ്നാട് റാലിയിൽ ആയിരങ്ങൾ
ചെന്നൈ: ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത ഇന്ത്യൻ സൈന്യത്തോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി തമിഴ്നാട് സർക്കാർ സംഘടിപ്പിച്ച റാലിയിൽ ആയിരങ്ങൾ അണിനിരന്നു. ദേശീയ പതാകയുമേന്തി മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നയിച്ച റാലിയിൽ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ഉൾപ്പെടെയുള്ള മന്ത്രിമാർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, എം.എൽ.എമാർ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, മതനേതാക്കൾ, വിദ്യാർത്ഥികൾ, നഴ്സുമാർ, പൊലീസ് ഉദ്യോഗസ്ഥർ, മുൻ സൈനികർ, എൻ.സി.സി കേഡറ്റുകൾ തുടങ്ങിയവർ അണിനിരന്നു. ദേശീയപതാകളും സൈന്യത്തിന് അഭിവാദ്യം അർപ്പിക്കുന്ന പ്ലക്കാർഡുകളും പിടിച്ചാണ് ജനം റാലിയിൽ അണിനിരന്നത്.
ചെന്നൈയിലെ പൊലീസ് ആസ്ഥാനത്ത് നിന്ന് ആരംഭിച്ച റാലി യുദ്ധസ്മാരകത്തിൽ അവസാനിച്ചു. റാലി കടന്നു പോയ അഞ്ച് കിലോമീറ്റർ ദൂരം പൊതുജനങ്ങൾക്കായി 10 സ്ഥലങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ ക്രമീകരിച്ചിരുന്നു. 200 തണൽ ടെന്റുകൾ, 71 കുടിവെള്ള ടാങ്കുകളും 50 ടോയ്ലറ്റ് സൗകര്യങ്ങളും ഒരുക്കി. ആംബുലൻസുകളും സജ്ജമാക്കിയിരുന്നു.റാലിക്കു ശേഷമാണ് ഇന്ത്യാ- പാക് വെടിനിറുത്തൽ പ്രഖ്യാപനം വരുന്നത്.
''ഇന്ത്യൻ സൈന്യത്തിന് 'എട്ട് കോടി തമിഴരുടെ പിന്തുണ പ്രകടിപ്പിക്കുന്നതിനായി' ഒരു റാലി സംഘടിപ്പിച്ചതിന് തമിഴ്നാട് മുഖ്യമന്ത്രിക്ക് നന്ദി'' ആർ.എൻ. രവി, ഗവർണർ തമിഴ്നാട്
''വെടിനിർത്തൽ സ്വാഗതാർഹമായ നടപടിയാണ് സമാധാനം നിലനിൽക്കട്ടെ. അതിർത്തി കാക്കുന്നവരുടെ ചങ്കൂറ്റത്തിന് ഞങ്ങളുടെ ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ''- എം.കെ.സ്റ്റാലിൻ, മുഖ്യമന്ത്രി, തമിഴ്നാട്.