പാഠം പഠിച്ചാൽ പാകിസ്ഥാന് നല്ലത്
പാകിസ്ഥാനുമായുള്ള യുദ്ധസമാനമായ സംഘർഷം സാധാരണക്കാരുടെ മനസുകളിൽ സ്വാഭാവികമായും ആശങ്കകൾ ഉണർത്തിയിരുന്നു.. യുദ്ധത്തിന്റെ ഭാഗമാണ് വ്യാജവാർത്തകളും പ്രചാരണങ്ങളും. കേൾക്കുന്നതെല്ലാം സത്യമാകണമെന്നില്ല. വ്യക്തികളായാലും രാജ്യമായാലും മാദ്ധ്യമങ്ങളായാലും അവരുടെ നിലപാടുകൾ പറയുന്ന കാര്യങ്ങളിലും പ്രതിഫലിക്കും. ഇന്ത്യയെ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ വിദേശകാര്യ, സൈനികവക്താക്കൾ വാർത്താസമ്മേളനത്തിൽ ആധികാരികമായി വ്യക്തമാക്കുന്നുണ്ട്.ഇപ്പോൾ വെടിനിറുത്തൽ പ്രഖ്യാപിച്ച വിവരം ഇന്ത്യ ഔദ്യോഗികമായി അംഗീകരിച്ച വിവരം ലോകത്തെ അറിയിച്ചു. വെടിനിറുത്തലിന് തയ്യാറായത് നന്നായി.ഒരു യുദ്ധം ആരും ആഗ്രഹിക്കുന്നില്ല.പക്ഷെ ഇന്ത്യ വ്യക്തമായ മേൽക്കൈയ്യോടെയാണ് ഈ വെടിനിറുത്തൽ അംഗീകരിച്ചത്.എന്നാൽ നല്ല പാഠം നൽകിയിട്ടും ഉൾക്കൊള്ളാതെ പാക് സേനയിലെ ഒരു വിഭാഗം ഇന്നലെ ധാരണയ്ക്കു വിരുദ്ധമായി അതിർത്തിയിൽ ഷെല്ലാക്രമണത്തിനു തയ്യാറായത് പാകിസ്ഥാന് വലിയ ദോഷം ചെയ്യുമെന്നതിൽ സംശയമില്ല.
ഇതുവരെ നടന്ന അപ്രഖ്യാപിത യുദ്ധത്തിൽ വലിയ ആശങ്കയ്ക്കൊന്നും ഇടമില്ല. ഏത് അളവുകോൽ വച്ച് നോക്കിയാലും ഇന്ത്യ പാക്കിസ്ഥാനേക്കാൾ ബഹുദൂരം മുന്നിലാണ്. ഇന്ത്യയുടെ ആളും അർത്ഥവും ആയുധങ്ങളുടെ എണ്ണവും അവയുടെ മികവും പരിപാലനവും പാകിസ്ഥാന് ചിന്തിക്കാവുന്നതിനും അപ്പുറം തന്നെ. പാകിസ്ഥാന്റെ വീര്യം പൂരത്തിന് അമിട്ടിൽ തുടങ്ങി മാലപ്പടക്കത്തിൽ അവസാനിക്കുന്നതു പോലെയാകാനേ സാദ്ധ്യതയുളളൂ. യുദ്ധം സ്വാഭാവികമായി ചില നഷ്ടങ്ങളും ഉണ്ടാക്കും. നിർബന്ധിതമായ സാഹചര്യങ്ങളാണ് ഇന്ത്യയെ ഇപ്പോഴത്തെ സംഘർഷത്തിലേക്ക് നയിച്ചത്. പഹൽഗാം പോലുള്ള ഭീകരാക്രമണങ്ങളാട് പൊറുക്കുക അന്തസുള്ള രാജ്യത്തിന് അസാദ്ധ്യമാണ്.നല്ല പാഠം പാകിസ്ഥാനു നൽകിയാണ് ഇപ്പോൾ വെടിനിറുത്തിയത്.
ഇന്ത്യൻ സൈന്യം എപ്പോഴും യുദ്ധസജ്ജമാണ്. മികച്ച സൈനികരും ആയുധങ്ങളും സ്വയം വികസിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്യുന്ന യുദ്ധോപകരണങ്ങളും രാജ്യത്തിന്റെ കരുത്തുറ്റ സാമ്പത്തിക സ്ഥിതിയും വികസിത രാജ്യങ്ങളോട് കിടപിടിക്കുന്നതാണ്. പടക്കോപ്പുകൾ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ എന്നും ഓർക്കണം. എന്നാൽ പാക് സൈന്യത്തിന്റെ അവസ്ഥ ദയനീയമാണ്. അവിടുത്തെ സൈനിക നേതൃത്വം അധികാരക്കൊതിയിലും അഴിമതിയിലും മുങ്ങിയവരാണ്. അതിന്റെ കുറവുകൾ ആ സൈന്യത്തിന്റെ എല്ലാ തട്ടുകളിലുമുണ്ട്. രാജ്യത്തിന്റെ ദാരിദ്ര്യം സ്വാഭാവികമായും സൈന്യത്തെയും ഗ്രസിച്ചിട്ടുണ്ട്. ഇന്ത്യ മികച്ച ആയുധങ്ങൾ വിവിധ രാജ്യങ്ങളിൽ നിന്ന് വാങ്ങുമ്പോൾ പാക് സൈന്യത്തിന് ലഭിക്കുന്നത് ദാനമായും ചുളുവിലയ്ക്കും ലഭിക്കുന്ന ചൈനയുടെയും തുർക്കിയുടെയും ആയുധങ്ങളാണ്. അവരുടെ 80 ശതമാനം പടക്കോപ്പുകളും ചൈനയുടേതാണ്. പീരങ്കികൾ മാത്രമെടുത്താൽ പാകിസ്ഥാന്റേതിനേക്കാൾ നാല് ഇരട്ടി എണ്ണം ഇന്ത്യയ്ക്കുണ്ട്. ഉള്ളവയ്ക്ക് വേണ്ട വെടിക്കോപ്പുകൾ പോലും അവരുടെ പക്കലില്ല. യുദ്ധക്കലവറ ഏതുയുദ്ധത്തിലും നിർണായകമാണെങ്കിലും ഇക്കാര്യത്തിൽ ആ രാജ്യത്തിന്റെ സ്ഥിതി പരിതാപകരമാണ്.
ഇന്ത്യയിൽ സ്ഥിതി തീർത്തും വ്യത്യസ്തമാണ്. ഏകീകൃതമായ പദ്ധതി പ്രകാരമാണ് നമ്മുടെ സൈന്യത്തിന്റെ പ്രവർത്തനം. 2000 മുതൽ അതിർത്തിയിലെ ഡാമുകളുടെയും കനാലുകളുടെയും നിർമ്മാണവും റെയിൽ കണക്ടിവിറ്റിയും പോലുള്ളവ ആസൂത്രിതമായി നടക്കുന്നുണ്ട്. ആയുധസംഭരണവും അതിന് വിവിധ രാജ്യങ്ങളെ ആശ്രയിക്കുന്നതും പ്രതിസന്ധികൾ ഒഴിവാക്കാനാണ്. ഇന്ധനം ഉൾപ്പടെയുള്ളവയുടെ ശേഖരം ആവശ്യത്തിലേറെയുണ്ട്. എന്നും യുദ്ധസജ്ജമാണ് നമ്മുടെ സൈന്യം. അതിനുള്ള പരിശീലനം ഒരു ദിനം പോലും മുടങ്ങാറില്ല.
പരമാവധി ഏഴ് ദിവസം മാത്രം യുദ്ധം ചെയ്യാനുള്ള ശേഷിയേ നിലവിൽ പാകിസ്ഥാനുണ്ടായിരുന്നുള്ളു. അതാണ് അവർ പെട്ടെന്നു പിൻമാറിയത്.. ആയുധങ്ങളും വെടിക്കോപ്പുകളും അവർക്ക് ആവശ്യത്തിനില്ല. സൈനികരുടെ ആത്മബലവും തീരെക്കുറവാണ്. ഈ സംഘർഷം നീണ്ടാൽ പാക് ജനതയുടെ നിരാശയും അസംതൃപ്തിയും തെരുവിലേക്കെത്താം. എന്നാൽ ഇന്ത്യൻ സേനയുടെ കരുത്തിനെക്കുറിച്ച് നാം സംശയിക്കേണ്ടതില്ല. എല്ലാ സാദ്ധ്യതകളുടെയും വെല്ലുവിളികളുടെയും ആഴത്തിലുള്ള പഠനം കഴിഞ്ഞാണ് അവർ രംഗത്തിറങ്ങുന്നത്. യഥാർത്ഥ സൈന്യത്തിന്റെ രീതി അതാണ്. ഓരോ ഘട്ടത്തിലും എന്തു ചെയ്യണമെന്ന വ്യക്തമായ ധാരണ നമ്മുടെ സൈന്യത്തിനുണ്ട്.
ചെലവാകുന്ന കച്ചവടമാണ് അതിർത്തിയിലെ സംഘർഷവും തീവ്രവാദികളെ പാലൂട്ടി വളർത്തി ഇന്ത്യയിലേക്ക് വിടുന്നതുമെന്ന പാക് ധാരണ തിരുത്തിക്കുറിക്കാതെ ഇന്ത്യയ്ക്ക് സ്വസ്ഥമായി മുന്നോട്ടു പോകാനാവില്ല. അതിന് പറ്റിയ നല്ലൊരു അവസരമാണ് ഇപ്പോൾ ലഭിച്ചത്.നല്ല മറുപടി നൽകുകയും ചെയ്തു. പത്തുവർഷത്തിനകം അമേരിക്കയെപ്പോലെ, റഷ്യയെപ്പോലെ, ചൈനയെപ്പോലെ വൻശക്തിയായി വളരേണ്ട രാജ്യമാണ് ഇന്ത്യ. അതിന് പാകിസ്ഥാനെ പോലെയുള്ള വെല്ലുവിളികളെ നിലയ്ക്ക് നിറുത്തേണ്ടതുണ്ട്.