യു.എസ്, റഷ്യ, ഇസ്രയേൽ ഭീകരവാദത്തിനെതിരെ ഇന്ത്യക്കൊപ്പം മൂന്ന് ശക്തികൾ
വാഷിംഗ്ടൺ: പഹൽഗാമിൽ നുഴഞ്ഞുകയറിയ ഭീകരർ 26 പേരെ വെടിവച്ച് കൊലപ്പെടുത്തിയ നാൾ മുതൽ വെടിനിറുത്തൽ വരെ ലോക രാജ്യങ്ങളും വിഷയത്തിൽ ഇടപെട്ടിരുന്നു. പാകിസ്ഥാൻ വെടിനിറുത്തൽ കരാർ ലംഘിച്ചപ്പോഴും ലോകരാജ്യങ്ങളുടെ ഇടപെടലുകളാണ് വന്നുകൊണ്ടിരിക്കുന്നത്. അതേസമയം, ഏത് ഘട്ടത്തിലും ഇന്ത്യക്കൊപ്പമാണെന്നാണ് മൂന്ന് മഹാശക്തികളായ യു.എസ്, റഷ്യ, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങൾ വ്യക്തമാക്കിയത്. എന്നാൽ ചൈനയും തുർക്കിയും പാകിസ്ഥാന് അനുകൂലമാണ്.
യു.എസ്
ഇന്ത്യ, ഓപ്പറേഷൻ സിന്ദൂർ പ്രഖ്യാപിച്ച ശേഷം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പ്രഖ്യാപനം ശ്രദ്ധേയമാണ്. യു.എസ് ഇന്ത്യയ്ക്ക് ഒപ്പമാണെന്നും പകരത്തിന് പകരം ഇന്ത്യ തിരിച്ചടിക്കുമെന്ന് ഉറപ്പായിരുന്നുമെന്നാണ് ട്രംപ് പറഞ്ഞത്. ട്രംപിന്റെ സൗഹൃദത്തിനപ്പുറം യു.എസ് ഒരു രാഷ്ട്രമെന്ന നിലയ്ക്കും ഇന്ത്യക്കൊപ്പമാണെന്നാണ് യു.എസ് വിദേശകാര്യ സെക്രട്ടറിയടക്കം വ്യക്തമാക്കിയത്. അതേസമയം, ഇറ്റ്സ് നൺ ഒഫ് ഔർ ബിസിനസ് എന്ന് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് പറഞ്ഞെങ്കിലും ഇന്ത്യയെ തള്ളിയിട്ടില്ല. യു.എസ് വളർത്തിയ പാകിസ്ഥാനും ഭീകര സംഘടനകളും അമേരിക്കയെ തന്നെ തിരിഞ്ഞ് കൊത്തിയതാണ് വേൾഡ് ട്രേഡ് സെന്റർ, പെന്റഗൺ ആക്രമണങ്ങൾ. തുടർന്നാണ് യു.എസ് ഭീകരവാദത്തിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചത്. കൂടാതെ യു.എസുമായി അത്ര രസത്തില്ലല്ലാത്ത ചൈന പിന്തുണക്കുന്നത് പാകിസ്ഥാനെയാണ്. അതുകൊണ്ടുതന്നെ സ്ഥിതി കൂടുതൽ വഷളായാൽ ട്രംപ് നേരിട്ട് തുറന്ന നിലപാട് പറഞ്ഞ് ഇന്ത്യയ്ക്കൊപ്പം അണിചേരുകയെ നിർവാഹമുള്ളൂ. ഇപ്പോൾ തന്നെ യു.എസിന്റെ മദ്ധ്യസ്ഥയിലാണ് ഇരുരാജ്യങ്ങളും വെടിനിറുത്തലിന് സന്നദ്ധത അറിയിച്ചതെന്നാണ് യു.എസിന്റെ വാദം. അതിന് ഷെഹബാസ് ഷെരീഫ് നന്ദിയറിയിക്കുകയും ചെയ്തതിന് പിന്നാലെയാണ് വെടിനിറുത്തൽ ലംഘിച്ച് പാകിസ്ഥാൻ രംഗത്തെത്തിയത്. ഇതോടെ യു.എസിന്റെ ഇടപെടലിന് പാകിസ്ഥാൻ മുഖം തിരിച്ച അവസ്ഥയാണ്. ഇത് ട്രംപിനെ കൂടുതൽ പ്രകോപിപ്പിച്ചേക്കും. ഇതിനിടെ ചൈന പാകിസ്ഥാനെ പിന്തുണച്ചതും വിള്ളലിനുള്ള ആഘാതം കൂട്ടുന്നു.
റഷ്യ
ഇന്ത്യയുടെ മോസ്റ്റ് ഡിപ്പന്റബിൾ ഫ്രണ്ട്. 1950 മുതൽ തുടങ്ങിയ ബന്ധം. കാശ്മീർ വിഷയത്തിൽ 75 വർഷം മുൻപ് ഐക്യരാഷ്ട്ര സഭയുടെ രക്ഷാ കൗൺസിലിൽ ഇന്ത്യയ്ക്കൊപ്പം നിലയുറപ്പിച്ച രാഷ്ട്രം. 1971ൽ പാകിസ്ഥാനൊപ്പം യു.എസ് നിന്നപ്പോൾ ഇന്ത്യയ്ക്കൊപ്പം കൈകോർത്തു. നിക്സന്റെ ഏഴാം കപ്പൽ പടയെ വിറപ്പിച്ച കൂട്ടുകെട്ടായിരുന്നു ഇന്ത്യ സോവിയറ്റ് കമ്പാനിയൻഷിപ്പ്. സോവിയറ്റ് യൂണിയൻ റഷ്യയായിട്ടും അതിൽ ഒരു മാറ്റവുമില്ല. അതേസമയം, ഇന്ന് പുതിയ കഥകളുടെ കൂട്ട്കെട്ടാണ് റഷ്യയുമായി ഉള്ളത്. ഇന്ത്യയുടെ മികച്ച ആയുധ പങ്കാളിയാണ്. പുട്ടിന്റെ കാലത്ത് പാകിസ്ഥാനെക്കാൾ റഷ്യക്ക് വിശ്വാസവും ബഹുമാനവും ഇന്ത്യയോടാണ്. ലോകത്തെ സാമ്പത്തിക ശക്തിയായി ഉയർന്നു വരുന്ന ഇന്ത്യയെ ചേർത്തുനിറുത്തുക റഷ്യക്കും അത്രമേൽ പ്രധാനമാണ്. 70 ബില്യൺ ഡോളറിന്റെ കച്ചവടമാണ് ഇരു രാജ്യങ്ങളും നടത്തുന്നത്. പാകിസ്ഥാനുമായി റഷ്യക്കുള്ള വ്യാപാര ബന്ധം ഒരു ബില്യണും. പഹൽഗാം ആക്രമണത്തിൽ ഇന്ത്യക്കൊപ്പമാണ് റഷ്യ. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ റഷ്യയെ കുറിച്ച് പറഞ്ഞ വാക്കുകൾ അത്രമേൽ വിശ്വാസത്തിന്റേത് കൂടിയാണ്. 'വൺ കോൺസ്റ്റന്റ് ഇൻ വേൾഡ് പൊളിറ്റിക്സ്'.
ഇസ്രയേൽ
പാകിസ്ഥാനെ തുറന്നെതിർക്കുന്ന,ഭീകരവാദത്തിനെതിരെ ഇന്ത്യക്കൊപ്പം ആയുധമേന്തുന്ന സഖ്യ രാഷ്ട്രമാണ് ഇസ്രയേൽ. ആയുധ കൈമാറ്റങ്ങളിലും സാങ്കേതിക വിദ്യയിലും ഇന്ത്യയുടെ ഉറ്റ പങ്കാളി. ഹമാസ് ഇസ്രയേൽ യുദ്ധത്തിൽ ഗാസയിൽ സമാധാനം സ്ഥാപിക്കാൻ ഇന്ത്യ ഇറങ്ങിയിട്ടും, ജൂത രാഷ്ട്രത്തിന് ഇന്ത്യയോട് തെല്ലും അസ്വാരസ്യമില്ല. പഹൽഗാം ആക്രമണത്തിന് ശേഷം ഏറ്റവും വലിയ പിന്തുണയാണ് ഇസ്രയേൽ പ്രഖ്യാപിച്ചിട്ടുള്ളത്. ഓപ്പറേഷൻ സിന്ദൂരിനെ പ്രശംസിച്ച്, ഇന്ത്യയ്ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച രാഷ്ട്രം കൂടിയാണ് ഇസ്രയേൽ.
ചൈന
പാകിസ്ഥാൻ ഒരു രാഷ്ട്രത്തെ വിശ്വസിക്കുന്നുണ്ടെങ്കിൽ അത് ചൈനയെയാണ്. പാകിസ്ഥാന്റെ 80 ശതമാനവും ചൈനീസ് ഉത്പന്നങ്ങളാണ്. അവരെ ആണവ ശക്തിയാക്കുന്നതിൽ സഹായിച്ചതും ചൈനയാണ്. ഏഷ്യയിൽ ശക്തമായി വളരുന്ന ഇന്ത്യ, ചൈനയ്ക്ക് ഒരർത്ഥത്തിൽ പേടിസ്വപ്നം കൂടിയാണ്. അതുകൊണ്ടുതന്നെ ചൈന, പാകിസ്ഥാനെ, അവിടത്തെ ഭീകരരെ, ഇന്ത്യക്കെതിരായ കൂലി തല്ല് സംഘമാക്കി ഉപയോഗിക്കുകയാണ് എന്ന തിരിച്ചറിവ് പോലും അന്ധമായ ഇന്ത്യാ വിരോധത്തിൽ പാകിസ്ഥാന് നഷ്ടപ്പെടുകയാണ്.
തുർക്കി
എർദോഗന്റെ തുർക്കി പാകിസ്ഥാൻ പക്ഷപാതികളാണ്. പഹൽഗാം ആക്രമണത്തിന് ശേഷം ലോകം ഈ ഭീകരവാദത്തെ അപലപിച്ചിട്ടും ഇസ്താംബുൾ ഇസ്ലാമാബാദ് ബന്ധം ശക്തമാണ്. ഇന്ത്യയെ ആക്രമിക്കാൻ പാകിസ്ഥാൻ ഉപയോഗിക്കുന്ന ആയുധങ്ങളും തുർക്കിഷ് സംഭാവനകളാണ്.