പാകിസ്ഥാന്റെ പൊട്ടാത്ത നുണപ്പടക്കങ്ങൾ പൊളിച്ചടുക്കി ഇന്ത്യ
ഇസ്ലാമാബാദ്: 'ഇന്ത്യയെ ഒറ്റ മിസൈലിൽ തകർത്തു, മന്ത്രിമാർ നാടുവിട്ടു".. സംഘർഷം മുറുകുന്നതിനിടെ ഇത്തരത്തിൽ എണ്ണമറ്റ നുണപ്പടക്കങ്ങളാണ് പാകിസ്ഥാൻ ഇന്ത്യക്ക് നേരെ വർഷിച്ചത്. അതെല്ലാം ചീറ്റിപ്പോകുകയും ചെയ്തു. വ്യാജ പ്രചാരണങ്ങൾ വരുന്നയുടൻ
വാസ്തവമറിയിച്ച് ഇന്ത്യൻ സൈബർ പോരാളികൾ പാക് നുണകളെ പൊളിച്ചടുക്കി. ഇന്ത്യയുടെ സൈനിക താവളങ്ങൾ തകർത്തെന്ന പ്രചാരണം ഉപഗ്രഹ ചിത്രങ്ങളുൾപ്പെടെ പുറത്തുവിട്ട് ഇന്ത്യ പൊളിച്ചു.
സമൂഹ മാദ്ധ്യമങ്ങളിലൂടെയുൾപ്പെടെ ഭിന്നിപ്പും ഭയവുമുണ്ടാക്കാൻ പാകിസ്ഥാൻ ആകുന്നത്ര ശ്രമിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഈ നീച ആക്രമണ രീതിക്കെതിരെ വിമർശനവുമുയർന്നു. തെറ്റിദ്ധാരണയുണ്ടാക്കാൻ പ്രചരിപ്പിക്കുന്ന വ്യാജവാർത്തകളെ തിരിച്ചറിയണമെന്ന് കഴിഞ്ഞദിവസങ്ങളിൽ കേന്ദ്ര സർക്കാർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. ശത്രുരാജ്യത്തിന്റെ യുദ്ധതന്ത്രങ്ങളുടെ ഭാഗം കൂടിയാണിതെന്നും ഒറ്റക്കെട്ടായി നേരിടണമെന്നും അധികൃതർ അറിയിച്ചു.
പടച്ചുവിട്ട നുണകൾ
പ്രധാനമായും പാകിസ്ഥാൻ പങ്കുവച്ചത് സംഘർഷവുമായി ബന്ധപ്പെട്ട വ്യാജ വാർത്തകളും ചിത്രങ്ങളും വീഡിയോകളുമാണ്
ഇന്ത്യയുടെ മിഗ് 29 പോർ വിമാനം വെടിവച്ചിട്ടു
ഇന്ത്യയെ ഒറ്റ മിസൈലിൽ തകർത്തു, മന്ത്രിമാർ നാടുവിട്ടു, ലോകരാജ്യങ്ങൾ കൈയൊഴിഞ്ഞു
അമൃത്സറിലെ ഇന്ത്യൻ സൈനിക താവളം പാകിസ്ഥാൻ ആക്രമിച്ചു കത്തിനശിക്കുന്ന സൈനിക താവളത്തിന്റേതെന്ന രീതിയിൽ വ്യാജ വീഡിയോ- ഇത് തെറ്റാണെന്ന് വസ്തുതാന്വേഷണ വെബ്സൈറ്റായ ആൾട്ട് ന്യൂസ് കണ്ടെത്തി. ചിലിയിലെ വാൽപാറൈസോ മേഖലയിലെ തീപിടിത്തത്തിന്റെ ദൃശ്യമാണ് തെറ്രിദ്ധാരണ പടർത്താൻ ഉപയോഗിച്ചത്
ഇന്ത്യൻ വനിതാ പൈലറ്റ് പിടിയിൽ
വ്യോമസേന പൈലറ്റായ ശിവാനി സിംഗ് പാകിസ്ഥാന്റെ പിടിയിലായെന്നാണ് ചില പാക് അനുകൂല സമൂഹ മാദ്ധ്യമ അക്കൗണ്ടുകളിലൂടെ പ്രചരിച്ചു- ഇത് വ്യാജമാണെന്നും ഇത്തരം പ്രചാരണങ്ങൾ തള്ളിക്കളയണമെന്നും പി.ഐ.ബി ഫാക്ട്‌ചെക്ക് വിഭാഗം അറിയിച്ചു
ഇന്ത്യൻ സൈനികർ കരഞ്ഞുകൊണ്ട് സൈനികപോസ്റ്റുകൾ ഉപേക്ഷിച്ചുപോകുന്നുവെന്ന് പറഞ്ഞ് ചില വീഡിയോകൾ പ്രചരിപ്പിച്ചു
-ഇന്ത്യൻസൈന്യവുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും പി.ഐ.ബി ഫാക്ട്‌ചെക്ക് വിഭാഗം അറിയിച്ചു.
ശ്രീനഗർ വിമാനത്താവളത്തിന് സമീപം പത്തോളം സ്‌ഫോടനങ്ങളുണ്ടായെന്ന അൽ-ജസീറയുടെ വാർത്ത വ്യാജമാണെന്ന് പി.ഐ.ബി വ്യക്തമാക്കി.
ജയ്പൂർ വിമാനത്താവളത്തിൽ സ്‌ഫോടന ശബ്ദം കേട്ടു
പാക് സൈബർ ആക്രമണത്തിൽ ഇന്ത്യൻ വൈദ്യുതി ഗ്രിഡിന്റെ 70 ശതമാനം പ്രവർത്തനരഹിതം
ഡൽഹി- മുംബയ് വിമാന സർവീസുകൾ താത്കാലികമായി നിറുത്തിവച്ചു
ഇന്ത്യൻ സൈനിക പോസ്റ്റുകൾ തകർന്നു
പാക് ഡ്രോണുകൾ ഡൽഹിക്ക് മുകളിൽ