പാകിസ്ഥാന്റെ വാദം പൊളിച്ച് ഇന്ത്യയും താലിബാനും
ഇസ്ലാമാബാദ്: ഇന്ത്യ തൊടുത്ത മിസൈൽ അഫ്ഗാനിസ്ഥാനിൽ പതിച്ചുവെന്ന പാകിസ്ഥാന്റെ ആരോപണം നിഷേധിച്ച് താലിബാൻ. പാകിസ്ഥാന്റെ ആരോപണങ്ങൾ തെറ്റാണെന്നും അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്നും അഫ്ഗാൻ പ്രതിരോധ മന്ത്രാലയ വക്താവ് അനൈത്തുള്ള ഖവർസ്മി പറഞ്ഞു. പാകിസ്ഥാന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പാകിസ്ഥാന്റെ ആരോപണങ്ങൾ തെറ്റാണെന്നും പരിഹാസ്യമാണെന്നും ഇന്ത്യ പറഞ്ഞു. ഇന്ത്യ തൊടുത്തുവിട്ട മിസൈലുകളിൽ ഒന്ന് അഫ്ഗാൻ പ്രദേശത്താണ് പതിച്ചതെന്ന് പാകിസ്ഥാൻ സൈനിക വക്താവ് ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി ശനിയാഴ്ച ആരോപിച്ചിരുന്നു. നേരത്തെ, ഇന്ത്യയും പാകിസ്ഥാനും തമ്മിലെ സംഘർഷത്തിലേക്ക് പഷ്തൂണുകളെ പ്രശ്നത്തിലേക്ക് വലിച്ചിഴക്കരുതെന്ന് പാകിസ്ഥാന് താലിബാൻ നേതാവും പാകിസ്ഥാനിലെ മുൻ അഫ്ഗാൻ അംബാസഡറുമായ മുല്ല അബ്ദുൾ സലാം സയീഫ് മുന്നറിയിപ്പ് നൽകിയിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ രൂക്ഷമായ ഭാഷയിൽ അദ്ദേഹം പാകിസ്ഥാനെ വിമർശിച്ചത്. ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിലെ സംഘർഷം ഗുരുതരമായി വർദ്ധിച്ചുവരുന്ന സാഹചര്യത്തിലായിരുന്നു ഈ പരാമർശങ്ങൾ.