കൊറിയർ വഴി ലക്ഷങ്ങളുടെ കൊക്കെയ്‌ൻ വാങ്ങി; ഹൈദരാബാദിൽ ആശുപത്രി സിഇഒ പിടിയിൽ
ഹൈദരാബാദ് :ഹൈദരാബാദിലുള്ള ആശുപത്രിയിലെ സിഇഒ അഞ്ച് ലക്ഷം രൂപയുടെ കൊക്കെയ്ൻ വാങ്ങുന്നതിനിടെ പൊലീസ് പിടിയിൽ.മുംബയ് ആസ്ഥാനമായുള്ള കുപ്രസിദ്ധ ലഹരി വിതരണക്കാരൻ വാൻഷ് ധക്കറിൽ നിന്ന് കൊറിയറിൽ മയക്കുമരുന്ന് സ്വീകരിക്കുന്നതിനിടെയാണ് 34 കാരിയായ ഡോക്ടർ നമ്രത ചിഗുരുപതി അറസ്റ്റിലായത്.
മയക്കുമരുന്ന് കൈമാറുകയായിരുന്ന ധക്കറിന്റെ സഹായി ബാലകൃഷ്ണയ്‌ക്കൊപ്പമാണ് ഇവർ പൊലീസിന്റെ വലയിലായത്.നമ്രത വാട്ട്സ്ആപ്പ് വഴി ധക്കറുമായി ബന്ധപ്പെടുകയും അഞ്ചു ലക്ഷം രൂപയുടെ കൊക്കെയ്ൻ ഓർഡർ ചെയ്യുകയും ചെയ്തുവെന്ന് പൊലിസ് പറഞ്ഞു.ഓൺലൈൻ വഴിയാണ് അവർ തുക കൈമാറിയത്.
'മുംബയിലെ വാൻഷിൽ നിന്നാണ് നമ്രത മയക്കുമരുന്ന് ഓർഡർ ചെയ്തത് ,തുടർന്ന് ബാലകൃഷ്ണ മയക്കുമരുന്ന് നൽകാൻ റായദുർഗയിൽ എത്തി.ഇവിടെ വെച്ച് ഇയാൾ മയക്കുമരുന്ന് കൈമാറി'. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ വെങ്കണ്ണ പറഞ്ഞു.
പൊലീസ് ഇവരിൽ നിന്നും 10,000 രൂപയും 53 ഗ്രാം കൊക്കെയ്നും രണ്ട് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു, വിവിധ വകുപ്പുകൾ ചുമത്തി നമ്രതക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചിട്ടുണ്ടെന്നും വെങ്കണ്ണ പറഞ്ഞു. ചോദ്യം ചെയ്യലിനിടെ, മയക്കുമരുന്നിനായി ഏകദേശം 70 ലക്ഷം രൂപ ചെലവഴിച്ചുവെന്ന് നമ്രത സമ്മതിച്ചതായി റിപ്പോർട്ടുണ്ട്.