'ഇന്നത്തേത് വ്യത്യസ്തം,​ 1971ലെ ഇന്ദിരാഗാന്ധിയുടെ കാലഘട്ടവുമായി താരതമ്യം ചെയ്യേണ്ടതില്ല'; മറുപടിയുമായി ശശി തരൂർ

Sunday 11 May 2025 11:32 AM IST

ന്യൂഡൽഹി: 1971ൽ ഇന്ത്യ-പാക് യുദ്ധസമയത്ത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അമേരിക്കയ്ക്ക് മുന്നിൽ കീഴടങ്ങിയില്ലെന്ന കോൺഗ്രസ് പ്രചാരണത്തിൽ വ്യക്തത വരുത്തി ശശി തരൂർ എംപി. നിലവിലെ സാഹചര്യം 1971ലെ സാഹചര്യത്തിൽ നിന്ന് വ്യത്യസ്തമാണെന്നും രണ്ടും താരതമ്യം ചെയ്യുന്നതിൽ കാര്യമില്ലെന്നും അദ്ദേഹം വാർത്താ ഏജൻസിയോട് പറഞ്ഞു. ഭീകരതയ്ക്കെതിരെ താക്കീത് നൽകുക എന്ന ലക്ഷ്യം കൈവരിച്ചെന്നും ശശി തരൂർ പറഞ്ഞു. വെടിനിർത്തലിന് അമേരിക്കയുടെ ഇടപെടലുണ്ടായെന്ന വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് 1971ലെ കാര്യം ചൂണ്ടികാട്ടി കോണ്‍ഗ്രസ് പ്രചാരണം ആരംഭിച്ചത്.

'ഇനിയും സംഘർഷം നീട്ടിക്കൊണ്ടുപോകുന്നതിൽ അർത്ഥമില്ല. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ ധാരണ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് ആദ്യം പ്രഖ്യാപിക്കുന്നത്. എന്നാൽ, വെടിനിർത്തൽ കരാർ സ്ഥിരീകരിച്ച ഇന്ത്യ മൂന്നാം കക്ഷിയുടെ ഇടപെടലുണ്ടായിട്ടില്ലെന്നാണ് വ്യക്തമാക്കിയത്. 1971ലെ ഇന്ദിരാ ഗാന്ധിയുടെ നടപടിയിൽ ഇന്ത്യൻ പൗരൻ എന്ന നിലയിൽ ഞാൻ ഒരുപാട് അഭിമാനിക്കുന്നു. നിലവിലെ സാഹചര്യം 1971ൽ നിന്ന് വ്യത്യസ്തമാണ്.

അന്ന് സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ബംഗ്ലാദേശിന്റെ ധാർമികമായ ഒരു പോരാട്ടമാണ് നടന്നത്. ബംഗ്ലാദേശിനെ മോചിപ്പിക്കുക എന്നത് ഇന്ത്യയുടെ വ്യക്തമായ ഒരു ലക്ഷ്യമായിരുന്നു. ഇന്ത്യയിലേക്ക് തീവ്രവാദികളെ അയച്ചവരെ പാഠം പഠിപ്പിക്കുക എന്നതാണ് ഇന്നത്തെ പോരാട്ടത്തിന്റെ ലക്ഷ്യം. അതിനുള്ള വില അവര്‍ നൽകിയേ മതിയാകൂ. ആ പാഠം അവരെ പഠിപ്പിച്ചു കഴിഞ്ഞു. അല്ലാതെ ഇത് തുടർന്ന് കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്ന ഒരു യുദ്ധമല്ല'- ശശി തരൂർ വ്യക്തമാക്കി.