'എനിക്ക് എപ്പോഴും സങ്കടമാണെന്ന് പറയുന്നവരുണ്ട്, ജനങ്ങൾ തളളിക്കളയില്ല; പഴയ ദിലീപായാൽ വിമർശനങ്ങളുണ്ടാകും'

Sunday 11 May 2025 1:52 PM IST

മലയാള സിനിമയിൽ പ്രിൻസ് ആൻ‌ഡ് ദി ഫാമിലി എന്ന കുടുംബ ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടൻ ദിലീപ്. ചിത്രം തീയേറ്ററുകളിൽ മികച്ച കളക്ഷനാണ് നേടുന്നത്. മുൻപ് അഭിനയിച്ചതുപോലുളള വേഷങ്ങൾ ഇപ്പോൾ ലഭിക്കുന്നില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ദിലീപ്, വർഷങ്ങൾക്ക് മുൻപ് ചെയ്ത പോലുളള വേഷങ്ങൾ ഇപ്പോൾ ചെയ്യുകയാണെങ്കിൽ വിമർശനങ്ങൾ കേൾക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. മലയാളികൾ അത്ര പെട്ടെന്നൊന്നും തന്നെ കൈവിടില്ലെന്നും ദിലീപ് കൂട്ടിച്ചേർത്തു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവച്ചത്.

'സിനിമ മാറിപോയെന്നാണ് എല്ലാവരും പറയുന്നത്. കഴിഞ്ഞ 30 വർഷത്തിനുളളിൽ പലതരത്തിലുളള ഹാസ്യവേഷങ്ങളും നായക വേഷങ്ങളും ചെയ്തുകഴിഞ്ഞു. അങ്ങനെയുളള വേഷങ്ങൾ ഇപ്പോൾ കിട്ടുന്നില്ല. ചിലർ പറയുന്നത് പഴയ ദിലീപിനെയാണ് വേണ്ടതെന്നാണ്. അങ്ങനെയുളള വേഷങ്ങൾ ചെയ്താലും വിമർശനങ്ങൾ കേൾക്കേണ്ടി വരും. സിനിമയുടെ കണ്ടന്റ് നോക്കുമ്പോൾ അതിൽ വലിയ പുതുമയൊന്നും കാണില്ല. പക്ഷെ അത് പുതുമുഖങ്ങൾ ചെയ്യുമ്പോൾ പ്രത്യേകതകൾ കൂടും.

പ്രിൻസ് ആൻഡ് ദി ഫാമിലി സംവിധാനം ചെയ്തിരിക്കുന്നത് പുതിയ സംവിധായകനാണ്. പുതിയ തലമുറയോടൊപ്പമാണ് ഇപ്പോൾ സിനിമ ചെയ്യുന്നത്. ജനിച്ച കാലം മുതൽക്കേ പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന വ്യക്തിയാണ് ഞാൻ. എന്റെ സിനിമകൾ കാണുമ്പോൾ പലരും പറയുന്നത് ഞാൻ നിരാശയോടെയാണ് അഭിനയിക്കുന്നതെന്നാണ്. എന്നിൽ വരുന്നത് അങ്ങനെയുളള കഥാപാത്രങ്ങളാണ്. എന്റെ മുഖത്ത് എപ്പോഴും സങ്കടമാണെന്ന് പറയുന്നുണ്ട്. സങ്കടമൊക്കെ എല്ലാവരുടെയും മനസിലുണ്ട്. ക്യാമറയുടെ മുൻപിൽ നീതി പുലർത്തുന്നുണ്ട്. സിനിമകൾ വിജയിച്ചില്ലെങ്കിലും പ്രശ്നമാണ്. ജനം ആഗ്രഹിക്കുന്ന സിനിമ കൊടുത്താൽ കൂടെ നിൽക്കും. മലയാളികൾ അത്ര പെട്ടന്നൊന്നും എന്നെ തളളിക്കളയില്ല'- ദിലീപ് പറഞ്ഞു.