പോത്തിൻകുട്ടികളിൽ തൈലേറിയ രോഗം 

Monday 12 May 2025 12:22 AM IST

കോട്ടയം : അന്യസംസ്ഥാനങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന പോത്തിൻ കുട്ടികളിൽ തൈലേറിയ രോഗം വ്യാപകമാകുന്നത് കർഷകരെ ആശങ്കയിലാഴ്ത്തുന്നു. ചൂട് കൂടിയതാണ് രോഗ കാരണമെന്നാണ് നിഗമനം. കന്നുകാലി വളർത്തലിലെ പ്രതിസന്ധിയും അധികചെലവും മൂലം ഭൂരിഭാഗം ക്ഷീരകർഷകരും പോത്ത് വളർത്തലിലേക്ക് തിരിഞ്ഞിരുന്നു. ചെലവ് കുറവാണെന്നതാണ് ഇതിലേക്ക് കൂടുതൽപ്പേരെയും ആകർഷിച്ചത്. ഒരു പോത്തിൻകുട്ടി പൂർണ്ണ ആരോഗ്യവാൻ ആകണമെകിൽ മൂന്നു മാസമെങ്കിലും മാതാവിന്റെ പാൽ കുടിക്കണം. എന്നാൽ പ്രസവിച്ച് ഒരു മാസത്തിനുള്ളിൽ പോത്തിൻ കുട്ടികൾ വിപണിയിലേക്ക് എത്തുകയാണ്. ഇതിന് രോഗപ്രതിരോധ ശേഷിയുമില്ല.

മറ്റ് മൃഗങ്ങളിലേക്കും പകരും

കണ്ണ് ചുമക്കുന്നതും വായിൽ നിന്നു വെള്ളനിറത്തിലുള്ള നിര വരുന്നതുമാണ് തൈലേറിയയുടെ ലക്ഷണം. രക്തം പരിശോധിച്ചാണ് രോഗം ഉറപ്പിക്കുന്നത്. മറ്റു മൃഗങ്ങളിലേക്കും ഇത് പകരും. കിലോയ്ക്ക് 175 രൂപ നിരക്കിലാണ് പോത്തിൻകുട്ടികളെ കച്ചവടക്കാർ വിൽക്കുന്നത്. കേരളത്തിന്റെ കന്നുകാലി സെൻസസ് റിപ്പോർട്ട് അനുസരിച്ച് വളർത്തുമൃഗങ്ങളുടെ എണ്ണത്തിൽ വൻകുറവാണുള്ളത്. ഈ സാഹചര്യത്തിൽ രോഗമുള്ള പോത്തിൻകുട്ടികൾ കൂടുതലായി എത്തുന്നത് കാര്യങ്ങൾ സങ്കീർണമാക്കും.

''പോത്തിൻകുട്ടികളെ അതിർത്തി ചെക്ക് പോസ്റ്റുകളിൽ കർശന പരിശോധനയ്ക്ക് വിധേയമാക്കണം. വിൽക്കുന്ന കേന്ദ്രങ്ങളിൽ കൊണ്ടുവന്നാൽ നിരീക്ഷണത്തിൽവച്ച് രോഗമില്ലെന്ന് ഉറപ്പുവരുത്തണം. മൃഗസംരക്ഷണ വകുപ്പ് ജാഗ്രത പുലർത്തണം. (എബി ഐപ്പ്,കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി)