ചുറ്റുവട്ടം: കടിപേടിച്ച് ജനം തെരുവ് നായ്ക്കളെ തല്ലിക്കൊല്ലാൻ അനുവദിക്കണം
തെരുവ് നായ്ക്കളെ പിടികൂടി വന്ധ്യം കരിച്ച് പിടിച്ചിടത്തു കൊണ്ടുവിടുന്ന എ.ബി.സി പദ്ധതി വാചകമടി മാത്രമായി മാറിയതോടെ പേപ്പട്ടികളുടെ കടിയേറ്റ് നുരയും പതയുമൊലിപ്പിക്കുന്ന അവസ്ഥ വരുത്താതെ തങ്ങളെ രക്ഷിക്കാൻ ആരുമില്ലേ എന്നു ചോദിക്കുകയാണ് ചുറ്റുവട്ടത്തുള്ളവർ. പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ട് പോലും രക്ഷയില്ലാത്ത ഗുരുതര സ്ഥിതി. എവിടെ തിരിഞ്ഞാലും തെരുവു നായ്ക്കൾ. ഇതിൽ പേ ബാധിച്ചവയെ തിരിച്ചറിയാനും കഴിയില്ല. കൊവിഡ് കാലത്ത് പി.പി.ഇ കിറ്റ് ധരിച്ചതുപോലെ പട്ടികളുടെ കടി ഏൽക്കാതിരിക്കാൻ പ്രത്യേകതരം കിറ്റ് റേഷൻ കടകളിലൂടെ വിതരണം ചെയ്യണമെന്നാവശ്യപ്പെടേണ്ട ഗതികേടിലാണ് ജനങ്ങൾ. പേ ബാധിക്കാതിരിക്കാൻ നായ്ക്കൾക്ക് കാലാകാലങ്ങളിൽ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം. വളർത്തു നായ്ക്കൾക്ക് മുഴുവൻ എടുത്തിട്ടില്ല. പിന്നല്ലേ തെരുവ് നായ്ക്കളുടെ കാര്യം. എ.ബി.സി പദ്ധതി നടത്തിപ്പ് കുടുംബശ്രീക്കാരെ ഏൽപ്പിച്ചിരുന്നു. എന്നാൽ പട്ടിയെ പിടിക്കാൻ പരിശീലനം നൽകിയില്ല. ആവശ്യമായ ഫണ്ടില്ല. ജീവനക്കാരില്ല... തുടങ്ങി ഇല്ലായ്മകൾ നീണ്ടതോടെ പദ്ധതി പരണത്തായി. തെരുവുനായ്ക്കൾ പെറ്റു പെരുകി. നാടു മുഴുവൻ മാലിന്യങ്ങൾ നിറഞ്ഞതോടെ നായ്ക്കളുടെ നിയന്ത്രണത്തിലായി തെരുവുകൾ. ഇവ എപ്പോൾ അക്രമാസക്തരാകുമെന്ന് പ്രവചിക്കാൻ കഴിയാത്ത സ്ഥിതി. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലാൻ അനുമതിയുള്ളത് പോലെ തെരുവ് നായ്ക്കളെ കൊല്ലുന്ന നാട്ടുകാർക്ക് നിയമ സംരക്ഷണം നൽകണം. നായ പ്രേമികളുടെ എതിർപ്പ് വകവയ്ക്കേണ്ട കാര്യമില്ല. ഗുരുതരാവസ്ഥ മനസിലാക്കി കോടതി കൂടി കനിഞ്ഞാൽ മതി. നായപിടിത്തക്കാരെ ഉപയോഗിച്ചായിരുന്നു തദ്ദേശ സ്ഥാപനങ്ങൾ തെരുവ് നായ്ക്കളെ നിയന്ത്രിച്ചിരുന്നത്. ഫലപ്രാപ്തിയില്ലാത്ത എ. ബി.സി പദ്ധതിയുടെ നാലിലൊന്നുമതി തെരുവ് നായ്ക്കളെ നിയന്ത്രിക്കാൻ. കമ്മീഷൻ അടിച്ചു മാറ്റാൻ കഴിയുന്ന കൂട്ടുകച്ചവടം നടക്കില്ലെന്ന ദോഷമേയുള്ളൂ. പേപ്പട്ടി കടിച്ചാലും പേ ബാധിക്കാതിരിക്കാനുള്ള പ്രതിരോധ കുത്തിവയ്പ്പ് മുൻകൂർ എടുപ്പിക്കാനുള്ള തീവ്രയത്ന പരിപാടി സർക്കാർ ആരംഭിക്കണം. അല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും. അത്തരമൊരു സ്ഥിതി വിശേഷം ഉണ്ടാക്കരുതെന്നാണ് ബന്ധപ്പെട്ടവരോട് ചുറ്റവട്ടത്തിന് അഭ്യർത്ഥിക്കാനുള്ളത്.