കരുത്തുകൂട്ടി  ന്യൂജെൻ ബ്രഹ്മോസ് , പുതിയ ബ്രഹ്മോസ് യൂണിറ്റ്  ലക്നൗവിൽ 

Monday 12 May 2025 12:00 AM IST

പ്രതിരോധ മന്ത്രി ഉദ്ഘാടനം ചെയ്തു

ന്യൂഡൽഹി: കഴിഞ്ഞ ദിവസം പാകിസ്ഥാന്റെ വ്യോമത്താവളങ്ങൾ അടക്കം തകർത്ത, ബ്രഹ്മോസ് ക്രൂയിസ് മിസൈലിന്റെ കരുത്തുകൂട്ടാൻ ഇന്ത്യ സജ്ജമായി. ലോകത്തെ ഏറ്റവും വേഗമേറിയതും പ്രഹരലക്ഷ്യത്തിൽ അതീവ കൃത്യത പുലർത്തുന്നതുമായ മിസൈലാണിത്.

സഞ്ചരിക്കുന്ന ട്രക്കിൽ നിന്നുപോലും തൊടുക്കാൻ കഴിയുന്ന ഏറ്റവും വേഗമേറിയ മിസൈൽ വികസിപ്പിച്ചത് ഇന്ത്യ മാത്രം.

കൂടുതൽ നവീകരിച്ച ബ്രഹ്‌മോസ് മിസൈലുകൾ നിർമ്മിക്കാനുള്ള പുതിയ കേന്ദ്രം ഉത്തർപ്രദേശിലെ ലഖ്നൗവിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്‌തു.

ഘടകങ്ങൾ സംയോജിപ്പിച്ച് നിലവിലുള്ള സൂപ്പർസോണിക് ബ്രഹ്മോസ് ക്രൂയിസ് മിസൈലുകളുടെ നിർമ്മാണവും പരീക്ഷണങ്ങളും ലഖ്‌നൗ യൂണിറ്റിൽ ഇതോടൊപ്പം നടക്കും. കരസേനയ്‌ക്കും വ്യോമസേനയ്‌ക്കുമായി 250 ബ്രഹ്‌മോസ് മിസൈലിനുള്ള 20,000 കോടിയുടെ ഓർഡർ നൽകി. പ്രതിവർഷം 80 മുതൽ 100 ​​വരെ മിസൈലുകൾ ഇവിടെ നിർമ്മിക്കാം.

300 കോടി രൂപ ചെലവിൽ, മിസൈൽ സംയോജനത്തിനും പരീക്ഷണത്തിനുമുള്ള ബ്രഹ്മോസ് എയ്‌റോസ്‌പേസ് ഇന്റഗ്രേഷൻ ആന്റ് ടെസ്റ്റിംഗ് ഫെസിലിറ്റിയും എയ്‌റോസ്‌പേസ്, പ്രതിരോധ സാമഗ്രികളുടെ നിർമ്മാണത്തിനുള്ള ടൈറ്റാനിയം ആന്റ് സൂപ്പർ അലോയ്‌സ് മെറ്റീരിയൽസ് പ്ലാന്റുമാണ് രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തത്. ഡിഫൻസ് ടെസ്റ്റിംഗ് ഇൻഫ്രാസ്ട്രക്ചർ സിസ്റ്റത്തിന് (ഡി.ടി.ഐ.എസ്) തറക്കല്ലിട്ടു. ബ്രഹ്മോസ്-II എന്ന് വിളിക്കുന്ന ഹൈപ്പർസോണിക് മിസൈൽ പണിപ്പുരയിൽ.

യു.പി സർക്കാർ സൗജന്യമായി നൽകിയ 80 ഹെക്‌ടറിൽ മൂന്നര വർഷത്തിനുള്ളിൽ ബ്രഹ്മോസ് യൂണിറ്റ് തയ്യാറായി.

ആദ്യ പ്രഹരം പാകിസ്ഥാന്

കഴിഞ്ഞ ദിവസം നടന്നത് ബ്രഹ്‌മോസിന്റെ കന്നിയുദ്ധം. സുഖോയ്-30 വിമാനത്തിൽ നിന്നാണ് ബ്രഹ്‌മോസ് പ്രയോഗിച്ചത്.

പാകിസ്ഥാനിലെ പാസ്‌റൂരിലെയും സിയാൽകോട്ടിലെയും റഡാറുകൾക്ക് പുറമേ, റഫീഖി (ഷോർകോട്ട്), മുരിദ് (ചക്‌വാൽ), റഹിം യാർ ഖാൻ, സുക്കൂർ, ചുനിയൻ (കസൂർ) വ്യോമ താവളങ്ങളിലും സ്കാർഡു, ഭോലാരി, ജേക്കബ്ബാദ്, സർഗോധ എയർഫീൽഡുകളിലും വൻ നാശനഷ്ടമുണ്ടാക്കി പ്രഹരശേഷി തെളിയിച്ചു.

പുതിയ തലമുറ `കുഞ്ഞൻ`

 290 കി.മീ പ്രഹര ശേഷി, ശബ്‌ദത്തെക്കാൾ മൂന്നര ഇരട്ടി വേഗം, ആറുമീറ്റർ നീളം, 1,290കിലോ ഭാരം (നിലവിലേത് 2,900 കിലോ), താഴ്ന്ന് പായുന്നതിനാൽ റഡാറുകളുടെ കണ്ണിൽപ്പെടില്ല.

 ലഖ്‌നൗവിൽ 100-150 വരെ മിസൈലുകൾ പ്രതിവർഷം നിർമ്മിക്കും

 തദ്ദേശീയമായ എയർഫ്രെയിമും ബൂസ്റ്ററും. (നിലവിൽ റഷ്യൻ)

 ഭാരം കുറവായതിനാൽ പോർവിമാനത്തിൽ മൂന്നെണ്ണം ഘടിപ്പിക്കാം.

 ടോർപിഡോ ട്യൂബുകളിൽ നിന്നും വിക്ഷേപിക്കാം.

നിലവിലെ മിസൈൽ

 400-700 കിലോമീറ്റർ വരെ ദൂരപരിധി

 ശബ്‌ദത്തെക്കാൾ 2.8 മടങ്ങ് വേഗത

റഡാറുകളുടെ കണ്ണിൽപ്പെടില്ല.

 ഏഴുതരം യുദ്ധക്കപ്പലുകളിൽ വിന്യസിച്ചു.

 കരസേനയ്‌ക്ക് മൂന്ന് ബ്രഹ്‌മോസ് റെജിമെന്റുകൾ.

 വ്യോമസേനയിൽ സുഖോയ് -30 വിമാനങ്ങളിൽ.

ഇന്ത്യ-റഷ്യ സംരംഭം:

ബ്രഹ്‌മോസ് വികസിപ്പിച്ചത് ഡി.ആർ.ഡി.ഒയും റഷ്യയുടെ എൻ.പി.ഒ മഷിനോസ്ട്രോയേനിയയും ചേർന്ന ബ്രഹ്മോസ് എയ്‌റോസ്‌പേസ്.

 ഇന്ത്യയിലെ ബ്രഹ്മപുത്ര, റഷ്യയിലെ മോസ്‌ക്‌വ നദികളുടെ പേരുകൾ

സംയോജിപ്പിച്ച് ബ്രഹ്മോസ് എന്നു നാമകരണം ചെയ്തു.

1995 ഡിസംബർ 5 ന് തുടങ്ങിയ സംയുക്ത കമ്പനിയിൽ ഇന്ത്യയ്‌ക്ക് 50.5% വും റഷ്യയ്‌ക്ക് 49.5% ഓഹരി.

`` ഇന്ത്യൻ സേനയുടെ ഗർജ്ജനം പാകിസ്ഥാന്റെ റാവൽപ്പിണ്ടിവരെ എത്തി``

- പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

ബ്ര​ഹ്മോ​സി​ന്റെ​ ​പ്ര​ഹ​ര​ശേ​ഷി​ ​പാ​കി​സ്ഥാ​ൻ​ ​ശ​രി​ക്കും​ ​മ​ന​സി​ലാ​ക്കി​യി​ട്ടു​ണ്ട്. -​യോ​ഗി​ ​ആ​ദി​ത്യ​ ​നാ​ഥ്,​​​ ​യു.​പി​ ​മു​ഖ്യ​മ​ന്ത്രി