വേനലിൽ കുളിരായി അധികമഴ
കണ്ണൂർ: കനത്ത ചൂടിൽ ഇത്തവണ വിയർത്തപ്പോൾ കുളിരണിയിച്ച് വേനൽമഴ. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ വേനൽ മഴ ലഭിച്ച വേനൽക്കാലമാണിത്. മലയോരത്തടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും കാറ്റുമാണ് ഇത്തവണ ഉണ്ടായത്.
മാർച്ച് ഒന്നു മുതൽ ഏപ്രിൽ 30വരെ ജില്ലയിൽ ലഭിച്ചത് 121 ശതമാനം അധിക മഴയാണ്. കണക്കുപ്രകാരം 63.9 മില്ലിമീറ്റർ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാൽ, 141 മില്ലിമീറ്റർ മഴയാണ് പെയ്തത്. പുളിങ്ങോം, ആറളം, കൊട്ടിയൂർ, അയ്യങ്കുന്ന്, ചെമ്പേരി എന്നിവിടങ്ങളിലാണ് കൂടുതൽ മഴ ലഭിച്ചത്.
വേനൽ മഴ സീസൺ രണ്ട് മാസം കഴിഞ്ഞപ്പോൾ കുടിവെള്ള പ്രശ്നം ഒരു പരിധിവരെ പരിഹരിക്കാനുമായി. ജലനിരപ്പ് താഴാത്തതിനാൽ സ്ഥിരം വരൾച്ചാപ്രദേശങ്ങളിൽ കാര്യമായ കുടിവെള്ള പ്രശ്നമുണ്ടായില്ല. പഴശ്ശിയുടെ സംഭരണ ശേഷിയിൽ കാര്യമായ കുറവുണ്ടായിട്ടില്ലെന്നതും ആശ്വാസമായി. ആറു വൻകിട കുടിവെള്ള പദ്ധതികൾക്കായി രാപകൽ വ്യത്യാസമില്ലാതെ പഴശ്ശിയിൽനിന്നും പമ്പിംഗ് നടക്കുന്നുണ്ടെങ്കിലും പുഴയിലേക്കുള്ള ശക്തമായ നീരൊഴുക്കാണ് സംഭരണ ശേഷിയെ പിടിച്ചുനിർത്തുന്നത്. ജപ്പാൻ സഹായത്തോടെ നിർമ്മിച്ച പട്ടുവം പദ്ധതി, കോളച്ചേരി പദ്ധതി, കീഴല്ലൂർ പദ്ധതി, കൂത്തുപറമ്പ് നഗരസഭ, പാട്യം പഞ്ചായത്ത് എന്നിവക്കുള്ള പദ്ധതി, അഞ്ചരക്കണ്ടി പദ്ധതി, ഇരിട്ടി, മട്ടന്നൂർ നഗരസഭകളിൽ കുടിവെള്ളമെത്തിക്കാനുള്ള പദ്ധതി ഇവയെല്ലാം പ്രവർത്തിക്കുന്നത് പഴശ്ശി സംഭരണിയെ ആശ്രയിച്ചാണ്.
പഴശ്ശിയിൽ 24.84 മീറ്റർ ജലം
ജില്ലയിലെ 30ലധികം പഞ്ചായത്തുകൾക്കും കണ്ണൂർ കോർപറേഷനും അഞ്ച് നഗരസഭകൾക്കും കുടിനീരു നൽകുന്നത് പഴശ്ശിയാണ്. 24.84 മീറ്റർ ജലമുണ്ട് സംഭരണിയിൽ. 26.52 മീറ്ററാണ് സംഭരണശേഷി. അഞ്ചുമാസമായി കനാൽ വഴിയും കുടിവെള്ള പദ്ധതിക്കുമായി വെള്ളമെടുത്തിട്ടും 1.68 മീറ്റർ വെള്ളമേ പദ്ധതിയിൽനിന്നും കുറഞ്ഞിട്ടുള്ളൂ. 18 മീറ്റർ വെള്ളം സംഭരണിയിൽ നിലനിർത്തണമെന്നാണ് ജല അതോറിറ്റിയും ജില്ല ഭരണകൂടവും നൽകിയ നിർദ്ദേശം.