സഞ്ചാരികളെ കാത്ത് നിടുകുളം കടവ്

Monday 12 May 2025 12:18 AM IST
നിടുകുളം കടവ് പാർക്ക്

കുറ്റ്യാട്ടൂർ: കൂടാളി ഗ്രാമപഞ്ചായത്തിന്റെ ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയുടെ ഭാഗമായി നിടുകുളം കടവ് പാർക്ക് ഒരുങ്ങുന്നു. കണ്ണൂർ ജില്ലാ പഞ്ചായത്തും കൂടാളി ഗ്രാമപഞ്ചായത്തും സംയുക്തമായി ഏകദേശം 56 ലക്ഷം രൂപയോളം ചെലവഴിച്ചാണ് പാർക്ക് നിർമ്മിക്കുന്നത്. പ്രാരംഭഘട്ടത്തിൽ ഓപ്പൺ ഓഡിറ്റോറിയം, സഞ്ചാരികൾക്ക് വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങൾ, ടോയ്ലറ്റ്, കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ ടീ ഷോപ്പുകൾ എന്നിവ ഒരുക്കും.

ഓപ്പൺ ഓഡിറ്റോറിയത്തിന്റെയും ടോയ്ലറ്റ്, ഇരിപ്പിടങ്ങൾ മുതലായവയുടെയും പ്രവർത്തികൾ പുരോഗമിക്കുകയാണ്. ഇവിടെ നിന്ന് ബോട്ട് സർവീസുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്. നായാട്ടുപാറയിൽ നിന്ന് ചോല റോഡ് വഴി ഏതാണ്ട് 4.8 കിലോമീറ്റർ സഞ്ചരിച്ചാൽ നിടുകുളം കടവിൽ എത്തിച്ചേരാം. കല്യാണ ഫോട്ടോ ഷൂട്ടുകൾ, സിനിമ ഷൂട്ടിംഗ്, യോഗങ്ങൾ നടത്തുവാനും കുടുംബസമേതം സായാഹ്നങ്ങൾ ചെലവഴിക്കാനും അവധി ദിനങ്ങൾ ആഘോഷിക്കുവാനും അനുയോജ്യമായ രീതിയിലാണ് പാർക്ക് ഡിസൈൻ ചെയ്യുന്നത്. നിലവിൽ ഇവിടെ ധാരാളം സഞ്ചാരികൾ വന്നു പോകുന്നുണ്ട്.

നിടുകുളം കടവ് പാർക്ക്‌ കൂടാളി ഗ്രാമപഞ്ചായത്തിന്റെ ടൂറിസം മാപ്പിലെ വലിയൊരു പ്രവർത്തനമാണ്. ഈ വർഷം പൂർത്തീകരിക്കാൻ ഉദ്ദേശിച്ച പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലെത്തിയിട്ടുണ്ട്. പ്രവൃത്തി തീരുന്നമുറയ്ക്ക് ഉദ്ഘാടനം നടത്തും. പാർക്ക്‌ പ്രാവർത്തികമാകുന്നതോടെ കൂടുതൽ വിനോദ സഞ്ചരികളെ ആകർഷിക്കാൻ സാധിക്കും .

പി . ദിവാകരൻ , കൂടാളി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ