എന്റെ കേരളം പ്രദർശന വിപണനമേള: അളവ്,​ തൂക്ക സംശങ്ങൾക്ക് ഉടനടി പരിഹാരം

Monday 12 May 2025 1:43 AM IST

കൊച്ചി: കടകളിൽ നിന്ന് വാങ്ങുന്ന സാധനങ്ങളുടെ അളവിലും തൂക്കത്തിലും സംശയം തോന്നിയാൽ അവ പരിഹരിക്കാനുള്ള മാർഗനിർദ്ദേശം നൽകി ലീഗൽ മെട്രോളജി വകുപ്പ്. ആലപ്പുഴ ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണനമേളയിലാണ് ലീഗൽ മെട്രോളജി വകുപ്പ് സംശയനിവാരണത്തിനായി സ്റ്റാൾ ഒരുക്കിയിരിക്കുന്നത്. സാധനങ്ങളിലെ അളവ്,​ തൂക്കങ്ങളെ സംബന്ധിച്ച് എന്ത് സംശയത്തിനും ഇവിടെ മറുപടി ലഭിക്കും. പണ്ടുകാലത്ത് അളവുതൂക്കം നിർണയിക്കുന്നതിനായി ഉപയോഗിച്ചിരുന്ന പറ, നാഴി, തോല, പൗണ്ട് തുടങ്ങിയ ഉപകരണങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. നൂതന ഉപകരണമായ ഇലക്ട്രോണിക് ബാലൻസും, ഫ്യൂവൽ ഡിസ്‌പെൻസറും കാണാം. സ്റ്റാളിലെ ഒരു വശത്തായുള്ള സ്‌ക്രീനിൽ ലീഗൽ മെട്രോളജി വകുപ്പിന്റെ നേട്ടങ്ങളും, സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും മനസിലാക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ലോകം മുഴുവൻ അളവുകളുടെ ഏകീകരണം സാദ്ധ്യമാകുന്നത് എങ്ങനെയെന്ന് വിശദമാക്കുന്ന ചാർട്ട്, ആളുകളുടെ ഭാരം അളക്കുന്നതിനുള്ള ഉപകരണം എന്നിവയുമുണ്ട്. സ്റ്റാളിൽ നിന്ന് നൽകുന്ന ചെറുപയറിന്റെ തൂക്കം കൃത്യമായി പ്രവചിച്ച് സമ്മാനവും നേടാം.