മൂന്നുമാസം റേഷൻ വാങ്ങിയില്ല,​ 7,120 റേഷൻകാർഡുകൾ കട്ട് !

Monday 12 May 2025 2:43 AM IST

കൊച്ചി: റേഷൻ ലിസ്റ്റിലെ മുൻഗണനാവിഭാഗത്തിൽ അനർഹമായി കയറിപ്പറ്റിയവരെ പുറത്താക്കുന്നതിന്റെ ഭാഗമായി 7,120 കാഡുകളെ പുറത്താക്കി. മൂന്നുമാസം തുടർച്ചയായി റേഷൻ വാങ്ങാത്ത മുൻഗണനാ വിഭാഗത്തിലുള്ള കാർഡുകളാണ് റദ്ദാക്കിയത്. പകരം അർഹരായവരെ പരിഗണിക്കുകയും ചെയ്തു. പുറത്തായവർ എന്തുകൊണ്ട് റേഷൻ വാങ്ങിയില്ല എന്നതുമായി ബന്ധപ്പെട്ട രേഖകൾ കാണിച്ചാൽ മുൻഗണന വിഭാഗത്തിൽ തുടരാം. 2021 മേയ് മുതലാണ് അനർഹരെ പുറത്താക്കൽ നടപടി ആരംഭിച്ചത്. സിവിൽ സപ്ലൈസ് വകുപ്പിന്റെ വെബ്‌സൈറ്റിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷമാണ് പുറത്താക്കൽ. സംസ്ഥാനത്ത് ഇതുവരെ

73326 കാർഡുകാരെ ഇത്തരത്തിൽ പുറത്താക്കിയിട്ടുണ്ട്. മാത്രമല്ല,​ അനർഹമായി മുൻഗണന കാർഡ് കൈവശം വച്ച് റേഷൻ വാങ്ങുന്നവർക്കെതിരെയും ശക്തമായ നടപടികളും ആരംഭിച്ചിട്ടുണ്ട്. റദ്ദാക്കിയ കാർഡുകൾക്ക് പകരം തദ്ദേശ സ്ഥാപനങ്ങൾ മുഖേന അർഹരെ കണ്ടെത്തി സപ്ലൈ ഓഫീസുകൾക്ക് കൈമാറാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

മാനദണ്ഡം

1000 ചതുരശ്രഅടിക്ക് മുകളിൽ വിസ്തീർണമുള്ള വീടുള്ളവർ, സർക്കാർ, അർദ്ധസർക്കാർ ജോലിയുള്ളവർ, പെൻഷൻകാർ, 25,000 രൂപക്ക് മുകളിൽ മാസവരുമാനമുള്ളവർ, വിദേശത്ത് ജോലിയുള്ളവർ, ഒരേക്കറിൽ കൂടുതൽ ഭൂമിയുള്ളവർ, ആദായനികുതി അടക്കുന്നവർ തുടങ്ങിയവരൊന്നും മുൻഗണനാവിഭാഗത്തിൽ വരില്ല.

സംസ്ഥാനത്ത്

ഒഴിവാക്കിയത്

പി.എച്ച്.എച്ച്: 61608

എ.എ.വൈ: 7357

എൻ.പി.എസ്: 4361

ആകെ: 73326

ജില്ലയിൽ

പി.എച്ച്.എച്ച്: 5326

എ.എ.വൈ: 826

എൻ.പി.എസ്: 968

ആകെ: 7,120