കായ്ഫലം കിട്ടാതെ നാളികേര കർഷകർ

Monday 12 May 2025 1:42 AM IST

ഉദിയൻകുളങ്ങര: നാളികേര വില കുതിച്ചുയർന്നിട്ടും ഗ്രാമങ്ങളിലെ കർഷകർക്ക് നാളികേര വിപണി ഉയർത്താനായിട്ടില്ല. വർഷത്തിൽ നാലു പ്രാവശ്യം വിളവെടുക്കുന്ന നാളികേര കൃഷിയിൽ കാലവർഷ വ്യതിയാനത്തോടെ മാറ്റങ്ങളായി. 40, 35ൽ കൂടുതൽ വിളവ് നേടിയിരുന്ന തെങ്ങുകളിൽ ഇപ്പോൾ വിളവ് കുറവാണ്. കൊച്ചങ്ങ കൊഴിഞ്ഞ് നഷ്ടപ്പെടുന്നതും മണ്ഡലി പിടിച്ച് തെങ്ങിന് രോഗബാധ ഉണ്ടാകുന്നതും പതിവായി. തമിഴ്നാട്,ആന്ധ്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് ഇപ്പോൾ നാളികേരം കേരളത്തിലെത്തുന്നത്.

കിലോയ്ക്ക് 40 രൂപയിൽ താഴെ വിലയുണ്ടായിരുന്ന നാളികേരം ഇപ്പോൾ ഹോൾസെയിൽ വില 62 രൂപക്കും റീട്ടെയിൽ വില 68,70 രൂപക്കാണ് ഉപഭോക്താവിന് ലഭിക്കുന്നത്.

കേരളത്തിലെ മികച്ച സാമ്പത്തിക സ്രോതസായിരുന്ന നാളികേര ഉത്പാദനം പ്രോത്സാഹിപ്പിക്കാൻ നാളികേര കോർപ്പറേഷൻ നിലവിൽ ഉണ്ടെങ്കിലും കർഷകരെ സഹായിക്കാൻ ശ്രമിക്കാറിലെന്ന ആക്ഷേപം ശക്തമാണ്.

നാളികേര ഉത്പാദനം

പ്രോത്സാഹിപ്പിക്കാനാകാതെ

ഗ്രാമങ്ങളിൽ ഒരു തെങ്ങിൽ കയറുവാൻ 50 രൂപയാണ് തൊഴിലാളിക്ക് നൽകേണ്ടത്. ഒരു തെങ്ങിൽ പത്തിൽ താഴെയെ തേങ്ങ ലഭിക്കാറുള്ളൂ. നാളികേര ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് പഞ്ചായത്തുകളിലും, മുൻസിപ്പാലിറ്റികളിലും, കോർപ്പറേഷനുകളിലും ഹരിതകർമ്മ സേനയിലും തെങ്ങുകയറ്റ യന്ത്രങ്ങൾ ഉപയോഗിച്ച് പരിശീലനം നൽകുവാൻ മുന്നിട്ടിറങ്ങിയെങ്കിലും നടന്നില്ല.

ഹോൾസെയിൽ വില 62രൂപ

റീട്ടെയിൽ വില 68,70രൂപ

വ്യാജനും വിപണിയിൽ

അന്യസംസ്ഥാനങ്ങളിൽ നിന്നും നാടൻ തേങ്ങ എന്ന തരത്തിൽ വ്യാജനും വിപണിയിലുണ്ട്.

കരിക്കിനും 45 രൂപയിലധികം നൽകേണ്ടി വരുന്നതിനാൽ നാളികേര കൃഷി ഗ്രാമങ്ങളിൽ കർഷകർക്ക് നഷ്ടത്തിലാകുന്നു. ഇവിടെ കരിക്ക് ഉത്പാദനവും കഴിഞ്ഞവർഷത്തേക്കാൾ നേർപകുതിയായി മാറിയിട്ടുണ്ട്.