കനറാ ബാങ്കിലെ നിക്ഷേപ തട്ടിപ്പ്: പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി

Monday 12 May 2025 12:52 AM IST

കൊച്ചി: കനറാ ബാങ്കിൽ നിന്ന് നിക്ഷേപകരുടെ 8.13 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയും ബാങ്കിലെ ജീവനക്കാരനുമായിരുന്ന കൊല്ലം ആവണീശ്വരം സ്വദേശി വിജീഷ് വർഗീസിന്റെയും ഭാര്യ സൂര്യയുടെയും 1.11 കോടി രൂപയുടെ വസ്തുവകകൾ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി.

ഇയാൾക്കെതിരെ പത്തനംതിട്ട പൊലീസ് 2021 ൽ രജിസ്റ്റർ ചെയ്ത കേസിൽ ഇ.ഡിയും അന്വേഷണം ആരംഭിച്ചിരുന്നു. 2019 ഡിസംബർ ആറിനും 2021 ഫെബ്രുവരിക്കുമിടെ 191 ഇടപാടുകളിലായി 8.13 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പൊലീസ് കണ്ടെത്തിയത്. സ്ഥിരനിക്ഷേപകരുടെ അക്കൗണ്ടുകളിലും കാലാവധി കഴിഞ്ഞിട്ടും പിൻവലിക്കാതിരുന്ന അക്കൗണ്ടുകളിലുമാണ് തിരിമറി നടത്തിയത്. സ്വന്തം പേരിലും ഭാര്യയുടെയും ഭാര്യാപിതാവിന്റെയും അക്കൗണ്ടുകളിലേക്കാണ് പണം മാറ്റിയതെന്നും കണ്ടെത്തി. ഈ തുകയെല്ലാം ഓഹരിവിപണിയിലും സ്റ്റോക്കിലുമാണ് നിക്ഷേപിച്ചത്.