കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയിൽ പിഴവ്; ക്ലിനിക്ക് അധികൃതർ കുറ്റക്കാരെന്ന് കണ്ടെത്തൽ

Monday 12 May 2025 1:52 AM IST

തിരുവനന്തപുരം: വയറിലെ കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയപ്പിഴവിനെത്തുടർന്ന് യുവതിക്ക്‌ വിരലുകൾ നഷ്ടപ്പെട്ടതിൽ കോസ്മെറ്റിക് ക്ലിനിക്ക് അധികൃതർ കുറ്റക്കാരാണെന്ന് കണ്ടെത്തൽ.‌ 2 ദിവസങ്ങളിലായി വിവിധ ഡോക്ടർമാരുമായി ചേർന്ന മെ‍‍ഡിക്കൽ എത്തിക്സ് കമ്മിറ്റി യോഗത്തിന്റേതാണ് വിലയിരുത്തൽ. സങ്കീർണമായൊരു ശസ്ത്രക്രിയ നടത്താൻ കോസ്‌മെറ്റിക് ക്ലിനിക്ക് പ്രാപ്തമല്ലെന്നും ആശുപത്രിയിൽ മതിയായ സൗകര്യങ്ങളില്ലെന്നുമാണ് കണ്ടെത്തൽ. രക്തസമ്മർദം ക്രമാതീതമായി താഴ്ന്നുകൊണ്ടിരിക്കുമ്പോഴും രോ​ഗിയെ വെന്റിലേറ്റർ സൗകര്യമില്ലാത്ത ആശുപത്രിയിൽ 12 മണിക്കൂറോളം കിടത്തി. നിർണായകമായ 12 മണിക്കൂറിൽ കൃത്യമായ ചികിത്സ ലഭ്യമാകാതിരുന്നത് രോ​ഗിയുടെ രക്തയോട്ടത്തെ ബാധിച്ചു. ഇതുകാരണമാണ് രോ​ഗിയുടെ വിരലുകൾ മുറിച്ചുമാറ്റേണ്ടിവന്നത്. ജനറൽ അനസ്തേഷ്യ നൽകിയ രോ​ഗിയെ 24 മണിക്കൂർ നിരീക്ഷണത്തിൽ വയ്ക്കണമെന്നതും പാലിക്കപ്പെട്ടില്ല. ശസ്ത്രക്രിയയ്ക്ക് തൊട്ടടുത്ത ദിവസം രാവിലെ തന്നെ ഇവരെ ഡിസ്ചാർജ് ചെയ്തിരുന്നു. ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടെന്ന് ബോദ്ധ്യപ്പെടുത്തിയിട്ടും കാർഡിയോളജി സൗകര്യമില്ലാത്ത ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി എന്നീ വിവരങ്ങളാണ് പ്രധാനമായും ചർച്ചചെയ്യപ്പെട്ടത്. മെഡിക്കൽ എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് തിങ്കളാഴ്ച സമർപ്പിച്ചേക്കും. തുടർന്ന് പൊലീസ് നടപടി സ്വീകരിക്കും.

രോ​ഗിയുടെ കുടുംബത്തിന്റെ പരാതിയെ തുടർന്ന് ശസ്ത്രക്രിയ പിഴവ് വിലയിരുത്താൻ ജില്ലാ ​ഗവൺമെന്റ് പ്ലീഡർ അഡ്വ.ടി​.ഗീനാകുമാരി,ഡി.എം.ഒ ഡോ.ബിന്ദു മോഹൻ,ഫോറൻസിക് വിഭാ​ഗം മേധാവി ശ്രീദേവി എന്നിവരടങ്ങുന്ന മെഡിക്കൽ എത്തിക്സ് കമ്മിറ്റി വ്യാഴാഴ്ചയും ശനിയാഴ്ചയും യോ​ഗം ചേർന്നിരുന്നു. മെഡിക്കൽ കോളേജിലെ പ്ലാസ്റ്റിക് സർജറി,സർജറി,മെഡിക്കൽ, അനസ്‌തേഷ്യോളജി, കാർഡിയോളജി, ക്രിട്ടിക്കൽ കെയർ,റേഡിയോളജി എന്നീ വിഭാ​ഗം മേധാവികളാണ് യോ​ഗത്തിൽ പങ്കെടുത്തത്.

ഫെബ്രുവരി 22നാണ് സോഫ്റ്റ്‌വെയർ എൻജിനിയർ എം.എസ്.നീതുവിന് കുളത്തൂരിലെ കോസ്മെറ്റിക്‌ ക്ലിനിക്കിൽ ശസ്ത്രക്രിയ നടന്നത്. അടുത്തദിവസം ആരോ​ഗ്യസ്ഥിതി മോശമായ നീതുവിനെ വി​ദ​​ഗ്ദ്ധ ചികിത്സയ്ക്കായി അനന്തപുരി ആശുപത്രിയിലേക്ക് മാറ്റി. ഇടതുകൈയിലെ നാലും ഇടതുകാലിലെ അഞ്ചും വിരലുകൾ മുറിച്ചുമാറ്റപ്പെട്ട നീതു ഇപ്പോഴും ചികിത്സയിലാണ്. നീതുവിന്റെ കുടുംബത്തിന്റെ പരാതിയെ തുടർന്ന് ക്ലിനിക്ക് ഉടമ ‌ഡോ.ബിബിലാഷ് ബാബു,ശസ്‌ത്രക്രിയ നടത്തിയ ഡോ.ഷെനോൾ ശശാങ്കൻ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ശനിയാഴ്ചയും പൊലീസ് കുളത്തൂരിലെ കോസ്മെറ്റിക് ക്ലിനിക്കിൽ പരിശോധന നടത്തിയിരുന്നു. നിലവിൽ നോട്ടീസ് നൽകിയതിന്റെ അടിസ്ഥാനത്തിൽ ക്ലിനിക്കിന്റെ പ്രവർത്തനം നിറുത്തിവച്ചിരിക്കുകയാണ്.