വീട് കുത്തിത്തുറന്ന് മോഷണം, ഒരാൾ പിടിയിൽ

Monday 12 May 2025 12:54 AM IST

നേമം: നേമം പൊലീസ് സ്റ്റേഷന് എതിർവശത്ത് ആളില്ലാത്ത വീട് കുത്തിത്തുറന്ന് ഹോം തിയേറ്ററടക്കം നാല് ലക്ഷത്തോളം രൂപയുടെ ഇലക്ട്രോണിക്സ് സാധനങ്ങൾ മോഷ്ടിച്ച മൂന്നംഗസംഘത്തിലെ ഒരാൾ പിടിയിൽ. വെമ്പായം കടുവാക്കുഴി വീട്ടിൽ ശരത് എസ്.വി(33)യെ ആണ് നേമം പൊലീസ് അറസ്റ്ര് ചെയ്തത്. ഇക്കഴിഞ്ഞ 6-നാണ് പൊലീസ് സ്റ്റേഷനിൽ നിന്ന് നൂറ് മീറ്റർ അകലം പോലുമില്ലാത്ത ഗണപതി കോവിലിന് എതിർവശത്ത് സീതിമീരാൻ സാഹിബിന്റെ താജ് ഹൗസിൽ നിന്ന് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ മോഷ്ടിച്ചത്. നേമം സ്വദേശിയായ സീതിയും കുടുംബവും സ്ഥിരമായി ഈ വീട്ടിൽ താമസിക്കാറില്ല. ഞായറാഴ്ച വൈകിട്ട് ഇവർ വഴുതക്കാട്ടെ വീട്ടിൽ പോയി.തിങ്കളാഴ്ച വൈകിട്ട് മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരമറിയുന്നത്. സി.സി.ടി.വി ദൃശ്യങ്ങൾ പിന്തുടർന്നാണ് പ്രതിയെ നേമം പൊലീസ് പോത്തൻകോട് വച്ച് പിടികൂടിയത്. പിന്നാലെ ഇയാളുടെ വീട്ടിൽ നിന്ന് ഉപകരണങ്ങളും അന്നേ ദിവസം സംഘം സഞ്ചരിച്ച ഓട്ടോറിക്ഷയും പിടിച്ചെടുക്കുകയായിരുന്നു. സംഘത്തിൾപ്പെട്ട ശരത് ആണ് ഓട്ടോറിക്ഷ ഓടിച്ചിരുന്നത്. ഇയാളുടെ ഒപ്പമുണ്ടായിരുന്ന തക്കലക്കാരായ രണ്ടു പേർ മറ്റൊരു മോഷണക്കേസിൽ തക്കല പൊലീസ് പിടികൂടി അറസ്റ്റ് ചെയ്ത് റിമാന്റിലായതിനാൽ ഇവരെ പിന്നീട് മാത്രമേ അറസ്റ്ര് ചെയ്യാനാകൂ എന്ന് നേമം പൊലീസ് പറഞ്ഞു.