പാകിസ്ഥാന് വീണ്ടും പിന്തുണയുമായി ചൈന
ഇസ്ലാമാബാദ്: ഇന്ത്യ-പാകിസ്ഥാൻ വെടിനിറുത്തലിനുശേഷവും പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ ചൈനീസ് വിദേശകാര്യ മന്ത്രി വാങ്‌യിയുമായി ചർച്ച നടത്തി. ഇന്ത്യ പാകിസ്ഥാൻ സൈനിക സംഘർഷത്തിലെ പ്രാദേശിക സ്ഥിതിഗതികളെക്കുറിച്ചുള്ള ചർച്ചയാണ് നടന്നതെന്ന് ഇഷാഖ് ദാർ പറഞ്ഞു.
അതേസമയം, പാകിസ്ഥാന്റെ പരമാധികാരം,പ്രാദേശിക അഖണ്ഡത,ദേശീയ സ്വാതന്ത്ര്യം എന്നിവയ്ക്കുള്ള തങ്ങളുടെ ഉറച്ച പിന്തുണ ചൈന വീണ്ടും ഉറപ്പിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പാകിസ്ഥാന്റെ സംയമനത്തെയും സ്ഥിതിഗതികളെ ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്തതിനെയും ചൈനീസ് മന്ത്രി പ്രശംസിച്ചു. കര, വ്യോമ, നാവിക അതിർത്തികളിൽ ഉടനടി വെടിനിറുത്തൽ നടത്താൻ ഇന്ത്യയും പാകിസ്ഥാനും സമ്മതിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് ചൈനയുടെ ഈ ഇടപെടൽ. ഇതിനിടെ ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള ഇന്ത്യയുമായുള്ള വെടിനിറുത്തൽ ധാരണയിൽ യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ പങ്കിനെയും പാകിസ്ഥാൻ സ്വാഗതം ചെയ്തിരുന്നു. അയൽരാജ്യങ്ങൾ തമ്മിലുള്ള കശ്മീർ വിഷയത്തിൽ മദ്ധ്യസ്ഥത വഹിക്കാനുള്ള അദ്ദേഹത്തിന്റെ വാഗ്ദാനത്തിന് നന്ദി പറയുന്നുവെന്നും പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.