അതിർത്തി ശാന്തം; ഗ്രാമ വാസികൾക്ക് ആശ്വാസം

Monday 12 May 2025 1:09 AM IST

ന്യൂഡൽഹി: ശനിയാഴ്ചത്തെ വെടിനിറുത്തൽ ധാരണ മണിക്കൂറുകൾക്കകം പാകിസ്ഥാൻ ലംഘിച്ചെങ്കിലും ജമ്മു കാശ്‌മീരിലെ നിയന്ത്രണ രേഖയിലുടനീളം ഇന്നലെ സ്ഥിതി ശാന്തമായിരുന്നു. പാകിസ്ഥാന്റെ ഭാഗത്തു നിന്ന് പ്രകോപനമുണ്ടായില്ല. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത പാക് ഷെല്ലാക്രമണമുണ്ടായ രജൗറി, പൂഞ്ച്, ഉറി, ആർ.എസ്.പുര സെക്‌ടറുകൾ ഉൾപ്പെടെ ഇന്നലെ ശാന്തമായിരുന്നു.

അന്തരീക്ഷത്തിലെ നിശബ്‌ദത ഏറെ ദിവസങ്ങൾക്ക് ശേഷമാണ് അതിർത്തി മേഖലകളിലെ ഗ്രാമീണർ അനുഭവിക്കുന്നത്. കനത്ത വെടിവയ്പ്പു ശബ്‌ദവും, ഷെല്ലുകൾ വീഴുന്നതിന്റെ ഉഗ്ര സ്‌ഫോടനവും കേട്ട കാതുകൾക്കിപ്പോൾ ആശ്വാസം. ഇനിയെങ്കിലും സ്വസ്ഥമായി ഉറങ്ങാൻ കഴിയുമെന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നു. എങ്കിലും പാക് പ്രകോപനം ആവർത്തിക്കുമോയെന്ന ആശങ്ക പലരും പങ്കുവയ്ക്കുന്നു.

അതേസമയം, വീടുകളിലേക്ക് മടങ്ങാൻ തിരക്ക് കൂട്ടരുതെന്ന് ജമ്മു കാശ്‌മീർ പൊലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു. ക്യാമ്പുകളിലും സുരക്ഷിത സ്ഥലങ്ങളിലും തന്നെ തുടരണം. ഡ്രോണുകളുടെയും മിസൈലുകളുടെയും ഷെല്ലുകളുടെയും ഭാഗങ്ങൾ ഇപ്പോഴും പല മേഖലകളിലും ചിതറിക്കിടപ്പുണ്ട്. അവ പൊട്ടാൻ സാദ്ധ്യതയുണ്ട്. അതിനാൽ, അവ പൂർണമായും നീക്കിയശേഷം വീടുകളിലേക്ക് മടങ്ങിയാൽ മതിയെന്നാണ് നിർദ്ദേശം.

ബോംബ് സ്‌ക്വാഡുകളെ മേഖലകളിൽ നിയോഗിച്ച് അവശിഷ്‌ടങ്ങൾ നിർവീര്യമാക്കും. 2023ൽ ഷെൽ അവശിഷ്‌ടങ്ങൾ പൊട്ടിത്തെറിച്ച് 41പേർ നിയന്ത്രണരേഖയ്‌ക്ക് സമീപമുള്ള മേഖലകളിൽ കൊല്ലപ്പെട്ടിരുന്നു. അത് ആവർത്തിക്കാതിരിക്കാനാണ് ജാഗ്രത നിർദ്ദേശം. ബരാമുള്ള, ബന്ദിപോര, കുപ്‌വാര ജില്ലകളിൽ മാത്രം ഒന്നരലക്ഷത്തോളം പേരെയാണ് ഇത്തവണ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിയത്.

പുനരധിവാസം വെല്ലുവിളി

പാക് ഷെല്ലാക്രമണത്തിൽ തകർന്ന നൂറുകണക്കിന് വീടുകൾ പുനർനിർമ്മിക്കണം. നഷ്‌ടങ്ങളുടെ കണക്കെടുക്കണം. വീട്ടുസാധനങ്ങൾ ഉൾപ്പെടെ ലഭ്യമാക്കണം. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം വീതം നഷ്‌ടപരിഹാരം ജമ്മു കാശ്‌മീർ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. പുനരധിവാസത്തിന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സഹായിക്കുമെന്ന് ഗ്രാമീണർ പ്രതീക്ഷിക്കുന്നു.

പഞ്ചാബ് അതിർത്തിയിലും

ആശ്വാസം

പഞ്ചാബിലെ അതിർത്തി ഗ്രാമങ്ങളിൽ ജനങ്ങൾ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. പാക് പ്രകോപനം രൂക്ഷമായതോടെ 80% കുടുംബങ്ങളും ബന്ധുവീടുകളിലേക്കടക്കം മാറിയിരുന്നു. രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങളും വെടിനിറുത്തലിൽ ആഹ്ലാദം പ്രകടിപ്പിച്ചു.