ഇന്ത്യയുടെ കരുത്തിൽ മുട്ടുമടക്കി പാകിസ്ഥാൻ
ന്യൂഡൽഹി: ചുരുങ്ങിയ സമയത്തിനുള്ളിൽ കൃത്യതയുള്ള ഇന്ത്യൻ ആക്രമണം. തന്ത്രപ്രധാന കേന്ദ്രങ്ങളും വ്യോമ, റഡാർ സ്റ്റേഷനുകളുമുൾപ്പെടെ തകർത്ത ആസൂത്രണം. ഭീകരരുടെ ഒളിത്താവളങ്ങൾ ചാരമാക്കിയ തന്ത്രം. ഇനിയും പ്രകോപിപ്പിച്ചാൽ തകർക്കാൻ ഇന്ത്യക്ക് നിമിഷങ്ങൾ മാത്രം മതിയെന്ന തിരിച്ചറിവ്.. വെടിനിറുത്തലിന് അഭ്യർത്ഥിച്ച് മാളത്തിലൊളിക്കാൻ പാകിസ്ഥനെ പ്രേരിപ്പിച്ച കാരണങ്ങളിതൊക്കെയാണ്.
ഇന്ത്യക്ക് മുമ്പിൽ നിൽക്കള്ളിയില്ലാതെയാണ് പാകിസ്ഥാൻ മുട്ടുമടക്കിയത്. ഇന്ത്യയുടെ പ്രത്യാക്രമണം നീണ്ടാൽ തങ്ങളുടെ സൈനികപ്രതിരോധം ഇല്ലാതാകുമെന്ന് പാകിസ്ഥാൻ ഭയപ്പെട്ടു. ഒരൊറ്റ നീക്കത്തിലാണ് പാകിസ്ഥാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളും വ്യോമ, റഡാർ സ്റ്റേഷനുകളുമുൾപ്പെടെ ഇന്ത്യ തകർത്തത്. ഇവയെല്ലാം കൃത്യമായി രേഖപ്പെടുത്തിയായിരുന്നു ആക്രമണം. ഒന്നുപോലും പാഴായില്ല. ഇതോടെ പാകിസ്ഥാന്റെ മുട്ടിടിച്ചു.
കാലഘട്ടത്തിന്റെ യുദ്ധമുറകൾക്കനുസരിച്ചുള്ള അത്യാധുനിക സാങ്കേതികവിദ്യയും ഇന്റലിജൻസ് സംവിധാനവും യുദ്ധവിമാനങ്ങളുമാണ് ഇന്ത്യയുടെ കരുത്ത്. പാകിസ്ഥാന്റെ 300ലധികം ഡ്രോണുകളും മിസൈലുകളും എസ് 400 എന്ന വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഇന്ത്യ തകർത്തു.
അതിർത്തിക്ക് കിലോമീറ്ററുകൾ അപ്പുറംവച്ച് ഇതിൽ പലതും നിർവീര്യമാക്കി. പാകിസ്ഥാൻ വജ്രായുധമായി കണക്കാക്കിയിരുന്ന ഫത്താ 2 ബാലിസ്റ്റിക് മിസൈലിനെ ചാരമാക്കി. അതോടെ ഇനി പിടിച്ചുനിൽക്കാനാവില്ലെന്ന് പാകിസ്ഥാൻ മനസിലാക്കി. ആണവനീക്കം നടത്തിയാൽ അത് അവിടെവച്ചുതന്നെ നശിപ്പിക്കാൻ ഇന്ത്യക്കാകുമെന്ന് പാകിസ്ഥാന് ബോധ്യപ്പെട്ടു.
കിറുകൃത്യം, സൂക്ഷ്മം
കിറുകൃത്യവും സൂക്ഷ്മവുമായിരുന്നു ഇന്ത്യയുടെ പ്രഹരം. കിലോമീറ്ററുകൾ അകലെയുള്ള പാക് ലക്ഷ്യസ്ഥാനങ്ങളെ അടയാളപ്പെടുത്തി കൃത്യം അവിടെത്തന്നെ ആക്രമണം നടത്തി. ഏതെങ്കിലും പ്രദേശം ലക്ഷ്യമിട്ട് അവിടം മുഴുവൻ നശിപ്പിക്കുന്ന രീതിയല്ല ഇന്ത്യയുടേത്. ലക്ഷ്യത്തെ മാത്രം ആക്രമിക്കാനാകുന്ന കൃത്യതയാണ് ഇന്ത്യയുടെ യുദ്ധതന്ത്രം.
ബങ്കറുകൾക്കും കെട്ടിടങ്ങൾക്കുമകത്തേക്ക് തുരന്നു കയറി പൊട്ടിത്തെറിക്കുന്ന മിസൈലുകളും ബോംബുകളും ഇന്ത്യക്കുണ്ട്. സ്‌കാൽപ് മിസൈൽ, ഹാമർ ബോംബ് തുടങ്ങി അത്യാധുനിക ആയുധങ്ങൾ, മിറാഷ്, സുഖോയ് 30, ലോകത്തിലെ തന്നെ മികച്ച യുദ്ധവിമാനമായ റഫാൽ തുടങ്ങിയവയടക്കമുണ്ട്.
പാകിസ്ഥാന്റെ ആക്രമണം ദുർബലമായിരുന്നു. അലക്ഷ്യമായി ഷെല്ലുകളും ഡ്രോണുകളും ഇന്ത്യക്ക് നേരെ വർഷിച്ചതല്ലാതെ ഫലപ്രദമായ ഒരു നീക്കംപോലും നടത്താനുള്ള കരുത്ത് പാകിസ്ഥാനില്ലെന്ന് ലോകത്തിന് വ്യക്തമായി. അലക്ഷ്യമായി പതിച്ച ചില ഷെല്ലുകൾ അല്ലാതെ ഡ്രോണുകളും മിസൈലുകളുമൊന്നും ഇന്ത്യയെ തൊട്ടില്ല.
ആക്കംകൂട്ടി സാമ്പത്തിക,
ആഭ്യന്തര പ്രതിസന്ധി
1.പരിതാപകരമായ അവസ്ഥയിലാണ് പാകിസ്ഥാൻ വെടിനിറുത്തലിന് അഭ്യർത്ഥിച്ചത്.
പാകിസ്ഥാനിലെ ജനജീവിതം ഏതാണ്ട് താറുമാറാകുന്ന അവസ്ഥയിലെത്തി. അവശ്യവസ്തുക്കളുടെ ദൗർലഭ്യവും ഇന്ധന ക്ഷാമവും സ്ഥിതി ഗുരുതരമാക്കി. ഐ.എം.എഫ് അനുവദിച്ച തുക ആശ്വാസമാണെങ്കിലും യുദ്ധം തുടർന്നാൽ രാജ്യം തകരുമെന്നും ബോദ്ധ്യപ്പെട്ടു.
2.ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ച സന്ദർഭത്തിൽതന്നെ പാകിസ്ഥാനിലെ വിമത ഗ്രൂപ്പായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബി.എൽ.എ) അവസരം മുതലാക്കിയതും പ്രതിസന്ധി കൂട്ടി. ക്വറ്റയുൾപ്പെടെ തന്ത്രപ്രധാന സ്ഥലങ്ങൾ ബി.എൽ.എ പിടിച്ചെടുത്തു. ബലൂചിസ്ഥാനിൽ സ്വതന്ത്ര രാജ്യം സ്ഥാപിക്കാനുള്ള നീക്കം ശക്തമായതോടെ വെല്ലുവിളികൾ ഒഴിവാക്കാൻ പാകിസ്ഥാന് ഇന്ത്യയോട് മുട്ടുമടക്കേണ്ടി വന്നു.