നാടിന്റെ അഭിമാനം ധീര ജവാൻ മുരളി നായിക്കിന്റെ കുടുംബത്തിന് 75 ലക്ഷം
വിജയവാഡ: ഇന്ത്യ- പാക് സംഘർഷത്തിൽ വീരമൃത്യു വരിച്ച ആന്ധ്രസ്വദേശി കരസേനാ ജവാൻ മുരളി നായിക്കിന്റെ കുടുംബത്തിന് 50 ലക്ഷം രൂപയും അഞ്ച് ഏക്കറും ഒരു വീടും പ്രഖ്യാപിച്ച് ആന്ധ്ര സർക്കാർ. നായികിന്റെ പിതാവ് ശ്രീറാമിന് സർക്കാർ ജോലി നൽകും. ഉപമുഖ്യമന്ത്രി പവൻ കല്യാൺ 25 ലക്ഷം രൂപ കൂടി നൽകും.
ശ്രീ സത്യസായി ജില്ലയിലെ ഗൊരാന്റല, ഗുമ്മയ്യഗരിപള്ളി, കല്ലിതണ്ട ഗ്രാമത്തിൽ ഇന്നലെ നടന്ന ജവാൻ മുരളി നായിക്കിന്റെ സംസ്കാര ചടങ്ങിനുശേഷമാണ് പ്രഖ്യാപനമുണ്ടായത്. സമീപ ജില്ലകളിൽ നിന്നുൾപ്പെടെ വൻ ജനാവലിയാണ് ധീരജവാന് അന്തിമോപചാരമർപ്പിക്കാൻ ഒഴുകിയെത്തിയത്. ദേശീയ പതാക വീശിയാണ് പലരും എത്തിയത്. അന്ത്യാഭിവാദ്യമർപ്പിക്കാൻ മണിക്കൂറുകളോളം കാത്തു നിൽക്കേണ്ടി വന്നു.. "ഭാരത് മാതാ കീ ജയ്, മുരളി നായിക് അമർ രഹേ" എന്ന മുദ്രാവാക്യങ്ങളും കൊണ്ട് ഗ്രമം നിറഞ്ഞു.
ഉപമുഖ്യമന്ത്രി പവൻ കല്യാൺ, മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ മകനും ഐ.ടി, മാനവ വിഭവശേഷി മന്ത്രിയുമായ നര ലോകേഷ്, ആഭ്യന്തര മന്ത്രി വി. അനിത, മന്ത്രിമാരായ എസ്. സവിത, സത്യ കുമാർ യാദവ്, അനഘാനി സത്യപ്രസാദ് എന്നിവരും നായികിന്റെ ഭൗതിക ശരീത്തിൽ പുഷ്പാർച്ച നടത്തി. നായികിന്റെ അമ്മ ജ്യോതി ബായി പൊട്ടിക്കരഞ്ഞ് കുഴഞ്ഞുവീണു. നായികിന്റെ മാതാപിതാക്കളെ ആശ്വസിപ്പിക്കാൻ പവൻ കല്യാണും ലോകേഷും ഏറെ നേരം അവർക്കൊപ്പം ചെലവഴിച്ചു.
സംഘർഷത്തിനിടെ വെള്ളിയാഴ്ച വീരമൃത്യുവരിച്ച മുരളിനായികിന്റെ മൃതശരീരം ശനിയാഴ്ച രാത്രി ബംഗളൂരു വിമാനത്താവളത്തിലും അവിടെ നിന്നും കല്ലിതാണ്ടിയിലും എത്തിച്ചത്. പ്രദേശത്തെ എം.എൽ.എകൂടിയായ മന്ത്രി എസ്. സവിത ഭൗതികശരീരം സ്വീകരിച്ചു. ബംഗളൂരുവിൽ നിന്നുള്ള ഇന്ത്യൻ ആർമിയിലെ മുതിർന്ന ഉദ്യോഗസ്ഥർ, ജില്ലാ കളക്ടർ ടി.എസ്. ചേതൻ, പൊലീസ് സൂപ്രണ്ട് വി. രത്‌ന എന്നിവരും ഒപ്പമെത്തിയിരുന്നു. ഏറെ ദൂരം ജവാന്റെ ഭൗതികശരീരം മന്ത്രി നര ലോകേഷ് തോളിലേറ്ര് നടന്നു. വിലാപയാത്രയിലുടനീളം ദേശീയ പതാക വീശി അദ്ദേഹം പങ്കെടുത്തു.
ഗ്രാമം ഇനി 'മുരളി നായിക് തണ്ട'
ഗ്രാമവാസികളുടെ അഭ്യർത്ഥനയ്ക്ക് മറുപടിയായി, കല്ലി തണ്ട ഗ്രാമത്തിന്റെ പേര് 'മുരളി നായിക് തണ്ട' എന്ന് പുനർനാമകരണം ചെയ്യുന്നത് പരിഗണിക്കുമെന്ന് മന്ത്രി ലോകേഷ് പറഞ്ഞു.അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ജില്ലയിൽ ഒരു സ്മാരകം നിർമ്മിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻ.ഡി.എ സർക്കാരും അതിനെ പ്രതിനിധീകരിക്കുന്ന മൂന്ന് പാർട്ടികളും ദുഃഖിതരായ കുടുംബത്തോടൊപ്പം നിൽക്കുകയും സാദ്ധ്യമായ എല്ലാ വിധത്തിലും പിന്തുണയ്ക്കുകയും ചെയ്യുമെന്ന് ഉപമുഖ്യമന്ത്രി പവൻ കല്യാൺ പറഞ്ഞു.
അമ്മയും അച്ഛനും അവനോടു ചോദിച്ചു
പ്രഭാതഭക്ഷണം കഴിച്ചോ?
വ്യാഴാഴ്ച രാത്രി 8നാണ് മുരളിനായിക് മാതാപിതാക്കളോട് അവസാനമായി സംസാരിച്ചത്. വീഡിയോ കാളിൽ സംസാരിക്കുമ്പോൾ അവൻ പട്ടാളവേഷത്തിലായിരുന്നുവെന്ന് പിതാവ് ശ്രീറാം പറഞ്ഞു. പ്രഭാതഭക്ഷണം കഴിച്ചോ എന്നാണ് ഞങ്ങൾ അവനോട് അപ്പോൾ ചോദിച്ചത്. പിന്നേയും അവന്റെ കാൾ പ്രതീക്ഷിച്ചു പക്ഷെ, വന്നത് അവൻ പോയി എന്ന വാർത്തയാണ്' കരച്ചിലോടെ അദ്ദേഹം പറഞ്ഞു. അവരുടെ ഏക മകനായിരുന്നു. കേന്ദ്രത്തിന്റെ അഗ്നിപഥ് പദ്ധതി പ്രകാരം നിയമിക്കപ്പെട്ട ആദ്യ ബാച്ചിന്റെ ഭാഗമായിരുന്ന നായിക്.