റിജാസിന്റെ വീട്ടിൽ റെയ്ഡ്
കൊച്ചി: ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റിട്ടതിന് നാഗ്പൂരിൽ അറസ്റ്റിലായ കൊച്ചി സ്വദേശി റിജാസ് എം. ഷീബാ സൈദീകിന്റെ വീട്ടിൽ മഹാരാഷ്ട്ര പൊലീസിന്റെ പരിശോധന. ഇടപ്പള്ളി കീർത്തിനഗർ ക്യൂൻസ് പാർക്ക് സ്കൈ വിംഗ്സ് എ ടുവിലാണ് കേരള പൊലീസിന്റെ സഹായത്തോടെ ഇന്നലെ രാത്രി തെരച്ചിൽ നടത്തിയത്. മണിക്കൂറുകൾ നീണ്ട പരിശോധനയിൽ ഇലക്ട്രോണിക് ഉപകരണങ്ങളുൾപ്പെടെ ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചു.
അറസ്റ്റിലായ റിജാസും സുഹൃത്ത് ഇഷാകുമാരിയും നാഗ്പൂരിൽ റിമാൻഡിലാണ്. ഇടപ്പള്ളിയിലെ വീട് പരിശോധിക്കാനുള്ള നാഗ്പൂർ കോടതിയുടെ സെർച്ച് വാറന്റുമായി ഇന്നലെ രാവിലെയാണ് എട്ടംഗ മഹാരാഷ്ട്ര പൊലീസ് എളമക്കര പൊലീസ് സ്റ്റേഷനിലെത്തിയത്. തുടർന്ന് രാവിലെ പൊലീസ് സംഘം ഇടപ്പള്ളി കീർത്തിനഗറിലെ താമസസ്ഥലത്ത് എത്തിയെങ്കിലും രക്ഷിതാക്കൾ ആലപ്പുഴയിൽ പോയതിനാൽ വീട് പൂട്ടിക്കിടക്കുകയായിരുന്നു. വൈകിട്ട് ഇവരെത്തിയ ശേഷമാണ് പരിശോധന തുടങ്ങിയത്.