പുൽവാമ ഭീകരാക്രമണം: സമ്മതിച്ച് പാക് സേന

Monday 12 May 2025 1:44 AM IST

ഇസ്ലാമാബാദ്: 2019ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ പാകിസ്ഥാൻ സൈന്യത്തിന്റെ പങ്ക് തുറന്ന് സമ്മതിച്ച് ഉന്നത പാക് വ്യോമസേന ഉദ്യോഗസ്ഥൻ. പുൽവാമ ഭീകരാക്രമണത്തെ 'തന്ത്രപരമായ മികവ്' എന്ന് പാക് വ്യോമസേന ഡയറക്ടർ ജനറൽ എയർ വൈസ് മാർഷൽ ഔറംഗസേബ് അഹമ്മദ് വെള്ളിയാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ വിശേഷിപ്പിച്ചു.

ഇന്ത്യ പലതവണ തെളിവുകൾ നിരത്തിയിട്ടും വർഷങ്ങളായി ഉത്തരവാദിത്വം ഏറ്റെടുക്കാതിരുന്ന പാകിസ്ഥാനാണിപ്പോൾ തുറന്നുപറച്ചിൽ നടത്തിയിരിക്കുന്നത്. തങ്ങൾ നിരപരാധിയാണെന്ന പാകിസ്ഥാന്റെ സ്ഥിരം അവകാശവാദവും ഇതോടെ ഇല്ലാതെയായി. കൂടാതെ പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യയിൽ നിന്ന് തെളിവുകൾ വേണമെന്ന അവരുടെ ആവശ്യങ്ങളെ ഇത് ദുർബലപ്പെടുത്തുകയും ചെയ്യും. അതേസമയം, ഓപ്പറേഷൻ സിന്ദൂറിന്റെ ശേഷവും തങ്ങളുടെ 'പ്രവർത്തന പുരോഗതിയും തന്ത്രപരമായ ബുദ്ധിയും' പ്രകടിപ്പിച്ചതായും ഔറംഗസേബ് അഹമ്മദ് പറഞ്ഞു. വാ‌ർത്ത സമ്മേളനത്തിൽ ഡി.ജി ഐ.എസ്.പി.ആർ ലെഫ്നന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരിക്കും നാവികസേന വക്താവും പങ്കെടുത്തിയിരുന്നു.

40 സി.ആർ.പി.എഫ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ ജെയ്‌ഷെ മുഹമ്മദ് ഭീകരർ നടത്തിയ പുൽവാമ ആക്രമണത്തിൽ പാകിസ്ഥാന് പങ്കില്ലെനന്നായിരുന്നു വർഷങ്ങളായുള്ള വാദം. ഭീകരരെ ജെയ്‌ഷെ മുഹമ്മദുമായി ബന്ധിപ്പിക്കുന്ന രേഖകൾ പല തവണ ഇന്ത്യ നൽകിയിട്ടും, പാകിസ്ഥാൻ നിരന്തരം കൂടുതൽ തെളിവുകൾ ആവശ്യപ്പെടുകയും ഇന്ത്യയുടെ ആരോപണങ്ങൾ നിരസിക്കുകയും ചെയ്തു. പുൽവാമ ആക്രമണത്തിന് ശേഷം, ബാലകോട്ടിലുള്ള ജെയ്‌ഷെ മുഹമ്മദ് ഭീകര പരിശീലന ക്യാമ്പിൽ വ്യോമാക്രമണം നടത്തി ഇന്ത്യ തിരിച്ചടിച്ചിരുന്നു.