ശ്രീലങ്കയിൽ ബസ് മറിഞ്ഞു: 15 മരണം
കൊളംബോ: ശ്രീലങ്കയിൽ ബുദ്ധ തീർത്ഥാടകരുമായി സഞ്ചരിച്ച ബസ് മലഞ്ചെരിവിലേക്ക് മറിഞ്ഞ് 15 പേർ മരിച്ചു. 30 പേർക്ക് പരിക്കേറ്റു. മദ്ധ്യ മലയോര മേഖലയായ കോട്‌മലെയിലൂടെ സഞ്ചരിക്കുകയായിരുന്ന സർക്കാർ ഉടമസ്ഥതയിലുള്ള ബസാണ് ഇന്ന് പുലർച്ചെ അപകടത്തിൽപ്പെട്ടത്. ബസ് നിയന്ത്രണം വിട്ട് റോഡിൽ നിന്ന് മാറി മലഞ്ചെരിവിലേക്ക് ഇടിച്ചുകയറി നിൽക്കുകയായിരുന്നു. ഇതിനു ശേഷം ബസ് മറിയുകയും ചെയ്തു. ശ്രീലങ്കയിൽ ഇതേ റൂട്ടിൽ പ്രതിവർഷം ശരാശരി 3,000 റോഡപകട മരണങ്ങൾ നടക്കുന്നുണ്ടെന്നാണ് കണക്ക്. ലോകത്തിലെ ഏറ്റവും അപകടകരമായ റോഡുകളിൽ ഒന്നാണിത്.
അതേസമയം, ബസിൽ ആളുകളെ കുത്തി നിറച്ചാണ് കൊണ്ടു പോയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഒറ്റ ബസിൽ 70 യാത്രക്കാരാണ് ഉണ്ടായിരുന്നത്. 50 പേർക്കാണ് സാധാരണ ഈ ബസിൽ പോകാൻ അനുവാദമുള്ളത്. അതിനേക്കാൾ 20 യാത്രക്കാരെ അധികം വഹിച്ചായിരുന്നു ബസിന്റെ സാഹസിക യാത്ര. കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.