പേടിസ്വപ്നമായ പ്രേതക്കോട്ട

Monday 12 May 2025 2:12 AM IST

ജോഹന്നസ്ബർഗ്: പ്രേതങ്ങളുടെ താഴ്വര, പ്രേതങ്ങളുടെ കൊട്ടാരം, പ്രതേങ്ങളുടെ നഗരം... അങ്ങനെ പല പ്രേതകഥകളാണ് എല്ലായിടിത്തും ഉള്ളത്. എന്നാൽ ദക്ഷിണാഫ്രിക്കയിലെ പ്രേതക്കോട്ടയെ കുറിച്ച് ആർക്കും അത്ര പരിചയമില്ലാത്തതാണ്. ദക്ഷിണാഫ്രിക്കയിലെ ഏറ്റവും പഴക്കമുള്ള നിർമ്മിതിയാണ് കേപ് ടൗണിൽ സ്ഥിതി ചെയ്യുന്ന പതിനേഴാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട 'കാസിൽ ഒഫ് ഗുഡ് ഹോപ് (ശുഭപ്രതീക്ഷാ കോട്ട) 'എന്ന കോട്ട. അതുപോലെതന്നെ ദക്ഷിണാഫ്രിക്കയിൽ പ്രേതബാധയുണ്ടെന്ന് പറയപ്പെടുന്ന കെട്ടിടങ്ങളിൽ ഏറ്റവും പ്രസിദ്ധവും ഇത് തന്നെ. 1666നും 1679നുമിടയിൽ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് ഈ കോട്ട പണികഴിപ്പിച്ചത്. കടലിനോട് ചേർന്ന് നിർമിച്ചിരിക്കുന്ന കോട്ടയിലെ കിടങ്ങ് നിറയ്ക്കുന്നത് ഉയരം കൂടിയ തിരമാലകളാണ്. തടവുകാരെ അതിക്രൂരമായി ഉപദ്രവിച്ചിരുന്ന ഇരുണ്ട തടവറയുണ്ടായിരുന്നു ഇവിടെ. ഉയർന്ന തിരമാലകൾ വീശി അടിക്കുമ്പോൾ അത് ഇരുട്ടറയിലെ തടവുകാരെ വെള്ളത്തിനടിയിലാക്കും. തെറ്റുചെയ്തെന്ന് ആരോപിക്കപ്പെടുന്നുവരുടെ വിചാരണ കേന്ദ്രവും ഇവിടെയായിരുന്നു. പ്രേതബാധയുണ്ടെന്ന് കരുതുന്ന ഇവിടെ ഇടയ്ക്കിടെ ചില രൂപങ്ങൾ പ്രത്യക്ഷപ്പെടാറുണ്ടത്രേ.

1729ൽ ഏഴ് പട്ടാളക്കാരെ ചെയ്യാത്ത കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിച്ചു. അവരെ തൂക്കിലേറ്റിയ അതേ ദിവസം തന്നെ വധശിക്ഷയ്ക്ക് ഉത്തരവിട്ട പീറ്റർ ജിപ്‌സ്‌ബർട്ട് എന്ന ഗവർണറെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ആരെയോ ശപിച്ച് കൊണ്ട് കോട്ടയുടെ പരിസരത്ത് അലഞ്ഞു നടക്കുന്ന ഗവർണറുടെ പ്രേതത്തെ പിന്നീട് ചിലർ കണ്ടുവെന്നും പറയപ്പെട്ടിരുന്നു.

1700കളിൽ ഈ കോട്ടയിൽ താമസിച്ചിരുന്ന ആൻ ബെർനാഡ് എന്ന സ്ത്രിയുടെ പ്രേതവും ഇവിടെ കറങ്ങി നടക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. പാർട്ടികളും മറ്റും നടക്കുമ്പോൾ ഒരു വലിയ കറുത്ത വേട്ടനായയുമായി വിരുന്നുകാരുടെ നേരെ ചാടിയെടുക്കുകയും ഉടൻ തന്നെ അപ്രത്യക്ഷയാകുകയും ചെയ്യുന്ന സ്ത്രീ ആൻ ബെർനാഡിന്റെ പ്രേതമാണെന്ന് വാദം. ഏതായാലും 1936ൽ ചരിത്രസ്മാരകമായി പ്രഖ്യാപിച്ച ഈ പ്രേതക്കോട്ട ദക്ഷിണാഫ്രിക്കയിലെ പൈതൃക സ്മാരകങ്ങളിൽ ഒന്നാണ്.