എഫ് 16 യുദ്ധവിമാനങ്ങൾ നിറഞ്ഞ പാക് വ്യോമതാവളങ്ങൾ ചുട്ടുചാമ്പലാക്കി ഇന്ത്യ, തെളിവായി ചിത്രങ്ങൾ

Monday 12 May 2025 8:02 AM IST

ലാഹോർ: ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ പ്രതിരോധ നടപടി പ്രഖ്യാപിച്ച് മൂന്ന് ദിവസം കൊണ്ട് പാകിസ്ഥാന് നഷ്‌ടമായത് 35 മുതൽ 40 വരെ സൈനികരുടെ ജീവനാണ്. വായുവിലൂടെയുള്ള ആക്രമണം ഫലപ്രദമായി തടുക്കുന്നതിന്റെ ഭാഗമായി ഇന്ത്യ, പാകിസ്ഥാന്റെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളിൽ ശക്തമായ വ്യോമാക്രമണമാണ് നടത്തിയത്. യുദ്ധവിമാനങ്ങളും ഡ്രോണുകളും ഇന്ത്യൻ മേഖലയിൽ കടക്കാതിരിക്കാൻ ഇന്ത്യ വ്യോമതാവളങ്ങൾ തകർത്തു.

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ പ്രധാന വ്യോമതാവളമായ സ‌‌ർഗോദ എയർബേസിനെ ഇന്ത്യ തകർത്തു. വിമാനാപകടത്തിൽ മരിച്ച മുൻ വ്യോമസേനാ മേധാവി എയർമാർഷൽ മുഷാഫ് അലി മിറിന്റെ സ്‌മരണയ്‌ക്ക് മുഷാഫ് എയർബേസ് എന്നും അറിയപ്പെടുന്ന ഈ വ്യോമതാവളത്തെ തകർത്തതിന്റെ ചിത്രങ്ങൾ കഴിഞ്ഞദിവസം വ്യോമസേന പുറത്തുവിട്ടിരുന്നു.

എഫ്-16, മിറാഷ്-5എ, ജെഎഫ്-16 തുടങ്ങി പാകിസ്ഥാന് അഭിമാനകരമായ യുദ്ധവിമാനങ്ങൾ ഇവിടെയുണ്ടായിരുന്നു. ഇവയെയെല്ലാം ആക്രമണത്തിൽ ഇല്ലാതാക്കി. പാകിസ്ഥാന്റെ കിഴക്ക്, പടിഞ്ഞാറ് മേഖലകളിലെ സൈനിക നീക്കത്തിന് സഹായകമായ റഫീഖി എയർബേസും ഇന്ത്യ ചാരമാക്കി. പഞ്ചാബ് പ്രവിശ്യയിലെ ഷോർകോട്ടിൽ സ്ഥിതിചെയ്യുന്ന ഈ വ്യോമതാവളത്തിനും സംഭവിച്ചത് കാര്യമായ കേടുപാടാണ്. ഇവയ്‌ക്ക് പുറമേ മറ്റ് ആറോളം വ്യോമസേനാ വിമാനത്താവളങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ഇതിനൊപ്പം ഇന്ത്യൻ അതി‌‌ർത്തി കടക്കാനുള്ള പാക് യുദ്ധവിമാനങ്ങളുടെ ശ്രമവും ഇല്ലാതാക്കി.