മാതാപിതാക്കളടക്കം നാലുപേരെ കൊലപ്പെടുത്തിയ കേസ്, നന്തൻകോട് കൂട്ടക്കൊലയിൽ ഇന്ന് വിധി പറയും
തിരുവനന്തപുരം: കേരളമനസാക്ഷിയെ ഞെട്ടിച്ച നന്തൻകോട് കൂട്ടക്കൊലക്കേസിൽ ഇന്ന് വിധി പറയും. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുക. മാതാപിതാക്കൾ ഉൾപ്പെടെ നാലുപേരെ കൊന്ന കേസിൽ കേഡൽ ജിൻസൺ രാജയാണ് ഏകപ്രതി.
ഏപ്രിൽ 28നാണ് കേസിന്റെ അന്തിമവാദം പൂർത്തിയായത്. തുടർന്ന് മേയ് ആറിന് വിധി പ്രസ്താവിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും മേയ് എട്ടിലേക്ക് മാറ്റുകയായിരുന്നു. ഇത് പിന്നീട് ഇന്നത്തേക്കും മാറ്റി. ഡോ. രാജ തങ്കം, ഭാര്യ ഡോ. ജീൻ പത്മ, മകൾ ഡോ. കരോലിൻ, ജീൻ പത്മയുടെ ബന്ധു ലളിത എന്നിവരെയാണ് കേഡൽ ജിൻസൺ രാജ രണ്ട് ദിവസം കൊണ്ട് കൊലപ്പെടുത്തിയത്.
എംബിബിഎസ് ബിരുദധാരിയായ കേഡൽ ആസ്ട്രൽ പ്രൊജക്ഷനിൽ ആകൃഷ്ടനായാണ് കൃത്യം നടത്തിയത്. 2017ഏപ്രിൽ ഒമ്പതിനായിരുന്നു സംഭവം. വിദേശത്ത് മെഡിസിൻ പഠനത്തിനിടെയാണ് കേഡൽ ആസ്ട്രൽ പ്രൊജക്ഷനിൽ ആകൃഷ്ടനായത്. കൊലയ്ക്ക് മുൻപ് പ്രതി മാതാപിതാക്കൾക്കും സഹോദരിക്കും ബന്ധുവിനും കീടനാശിനി കലർത്തിയ ഭക്ഷണം നൽകിയിരുന്നു.
തുടർന്ന് ഛർദ്ദിച്ച് തളർന്ന ഇവരെ വെട്ടിക്കൊന്ന ശേഷം വീട്ടിലിട്ട് കത്തിക്കുകയായിരുന്നു. കൊലയ്ക്കുള്ള മഴു ഓൺലൈനായാണ് വാങ്ങിയത്. സംഭവ ശേഷം ചെന്നൈയിലേക്ക് പോയ കേഡൽ പത്രങ്ങളിൽ തന്റെ ചിത്രം വന്നതിനു പിന്നാലെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്ക് മടങ്ങിവന്നപ്പോഴാണ് പിടിയിലായത്. മനോരോഗിയായ തന്നെ വെറുതേവിടണമെന്ന പ്രതിയുടെ ഹർജി കോടതി തള്ളിയിരുന്നു. പ്രതിക്ക് മാനസികാരോഗ്യമുണ്ടെന്ന മെഡിക്കൽ ബോർഡിന്റെ സാക്ഷ്യപ്പെടുത്തലിനെ തുടർന്നാണ് കേസ് വിചാരണയ്‌ക്കെടുത്തത്.