'സൈന്യത്തിൽ ചേരും, പാകിസ്ഥാനോട്​ എണ്ണിയെണ്ണി പകരം ചോദിക്കും'; വീരമൃത്യു വരിച്ച സൈനികന്റെ മകൾ വർത്തികയുടെ ദൃഢപ്രതിജ്ഞ

Monday 12 May 2025 9:56 AM IST

ജയ്‌പൂർ: ഉധംപൂരിൽ പാകിസ്ഥാന്റെ ഡ്രോൺ ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികൻ സുരേന്ദ്രകുമാർ മൊഗെയ്ക്ക് യാത്രാമൊഴിച്ചൊല്ലി ജന്മനാട്. ആയിരങ്ങളാണ് സൈനികനെ അവസാനമായി ഒരു നോക്ക് കാണാനായി എത്തിയത്. ഇതിനിടയിൽ സുരേന്ദ്രകുമാറിന്റെ പതിനൊന്നുകാരിയായ മകൾ വർത്തികയുടെ വാക്കുകൾ എല്ലാവരിലും വേദനയായി മാറി. ശത്രുക്കളെ നേരിടുന്നതിനിടയിലാണ് അച്ഛൻ രാജ്യത്തിനായി വീരമൃത്യു വരിച്ചതെന്നും വലുതാകുമ്പോൾ താനും സൈന്യത്തിൽ ചേരുമെന്നും വർത്തിക പറഞ്ഞു. അച്ഛന്റെ മരണത്തിന് താൻ എണ്ണിയെണ്ണി പകരം ചോദിക്കുമെന്നും മകൾ കൂട്ടിച്ചേർത്തു. വീരമൃത്യു വരിക്കുന്നതിന് നിമിഷങ്ങൾക്ക് മുൻപ് സുരേന്ദ്രകുമാർ വർത്തികയുമായി ഫോണിൽ സംസാരിച്ചിരുന്നതായാണ് വിവരം.

വ്യോമസേനയിൽ മെഡിക്കൽ അസിസ്റ്റന്റായിരുന്നു സുരേന്ദ്രകുമാർ. പാകിസ്ഥാൻ ഡ്രോൺ ആക്രമണം നടത്തുമ്പോൾ ജമ്മു കാശ്മീരിലെ ഉധംപൂരിൽ വ്യോമതാവളത്തിലെ മെഡിക്കൽ ഡിസ്പെൻസറിയിലായിരുന്നു അദ്ദേഹത്തിന് ഡ്യൂട്ടി. ശനിയാഴ്ചയുണ്ടായ പാകിസ്ഥാൻ നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് സുരേന്ദ്രകുമാറിന് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെയാണ് അദ്ദേഹം വീരമൃത്യു വരിച്ചത്.

രാജസ്ഥാനിലെ ജുൻജുനു സ്വദേശിയാണ് സുരേന്ദ്രകുമാർ. രാജസ്ഥാൻ ഉപമുഖ്യമന്ത്രി പ്രേംചന്ദ് ബർവ, പ്രതിപക്ഷ നേതാവ് ടിക്കാറാം ജൂലി തുടങ്ങിയവർ അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിച്ചു. സുരേന്ദ്രകുമാറിന്റെ ഭാര്യ സീമയുടെ കണ്ണുനീർ കണ്ടുനിന്നവരുടെ നെഞ്ചിൽ നീറാനോവായി. അദ്ദേഹത്തിന്റെ ഇളയമകൻ ദക്ഷാണ് (ഏഴ്) അന്ത്യകർമങ്ങൾ ചെയ്തത്. ബംഗളൂരുവിൽ നിന്ന് സുരേന്ദ്രകുമാറിനെ ഉധംപൂരിലേക്ക് വിളിപ്പിച്ചിട്ട് അഞ്ച് ദിവസമേ ആയിരുന്നുളളൂ. കഴിഞ്ഞ 14 വർഷമായി അദ്ദേഹം വ്യോമസേനയിൽ സേവനം ചെയ്തുവരികയായിരുന്നു.