'വിലകൊടുക്കുന്നത് നിരപരാധികൾ'; ഓപ്പറേഷൻ സിന്ദൂറിനെതിരെ സ്റ്റാറ്റസിട്ട ബ്യൂട്ടീഷ്യനായ യുവതിക്കെതിരെ കേസ്
മുംബയ്: ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച് വാട്‌സാപ്പിൽ സ്റ്റാറ്റസിട്ട യുവതിക്കെതിരെ പൊലീസ് കേസെടുത്തു. മുംബയ് മലാഡ് മാൽവണി സ്വദേശിനിയായ 40കാരിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബ്യൂട്ടീഷ്യനാണ് യുവതി.
'സർക്കാരുകൾ വീണ്ടുവിചാരമില്ലാതെ തീരുമാനങ്ങളെടുക്കുമ്പോൾ അധികാരത്തിലിരിക്കുന്നവരല്ല, മറിച്ച് ഇരുവശങ്ങളിലുമുള്ള നിരപരാധികളാണ് വില നൽകേണ്ടി വരുന്നത്'- എന്നാണ് യുവതി സ്റ്റാറ്റസിട്ടത്. ഓപ്പറേഷൻ സിന്ദൂറിനെ തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അശ്ളീല പദവും ഉപയോഗിച്ചിരുന്നു. ഇതിനുപിന്നാലെയാണ് യുവതിക്കെതിരെ പൊലീസ് കേസെടുത്തത്.
ഓപ്പറേഷൻ സിന്ദൂറിനെതിരെ സമൂഹ മാദ്ധ്യമത്തിൽ പോസ്റ്റിട്ടതിന് മലയാളി യുവാവിനെ കഴിഞ്ഞദിവസം മഹാരാഷ്‌ട്ര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആക്‌ടിവിസ്റ്റും സ്വതന്ത്ര മാദ്ധ്യമപ്രവർത്തകനുമായ കൊച്ചി ഇടപ്പള്ളി സ്വദേശി റിജാസ് എം ഷീബാ സൈദീകിനെയാണ് (26) അറസ്റ്റ് ചെയ്തത്. നാഗ്‌പൂരിലെ ഒരു ഹോട്ടലിൽ നിന്നാണ് റിജാസ് അറസ്റ്റിലായത്. സർക്കാരിനെതിരെ യുദ്ധം ചെയ്യൽ, കലാപ ആഹ്വാനം എന്നിവയടക്കമുള്ള കുറ്റങ്ങളാണ് റിജാസിനെതിരെ ചുമത്തിയിരിക്കുന്നത്.
റിജാസിന്റെ വീട്ടിൽ പൊലീസും ഭീകര വിരുദ്ധ സേനയും സംയുക്ത പരിശോധന നടത്തി. ഇന്നലെ രാത്രിയാണ് നാഗ്പൂർ പൊലീസും സംസ്ഥാന ഭീകരവിരുദ്ധ സേനയും സംസ്ഥാന പൊലീസും ചേർന്ന് റിജാസിന്റെ കൊച്ചിയിലെ വീട്ടിലെത്തി പരിശോധന നടത്തിയത്.
റിജാസിന്റെ പെൺസുഹൃത്ത് നാഗ്‌പൂർ നിവാസിയായ ഇഷ കുമാരിയെയും (22) പൊലീസ് അറസ്റ്റ് ചെയ്തു. സിപിഐ മാവോയിസ്റ്റ് സംഘടനയുമായി റിജാസ് ബന്ധം പുലർത്തിയെന്നും എഫ്‌ഐആറിൽ പറയുന്നുണ്ട്. കേരളത്തിലും റിജാസിനെതിരെ കേസുണ്ട്.