അതിർത്തി കാക്കുന്ന സൈനികരെപ്പോലെ 24 മണിക്കൂറും ഇന്ത്യൻ സുരക്ഷയുറപ്പാക്കുന്ന ഈ വിഭാഗത്തെ അറിയുമോ?

Monday 12 May 2025 1:14 PM IST

രാജ്യസുരക്ഷ എന്നത് പരമപ്രധാനമാണ്. അതിന് പോറലേൽപ്പിക്കാൻ ശത്രുരാജ്യങ്ങൾ ശ്രമിക്കുമ്പോഴാണ് ഓപ്പറേഷൻ സിന്ദൂ‌ർ പോലെ ശക്തമായ സൈനിക നടപടിയിലേക്ക് നീങ്ങേണ്ടി വരാറുള്ളത്. ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും ഉറപ്പുവരുത്താൻ കാവൽ നിൽക്കുന്നവരാണ് കര നാവിക വ്യോമ സേനകൾ. അതിർത്തിയിലെ നുഴഞ്ഞുകയറ്റവും ഡ്രോൺ ഉപയോഗിച്ചും മറ്റുമുളള ആക്രമണങ്ങൾ അവർ തടയുകയും ഇന്റലിജൻസ് സംവിധാനം ഉപയോഗിച്ച് ശത്രുക്കളുടെ നീക്കം അറിയുകയും ചെയ്യും.

24മണിക്കൂറും സുരക്ഷ

ഈ സംവിധാനങ്ങൾ പോലെതന്നെ നമ്മുടെ സുരക്ഷയ്‌ക്കായി 24 മണിക്കൂറും ആഴ്‌ചയിൽ ഏഴ് ദിവസവും വിശ്രമമില്ലാതെ നിരീക്ഷണം നടത്തുന്ന ഒരു സംവിധാനം ഇന്ത്യയ്‌ക്കുണ്ട്. അവയാണ് കൃത്രിമ ഉപഗ്രഹങ്ങൾ. ഐഎസ്ആർ‌ഒ ചെയർമാൻ വി നാരായണൻ ഇന്ന് അറിയിച്ചതനുസരിച്ച് ഇന്ത്യൻ കര-നാവിക അതിർത്തികളിൽ ഇവ എപ്പോഴും നിരീക്ഷണം നടത്തുന്നു.

നിലവിൽ 10 സാറ്റലൈറ്റുകൾ

നിലവിൽ 10 സാറ്റലൈറ്റുകളാണ് നിരീക്ഷണം നടത്തുന്നത്. 7000 കിലോമീറ്റർ വരുന്ന സമുദ്രാതിർത്തികളും വടക്കൻ അതിർത്തികളുമാണ് ഇവ നിരീക്ഷിക്കുന്നത്. 'രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കണമെങ്കിൽ അത് ഈ കൃത്രിമ ഉപഗ്രഹങ്ങൾ വഴി വേണം. നമ്മുടെ സമുദ്രാതിർത്തികൾ നിരീക്ഷിക്കണം. നമ്മുടെ വടക്കൻ അതിർത്തികളും സ്ഥിരമായി നിരീക്ഷിച്ചിരിക്കണം.' മണിപ്പൂരിലെ ഇംഫാലിൽ കേന്ദ്ര കാർഷിക സർവകലാശാലയിലെ ചടങ്ങിൽ ഐഎസ്‌ആർഒ ചെയ‌ർമാൻ പറഞ്ഞു.

രാജ്യസുരക്ഷ ഭൂമിയുടെ പുറത്തുനിന്നും

രാജ്യസുരക്ഷയ്‌ക്ക് കൃത്രിമോപഗ്രഹങ്ങൾക്ക് ചെയ്യാനാകുക വളരെ അധികം കാര്യങ്ങളാണ്. 52ഓളം പുതിയ സൈനിക ഉപഗ്രഹങ്ങളെ ഇന്ത്യ ഉടൻ വിക്ഷേപിക്കുമെന്ന് ദിവസങ്ങൾക്ക് മുൻപാണ് സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ അറിയിച്ചത്. ഈ ഉപഗ്രഹങ്ങൾ സൈന്യത്തിന്റെ രഹസ്യാന്വേഷണം, നിരീക്ഷണം, വിവര സംയോജനം എന്നിവയ്‌ക്കാകും ഉപയോഗിക്കുക. ജിസാറ്റ്-7 (രുഗ്മിണി), ജിസാറ്റ്-7എ (ആംഗ്രി ബേർഡ്‌), റിസാറ്റ് പരമ്പരയിൽ പെട്ട ഉപഗ്രഹങ്ങൾ (റഡാർ ഇമേജിംഗ് സാറ്റലൈറ്റ്) എന്നിവ കരസേനയുടെ സഹായത്തിനും ശക്തി വർദ്ധിപ്പിക്കാൻ വേണ്ടിയും ഇന്ത്യ വിക്ഷേപിച്ചിട്ടുണ്ട്.

നിലവിൽ സ്വകാര്യ മേഖലയുമായി ചേർന്നുകൂടിയാകും ഐഎസ്‌ആർഒ മിലിട്ടറി കൃത്രിമോപഗ്രഹങ്ങളെ വിക്ഷേപിക്കുക. സിന്തറ്റിക് അപർച്വെർ റഡാർ, ആധുനികമായ സെൻസറുകൾ, ഇമേജിംഗ് സംവിധാനങ്ങൾ എന്നിവയോട് കൂടിയതാകും ഈ ഉപഗ്രഹങ്ങൾ. ലോ എർത്ത് ഓർബിറ്റടക്കം ഭൂമിയുടെ വിവിധ ഭ്രമണപഥത്തിൽ നിന്നും ഇവ കൃത്യമായ വിവരം രാജ്യത്തേക്ക് എത്തിക്കും.

സൈനിക ഉപഗ്രഹങ്ങളുടെ ഗുണങ്ങൾ

ഇവയുടെ ഗുണങ്ങൾ പലതാണ്. ചൈനയും പാകിസ്ഥാനുമായി അതിരിടുന്ന അതീവ ദുഷ്‌കരമായ പർവ്വതനിരകളിലെ രഹസ്യനീക്കങ്ങൾ പോലും ഈ ഉപഗ്രഹങ്ങൾ അറിയും. ഇന്ത്യൻ മഹാസമുദ്രത്തിലെ നമ്മുടെ അതിർത്തിയുമായി ചേർന്നുള്ള ഓരോ അനക്കവും കൃത്യമായി നിരീക്ഷിക്കും. മികച്ച സെൻസറോടുകൂടിയ ആളില്ലാ സൈനിക വാഹനങ്ങളും മിസൈലുകളും ശത്രുരാജ്യങ്ങൾ അയക്കുന്ന പതിവുണ്ട്. അവ തടയാൻ കൃത്യമായ ഇടപെടലിന് കൃത്രിമ ഉപഗ്രഹങ്ങൾ സൈന്യത്തെ സഹായിക്കും.

കാർമേഘങ്ങൾ നിറഞ്ഞ മാനമായാലും ഇരുട്ടിലും ജലത്തിനടിയിലും നടക്കുന്ന കാര്യങ്ങളായാലും മികച്ച ക്വാളിറ്റിയുള്ള ക്യാമറയിൽ പകർത്തി വേണ്ടവിധത്തിൽ അയച്ചുതരാൻ കഴിവുള്ളതാണ് ഈ ഉപഗ്രഹങ്ങൾ. സൈന്യത്തിന് അതിർത്തിക്കുപുറമേ പ്രദേശത്തിന്റെയാകെ സുരക്ഷയ്‌ക്ക് ആവശ്യമായ നിരീക്ഷണം നടത്താനും ഇതുവഴി കഴിയും.

നാലാമൻ ഇന്ത്യ

ചൈനയ്‌ക്ക് ബഹിരാകാശത്ത് മറ്റ് രാജ്യങ്ങളെ നിരീക്ഷിക്കാൻ ചാര ഉപഗ്രഹങ്ങളുണ്ട്. മറ്റ് രാജ്യങ്ങൾക്ക് ഇത്തരം ചാര ഉപഗ്രഹങ്ങളെ തകർക്കാനുള്ള സംവിധാനവും ഉണ്ട്. ഇക്കൂട്ടത്തിൽ ഇന്ത്യയ്‌ക്കും സ്ഥാനം നേടാനായിട്ടുണ്ട്. ഭ്രമണപഥത്തിലെ ലോവർ എർത്ത് ഓർബിറ്റിലെ ശത്രുക്കളുടെ ഭീഷണി തക‌ർക്കാനുള്ള ശേഷി ഇന്ത്യ 2019ൽ നേടിയിട്ടുണ്ട്. ലോകത്ത് ഇതിന് സാധിക്കുന്ന നാലാമത് മാത്രം രാജ്യമാണ് ഇന്ത്യ. അമേരിക്ക, റഷ്യ, ചൈന എന്നിവയാണ് മറ്റ് രാജ്യങ്ങൾ.

രാജ്യസുരക്ഷ ഉറപ്പാക്കുന്നതിന് കൃത്രിമ ഉപഗ്രഹങ്ങളും ഡ്രോൺ സാങ്കേതിക വിദ്യയും വളരെയധികം ആവശ്യമുള്ള ഒരു സമയമാണ് ഇതെന്ന് ഐഎസ്‌ആർ‌ഒ ഓർമ്മിപ്പിക്കുന്നുണ്ട്. രാജ്യസുരക്ഷയ്‌ക്ക് സഹായമാകുന്ന സാങ്കേതികവിദ്യ വികസനത്തിന് യുവാക്കൾ മുന്നോട്ടുവരണമെന്നും ഐഎസ്‌ആർഒ ചെയർമാൻ വി നാരായണൻ ആവശ്യപ്പെടുന്നത് ഇന്ന് രാജ്യത്ത് നിലനിൽക്കുന്ന സാഹചര്യം നിരീക്ഷിച്ചാൽ ഏവർക്കും മനസിലാകുന്നതാണ്.