യുഎസ്-ചൈന താരിഫ് യുദ്ധത്തിൽ 'വെടിനിർത്തൽ'; വരുന്നത് സുപ്രധാന മാറ്റങ്ങൾ
വാഷിംഗ്‌ടൺ: അമേരിക്കയും ചൈനയും തമ്മിലുള്ള തീരുവ യുദ്ധം ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിച്ചു. ചൈനയ്ക്ക് 'പണി' കൊടുക്കാൻ നോക്കിയ അമേരിക്കയ്ക്ക് തന്നെയാണ് അത് തിരിച്ചടിയായത്. എന്നാൽ യുഎസ് ചൈന വ്യാപാര യുദ്ധം ഇപ്പോൾ താൽക്കാലികമായി അവസാനിച്ചിരിക്കുകയാണ്. ചൈനീസ് ഉൽപ്പന്നങ്ങളുടെ തീരുവ യുഎസ് 145 ശതമാനത്തിൽ നിന്ന് 30 ശതമാനമായി കുറയ്ക്കും. അതേസമയം ചൈന, അമേരിക്കൻ ഇറക്കുമതികൾക്കുള്ള തീരുവ 125 ശതമാനത്തിൽ നിന്ന് 10 ശതമാനത്തിലായി കുറയ്ക്കുമെന്നും പ്രഖ്യാപിച്ചു. 90 ദിവസത്തേക്കാണ് താരിഫ് പിൻവലിക്കാൻ ഇരു രാജ്യങ്ങളും തിങ്കളാഴ്ച സമ്മതിച്ചത്. സ്വിറ്റ്സർലന്റിലെ ജനീവയിൽ നടന്ന വ്യാപാര ചർച്ചക്കു പിന്നാലെയാണ് പ്രഖ്യാപനം ഉണ്ടായത്.
ചൈനീസ് വൈസ് പ്രീമിയർ ഹെ ലൈഫെംഗും യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റും യുഎസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീറും ചേർന്ന് സാമ്പത്തിക, വ്യാപാര ബന്ധങ്ങളെക്കുറിച്ചുള്ള ചർച്ചകൾ തുടരാനുള്ള സംവിധാനം സ്ഥാപിക്കാനും ഇരുപക്ഷവും സമ്മതിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള മാസങ്ങൾ നീണ്ടു നിന്ന പ്രശ്നങ്ങളാണ് ഇതോടെ അവസാനിച്ചത്. വ്യാപാര യുദ്ധം അവസാനിച്ചെന്ന വാർത്ത പുറത്തുവന്നതോടെ ഹോങ്കോങ്ങിന്റെ ബെഞ്ച്മാർക്ക് സൂചിക മൂന്ന് ശതമാനം ഉയർന്നു, അതേസമയം ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജിന്റെ ഫ്യൂച്ചറുകൾ രണ്ട് ശതമാനത്തിൽ കൂടുതൽ ഉയരുകയും ചെയ്തു.