'കൃഷ്ണാഷ്ടമി' സിനിമയുടെ വൈലോപ്പിള്ളി സ്മരണിക പോസ്റ്റർ പ്രകാശനം ചെയ്തു

Monday 12 May 2025 3:48 PM IST

കോഴിക്കോട്: ഏഴാമത് സ്വതന്ത്ര ചലച്ചിത്രമേളയുടെ (IEFFK) ഭാഗമായി ഡോ.അഭിലാഷ് ബാബു സംവിധാനം ചെയ്യുന്ന കൃഷ്ണാഷ്ടമി: the book of dry leaves എന്ന സിനിമയുടെ വൈലോപ്പിള്ളി സ്മരണികയുടെ പോസ്റ്റർ മെയ് 11 ന് റിലീസ് ചെയ്തു. 1911 മെയ് 11ന് ജനിച്ച മലയാളത്തിന്റെ മഹാകവിയുടെ 114-ാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം.

1958ൽ പുറത്തിറങ്ങിയ 'കടൽക്കാക്കകൾ' എന്ന കവിത സമാഹാരത്തിൽ ഉൾപ്പെട്ട 'കൃഷ്ണാഷ്ടമി' എന്ന കവിതയുടെ സ്വതന്ത്ര സിനിമാറ്റിക് ആവിഷ്കാരമാണ് അഭിലാഷ് ബാബു സിനിമാപ്രേമികൾക്ക് ഒരുക്കുന്നത്. അമ്പലക്കര ഗ്ലോബൽ ഫിലിംസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന സിനിമയിൽ ജിയോ ബേബി മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വൈലോപ്പിള്ളിയുടെയും അഭിലാഷ് ബാബുവിന്റെയും വരികൾക്ക് ഔസേപ്പച്ചനാണ് സംഗീതം നൽകുന്നത്. പശ്ചാത്തല സംഗീതവും ഔസേപ്പച്ചൻ തന്നെയാണ് നിർവഹിക്കുന്നത്. ഔസേപ്പച്ചന് പുറമേ പി എസ് വിദ്യാധരൻ, ജയരാജ് വാര്യർ, ഇന്ദുലേഖ വാര്യർ, സ്വർണ്ണ, അമൽ ആൻറണി, ചാർളി ബഹറിൻ എന്നിവരും ഗാനം ആലപിച്ചിരിക്കുന്നു. അഭിലാഷ് ബാബുവിന്റെ സ്വതന്ത്ര പരീക്ഷണചിത്രം "മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളിൽ..." (Dust Art Redrawn in Respiration) മേളയുടെ ഭാഗമായി മെയ് 11ന് പ്രദർശിപ്പിച്ചിരുന്നു. സ്വതന്ത്ര സിനിമകളുടെ കേരളത്തിലെ ഏറ്റവും വലിയ ഉത്സവമാണ് IEFFK. മെയ് 9 മുതൽ 13 വരെയാണ് ഈസ്റ്റ് ഹിൽ കൃഷ്ണ മേനോൻ മ്യൂസിയത്തിൽ മേള നടക്കുക.